37-ാമത് റവന്യു ജില്ലാ കലോത്സവം മന്ത്രി എ.പി അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു.
തിരൂർ: കലയുടെ വർണവസന്തം തീർത്ത് 37-ാമത് മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് ആലത്തിയൂർ കെഎച്ച്എംഎച്ച്എസ്എസിൽ വർണാഭമായ തുടക്കം. മന്ത്രി എ.പി. അനിൽകുമാർ കലാമേള ഉദ്ഘാടനം ചെയ്തു.
ജാതി-മത ഭേദമന്യേ യുവതലമുറയെ ചേർത്തുനിർത്താനും സാംസ്കാരിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും കലോത്സവങ്ങൾ വലിയ പങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഘാടകസമിതി ചെയർമാൻ വി.എസ്. ജോയ് എംഎൽഎ അധ്യക്ഷത വഹിച്ചു. എംപിമാരായ എം.പി. അബ്ദുസമദ് സമദാനി, ഇ.ടി. മുഹമ്മദ് ബഷീർ, പി.വി. അബ്ദുൽ വഹാബ്, പി.പി. സുനീർ എന്നിവരും ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ സീസൺ 10 സെക്കൻഡ് റണ്ണറപ്പ് തീർഥ സത്യനും മുഖ്യാതിഥികളായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി, മറ്റ് ജനപ്രതിനിധികൾ, കലാ-സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ പ്രസംഗിച്ചു.
ആദ്യ ദിനം തിരൂർ മുന്നിൽ
തിരൂർ: ആലത്തിയൂരിൽ നടക്കുന്ന 37-ാമത് മലപ്പുറം റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഒന്നാം ദിനത്തിലെ മത്സരങ്ങൾ പൂർത്തിയായപ്പോൾ 165 പോയിന്റുകളുമായി തിരൂർ ഉപജില്ല ഒന്നാം സ്ഥാനത്ത്. 157 പോയിന്റുമായി പൊന്നാനി ഉപജില്ല രണ്ടാം സ്ഥാനത്തും 156 പോയിന്റുമായി വേങ്ങര ഉപജില്ല മൂന്നാം സ്ഥാനത്തുമുണ്ട്.
സ്കൂൾ തലത്തിൽ 47 പോയിന്റുമായ ജിഎച്ച്എസ്എസ് പട്ടിക്കാട് 45 പോയിന്റുമായി പൊന്നാനി എവിഎച്ച്എസ്എസ്, 42 പോയിന്റുമായി ചേലേമ്പ്ര എൻഎൻഎംഎച്ച്എസ്എസ് എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനത്തുമാണ്. കലോത്സവത്തിൽ ഇന്ന് മത്സരങ്ങളില്ല.
ഗതാഗത, പാർക്കിംഗ് സൗകര്യങ്ങളായി
തിരൂർ: മലപ്പുറം റവന്യു ജില്ലാ കലോത്സവത്തിനായി വിവിധ ഭാഗങ്ങളിൽനിന്ന് വാഹനങ്ങളിൽ എത്തുന്നവർക്കായി ഗതാഗത-പാർക്കിംഗ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ലോ ആൻഡ് ഓർഡർ കമ്മിറ്റി അറിയിച്ചു. കലോത്സവ നഗരിയിലേക്കുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി തിരൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ആലത്തിയൂർ ജംഗ്ഷനിലെത്തി നിർദേശപ്രകാരം കുട്ടികളെ ഇറക്കിയ ശേഷം ചമ്രവട്ടം റോഡിലുള്ള ഇമ്പിച്ചിബാവ ആശുപത്രി പരിസരത്ത് പാർക്ക് ചെയ്യണം.
ചമ്രവട്ടം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ആലത്തിയൂർ ജംഗ്ഷനിൽ കുട്ടികളെ ഇറക്കിയ ശേഷം നേര് തിരൂർ റോഡിലേക്ക് പോയി കുട്ടിച്ചാത്തൻ പടിയിൽ "സൻഹ ഹോമിന്' എതിർവശത്തുള്ള ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. പുറത്തൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ആലത്തിയൂർ സ്കൂളിന് മുൻവശം കുട്ടികളെ ഇറക്കി കുറ്റിപ്പുറം റോഡിലേക്ക് പോയി പരപ്പേരി സ്കൂൾ ഗ്രൗണ്ടിലാണ് പാർക്ക് ചെയ്യേണ്ടത്.
കുറ്റിപ്പുറം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ആലത്തിയൂർ ജംഗ്ഷനിൽ കുട്ടികളെ ഇറക്കിയ ശേഷം പുറത്തൂർ റോഡിലൂടെ വന്ന് അന്നശേരി ജുമാമസ്ജിദിന് എതിർവശത്തുള്ള പൂക്കൈത റോഡിലെ ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം.കലോത്സവം സുഗമമായി നടത്തുന്നതിനായി എല്ലാവരും വോളന്റിയർമാരുടെ നിർദേശങ്ങളുമായി സഹകരിക്കണമെന്നും സംഘാടകർ അഭ്യർഥിച്ചു.
ആദ്യദിനം ഭക്ഷണം കഴിച്ചത് ആറായിരം പേർ
തിരൂർ: 37-ാമത് മലപ്പുറം റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ആദ്യ ദിനത്തിൽ ആറായിരത്തോളം ആളുകൾക്ക് ഭക്ഷണം വിളമ്പി ഭക്ഷണ കമ്മിറ്റി. 10 കൗണ്ടറുകളിലായി ആയിരം പേർക്ക് ഒരേസമയം ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യമൊരുക്കിയിരുന്നു.
വരും ദിവസങ്ങളിൽ രാവിലെ പ്രഭാതഭക്ഷണവും ഉച്ചയ്ക്കും രാത്രിയിലും ചോറും വിഭവങ്ങളും വൈകീട്ട് ചായയും ലഘു പലഹാരവും നൽകും. പായസമടക്കം രുചിയേറിയ വിഭവങ്ങളാണ് വിളമ്പുന്നത്.
കലോത്സവത്തിൽ ഉന്നത വിജയം നേടിയ മത്സരാർഥികളുടെ കലാപ്രകടനങ്ങളും ഭക്ഷണപ്പന്തലിന് സമീപം അരങ്ങേറി. പാലക്കാട് കോങ്ങാട് ആദിത്യ കാറ്ററിംഗ് സർവീസ് ഉടമ വിനോദ് സ്വാമിയുടെ നേതൃത്വത്തിലുള്ള 20 അംഗ സംഘമാണ് ഊട്ടുപുരയിൽ ഭക്ഷണം പാചകം ചെയ്യുന്നത്.
കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയനായിരുന്നു ഭക്ഷണ കമ്മിറ്റിയുടെ ചുമതല. കെഎസ്ടിയു അധ്യാപകർക്ക് പുറമേ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വോളന്റിയർമാരും ഭക്ഷണ വിതരണത്തിന് രംഗത്തുണ്ട്.
Tags : School Arts Festival nattu vishesham local news Colorful Start Revenue District