നിലമ്പൂർ ബൈപാസ് ഒന്നാംഘട്ട നിർമാണോദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കുന്നു.
നിലമ്പൂർ: നിലമ്പൂരിൽനിന്ന് വയനാട്ടിലേക്ക് എളുപ്പത്തിൽ എത്താൻ സഹായിക്കുന്ന പോത്തുകല്ല്-മേപ്പാടി ഹൈവേ യാഥാർഥ്യമാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. നിലമ്പൂർ ബൈപാസ് ഒന്നാംഘട്ട നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ബൈപാസിന്റെ രണ്ടാംഘട്ട നിർമാണത്തിന് ആവശ്യമായ തുക തടസമില്ലാതെ യഥാസമയം അനുവദിക്കുമെന്നും പദ്ധതി വേഗത്തിൽ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ആറ് മാസത്തിനുള്ളിൽ ആറ് പ്രധാന പദ്ധതികളാണ് നിലമ്പൂരിൽ നടപ്പാക്കുന്നത്. 25 കോടി രൂപ ബജറ്റിൽ വകയിരുത്തിയ നിലമ്പൂർ ഗവണ്മെനന്റ്് കോളജിന്റെ പ്രവൃത്തി ഉടൻ ആരംഭിക്കും. 6.75 കോടി രൂപയുടെ പുഞ്ചക്കൊല്ലി പാലം, 7.5 കോടി രൂപയുടെ കുമ്പളപ്പാറ പാലം, 43 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച് ടെൻഡർ നടപടികളിലേക്ക് കടക്കുന്ന മലയോര ഹൈവേ, 20 കോടി രൂപ അനുവദിച്ച കെഎൻജി റോഡ് എന്നിവയാണ് മറ്റ് പദ്ധതികൾ.
ബൈപാസിന്റെ രണ്ടാംഘട്ട നിർമാണം ഡിസംബറിൽ ആരംഭിക്കുമെന്ന് അധ്യക്ഷത വഹിച്ച മന്ത്രി പി.കെ. ബഷീർ പറഞ്ഞു.10 വർഷമായി മുടങ്ങിക്കിടന്ന നാടുകാണി ചുരം -പരപ്പനങ്ങാടി റോഡിന്റെ നവീകരണത്തിനായി ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും നിർമാണ പ്രവർത്തനങ്ങൾ ജനുവരിയിൽ തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.
വികസനത്തിൽ പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങൾക്ക് മുൻഗണന നൽകി ഈ സർക്കാരിന്റെ കാലത്ത് 350 പുതിയ പാലങ്ങൾ നിർമിക്കാനും 16,000 കിലോമീറ്റർ പൊതുമരാമത്ത് റോഡുകൾ ഘട്ടംഘട്ടമായി നവീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
വികസന പദ്ധതികൾക്കായുള്ള അനന്തമായ കാത്തിരിപ്പ് അവസാനിപ്പിച്ച് സമയബന്ധിതമായി പൂർത്തിയാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യാതിഥിയായ മന്ത്രി എ.പി. അനിൽകുമാർ പറഞ്ഞു. പി.വി. അബ്ദുൽ വഹാബ് എംപി, ആര്യാടൻ ഷൗക്കത്ത് എംഎൽഎ, സൂപ്രണ്ടിംഗ് എൻജിനിയർ പി.കെ. മിനി, പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ വിഭാഗം ചീഫ് എൻജിനിയർ എം. അൻസാർ, ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ, നിലമ്പൂർ നഗരസഭാ ചെയർപേഴ്സൺ പത്മിനി ഗോപിനാഥ്, വൈസ് ചെയർമാൻ ഷൗക്കത്തലി കൂമഞ്ചേരി, കൗൺസിലർമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
ഒന്നാം ഘട്ടത്തിൽ പ്രവൃത്തി 2. 46 കിലോമീറ്ററിൽ
നിലമ്പൂർ: ജ്യോതിപ്പടി മുതൽ ചക്കാലക്കുത്ത് വരെയുള്ള 2.46 കിലോമീറ്റർ ബൈപാസിന്റെ ഒന്നാംഘട്ട നിർമാണമാണ് നടത്തുന്നത്.
കോഴിക്കോട്-നിലമ്പൂർ-ഗൂഡല്ലൂർ റോഡിൽ ജ്യോതിപ്പടിയിൽനിന്ന് ആരംഭിച്ച് വെളയംതോട് അവസാനിക്കുന്ന വിധത്തിൽ രണ്ട് ഘട്ടങ്ങളിലായി ആറ് കിലോമീറ്റർ നീളത്തിലും 30 മീറ്റർ വീതിയിലുമാണ് ബൈപാസ് നിർമാണം. 44.48 ഏക്കർ ഭൂമി പദ്ധതിക്കായി ഏറ്റെടുത്തിട്ടുണ്ട്. 2011ൽ പരിഗണനയിൽ വന്ന പദ്ധതിക്കായി 2013ൽ 35 കോടി രൂപയുടെ ഭരണാനുമതി ലഭിക്കുകയും 2016ൽ 1,860 മീറ്റർ റോഡിന്റെ ഫോർമേഷൻ പ്രവൃത്തി പൂർത്തിയാക്കുകയും ചെയ്തിരുന്നു. ഭൂമി ഏറ്റെടുക്കലിലെ വിലവ്യത്യാസം ഉൾപ്പെടുത്തി 2023 മേയ് 20ന് 227.18 കോടി രൂപയുടെ സമഗ്ര എസ്റ്റിമേറ്റിന് അംഗീകാരം ലഭിച്ചു.
മലബാർ ടെക് എന്ന കമ്പനിയാണ് 18 മാസത്തെ കാലാവധിയിൽ ആദ്യ റീച്ചിന്റെ പ്രവൃത്തി ഏറ്റെടുത്തിട്ടുള്ളത്. നാലുവരിപ്പാതയായി വിഭാവനം ചെയ്തിരിക്കുന്ന റോഡിൽ ഇരുഭാഗങ്ങളിലുമായി ഒൻപത് മീറ്റർ കാര്യേജ് വേ, രണ്ട് മീറ്റർ വീതിയിൽ സൈക്കിൾ ട്രാക്ക്, ഫുട്പാത്ത്, മധ്യഭാഗത്ത് മൂന്ന് മീറ്റർ വീതിയിൽ മീഡിയൻ എന്നിവയുണ്ടാകും.
ബൈപാസ് യാഥാർഥ്യമാകുന്നതോടെ നിലമ്പൂർ നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും. ദീർഘദൂര യാത്രക്കാർക്കും ഭാരവാഹനങ്ങൾക്കും നഗരത്തിൽ പ്രവേശിക്കാതെ നിലമ്പൂർ റെയിൽവേ സ്റ്റേഷൻ, പെരിന്തൽമണ്ണ, പട്ടാമ്പി, വണ്ടൂർ ഭാഗങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനും സാധിക്കും.
Tags : Pothukallu-Meppadi Highway nattu vishesham local news