പ്രതീകാത്മക ചിത്രം
ഉദയംപേരൂർ: പൂത്തോട്ട കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ കിടത്തി ചികിത്സ ഉടൻ തുടങ്ങുമെന്ന് ദീപക് ജോയ് എംഎൽഎ. ഇതിന് മുന്നോടിയായി നിലവിലുള്ള ഒരു സിവിൽ സർജന്റെ ഒഴിവിലേക്ക് ഉടൻ തന്നെ നിയമനം നടത്തുമെന്നും മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തും ഉദയംപേരൂർ ഗ്രാമപഞ്ചായത്തും ചേർന്ന് സ്വന്തം നിലയിൽ ഓരോ ഡോക്ടർമാരെ നിയമിക്കുമെന്നും കിടത്തി ചികിത്സ തുടങ്ങുന്നതിന്റെ ഭാഗമായാണ് ഈ നിയമനങ്ങൾ നടത്തുവാൻ ഉദ്ദേശിക്കുന്നതെന്നും എംഎൽഎ പറഞ്ഞു.
ഹെൽത്ത് സെന്ററിൽ സന്ദർശനം നടത്തിയ എംഎൽഎയുടെ അധ്യക്ഷതയിൽ ആശുപത്രി വികസനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്തു. ഡോക്ടർമാരുടെ നിയമനം, ജോലി ക്രമീകരണത്തിന്റെ ഭാഗമായി താൽക്കാലികമായി സ്ഥലം മാറ്റിയിരിക്കുന്ന ജീവനക്കാരെ തിരിച്ച് കൊണ്ടു വരിക, ഹെൽത്ത് സെന്ററിൽ പുതുതായി ലിഫ്റ്റ് സൗകര്യം ഏർപ്പെടുത്തുക തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു.
മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ സോമൻ, ഉദയംപേരൂർ പഞ്ചായത്ത് പ്രസിഡന്റ് ജൂബൻ ജോൺ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെന്നി പൗലോസ്, ഉദയംപേരൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയ കേശവദാസ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ മെർലിൻ ജെയിംസ്, എൻ.ടി. രാജേന്ദ്രൻ, നിഷ ബാബു, ബ്ലോക്ക് പഞ്ചായത്തംഗം രേഷ്മ മുരുകേശ്, ഡോ. എം.എം. ഹനീഷ് , ആശുപത്രി സൂപ്രണ്ട് ഡോ. അശോക് കുമാർ, ആശുപത്രി വികസന സമിതിയധ്യക്ഷൻ ജയപ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.
Tags : Nattuvishesham DistrictNews DeepikaNews treatment