കളക്ടർ ഡോ. വിനയ് ഗോയലിന്റെ അധ്യക്ഷതയിൽ മലപ്പുറം കളക്ടറേറ്റ് കോണ്‍ഫൻസ് ഹാളിൽ ചേർന്ന യോഗം.
മലപ്പുറം: ജില്ലാതല സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ വിപുലമായി സംഘടിപ്പിക്കാൻ തീരുമാനം. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി മലപ്പുറം കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ കളക്ടർ ഡോ. വിനയ് ഗോയലിന്റെ നേതൃത്വത്തിൽ വിവിധ ജില്ലാതല ഉദ്യോഗസ്ഥരുടെയും സ്കൂൾ പ്രതിനിധികളുടെയും യോഗം ചേർന്നു.
എംഎസ്പി പരേഡ് ഗ്രൗണ്ടിൽ ഓഗസ്റ്റ് 15ന് രാവിലെ 8.25ന് ആരംഭിക്കുന്ന പരേഡിൽ വിവിധ സേനാ വിഭാഗങ്ങളുടെയും എൻസിസി, എസ്പിസി, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, ജൂനിയർ റെഡ് ക്രോസ് തുടങ്ങിയവയുടെയും 37 പ്ലാറ്റൂണുകൾ അണിനിരക്കും. മലപ്പുറം നഗരസഭാ പരിധിയിലെ വിവിധ വിദ്യാലയങ്ങളിൽനിന്നുള്ള കുട്ടികൾ പങ്കെടുക്കുന്ന പ്രഭാതഭേരിയോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമാവുക.
എംഎസ്പി അസിസ്റ്റന്റ് കമാൻഡന്റ് ടി.കെ. മുഹമ്മദ് ബഷീർ പരേഡ് കമാൻഡറാകും. എംഎസ്പി ആംഡ് പോലീസ് ഇൻസ്പെക്ടർ രമേഷ് ബാബു സെക്കൻഡ് ഇൻ കമാൻഡാകും.
രാവിലെ 7.15ന് സിവിൽ സ്റ്റേഷൻ പരിസരത്തുനിന്നാരംഭിക്കുന്ന പ്രഭാതഭേരി പെരിന്തൽമണ്ണ റോഡിലൂടെ എംഎസ്പി പരേഡ് ഗ്രൗണ്ടിലെത്തും. 8.40ന് സിവിൽ സ്റ്റേഷനിലുള്ള യുദ്ധ സ്മാരകത്തിൽ മന്ത്രിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തും. തുടർന്ന് പരേഡിന്റെ അഭിവാദ്യം സ്വീകരിച്ച് മന്ത്രി ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകും.
9.30ന് ദേശീയഗാനത്തോടെ പരിപാടികൾ സമാപിക്കും. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി മികച്ച രീതിയിൽ അലങ്കരിച്ച നഗരസഭാ പരിധിയിലെ വ്യാപാര സ്ഥാപനങ്ങൾക്കും സമ്മാനം നൽകും. യോഗത്തിൽ എഡിഎം ഇൻ-ചാർജ് അൻവർ സാദത്ത്, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ സി.കെ. നജീബ്, എൽആർ ഡെപ്യൂട്ടി കളക്ടർ പി. അഖിൽ തുടങ്ങിയവർ സംബന്ധിച്ചു.
Tags : Nattuvishesham Local News Independence Day celebrations