മന്ത്രി മോൻസ് ജോസഫിനെ കളക്ടർ എ. നിസാമുദ്ദീൻ സ്വീകരിക്കുന്നു.
പത്തനംതിട്ട: ജലവിഭവ വകുപ്പിനെ കാര്യക്ഷമമാക്കുകയും പ്രവർത്തനങ്ങൾ വ്യവസ്ഥാപിത സംവിധാനത്തിനു കീഴിലേക്ക് കൊണ്ടുവരികയുമാണ് ലക്ഷ്യമെന്ന് മന്ത്രി മോൻസ് ജോസഫ്. പത്തനംതിട്ടയിൽ ചേർന്ന അവലോകനയോഗത്തിനുശേഷം മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജലഅഥോറിറ്റിയെയും ജലസേചന വകുപ്പിനെയും കുറ്റമറ്റതാക്കി മാറ്റാനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. അടിമുടി പുനഃസംഘടിപ്പിക്കും. 2021ൽ തുടങ്ങിയ ജൽജീവൻ പദ്ധതി കഴിഞ്ഞ രണ്ട് വർഷമായി പ്രവർത്തനങ്ങളെല്ലാം മുടങ്ങിക്കിടക്കുകയായിരുന്നു. ചിലയിടങ്ങളിൽ റോഡ് കുഴിച്ചും ചിലയിടങ്ങളിൽ റോഡിന്റെ അരികിലും പൈപ്പിട്ടിട്ടുണ്ട്. ടാങ്കുകളില്ല, അനുബന്ധ ഫിറ്റിംഗുകളില്ല, ജലസംഭരണത്തിന് വഴികളൊന്നുമില്ല. 450 ജോലികളാണ് പ്രതിസന്ധിയിലായത്.
കരാറുകാർക്ക് കുടിശിക കൊടുക്കാനുള്ളത് ആയിരക്കണക്കിന് കോടികൾ. ഇപ്പോൾ കുടിശികയുണ്ടായിരുന്നതിൽ 7000 കോടി കൊടുത്തു. 500 കോടി ലഭ്യമാക്കാനുള്ള അനുമതി ലഭ്യമായിട്ടുണ്ട്. 1200 കോടി കുടിശിക കൂടി നൽകാനുണ്ടെന്നും മന്ത്രി വിശദമാക്കി.
പദ്ധതി തീർക്കാനുള്ള കാലാവധി കേന്ദ്രം 2028 വരെ നീട്ടിയിട്ടുണ്ടെങ്കിലും 2024ന് ശേഷം തുടർ പ്രവർത്തനത്തിന് അനുമതി നൽകിയിട്ടില്ല. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ വകുപ്പ് തലത്തിലും മന്ത്രിതലത്തിലുമുള്ള ശ്രമങ്ങൾ തുടരുകയാണ്. മുടങ്ങിക്കിടക്കുന്ന പ്രവർത്തനങ്ങളിൽ പുരോഗതിയുണ്ടാക്കി കേന്ദ്രത്തിൽ നിന്ന് ബാക്കിയുള്ള തുക നേടിയെടുക്കാനാണ് ശ്രമം. ഇതിന് കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നടത്താനുള്ള നീക്കങ്ങൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
എംഎൽഎമാരുടെ നേതൃത്വത്തിൽ പ്രാദേശിക സമിതി
കുടിവെള്ള വിതരണത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ എംഎൽഎമാരുടെ നേതൃത്വത്തിൽ നിയോജക മണ്ഡലാടിസ്ഥാനത്തിൽ പ്രാദേശിക സമിതി രൂപീകരിക്കുമെന്ന് മന്ത്രി മോൻസ് ജോസഫ്
പറഞ്ഞു. എംഎൽഎയുടെ സാന്നിധ്യമില്ലെങ്കിലും സ്ഥലത്തെ മുതിർന്ന ജനപ്രതിനിധി അദ്ധ്യക്ഷനാകുന്ന വിധത്തിൽ സ്റ്റാറ്റ്യൂട്ടറി ബോഡി രൂപീകരിക്കും. മാസത്തിലൊരിക്കൽ പ്രാദേശിക സമിതി യോഗം ചേർന്ന് പ്രശ്നങ്ങൾ വിലയിരുത്തും. പ്രാദേശിക സമിതിയിൽ പരിഹരിക്കാനാവാത്തത് മന്ത്രിതല സമിതിയുടെ പരിഗണനയ്ക്ക് കൈമാറും. ആറ് മാസത്തിലൊരിക്കൽ മന്ത്രിതല സമിതി യോഗം ചേരുമന്നും മന്ത്രി വിശദമാക്കി.
ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് അംഗങ്ങളും ജലഅഥോറിറ്റി, ജലസേചനം, വൈദ്യുതി, തദ്ദേശസ്വയംഭരണം, വനം വകുപ്പുകളിലെ ഉദ്യോഗസ്ഥരും സമിതിയിലുണ്ടാകും.
എംഎൽഎ സ്ഥലത്തില്ലെങ്കിൽ പ്രാദേശിക സമിതി യോഗം ചേരാനാവാത്ത സ്ഥിതിയുണ്ടാകരുത് എന്നതുകൊണ്ടാണ് നിയോജക മണ്ഡലത്തിലുള്ള ഏറ്റവും സീനിയറായിട്ടുള്ള ജനപ്രതിനിധിയുടെ അധ്യക്ഷതയിൽ യോഗം ചേരാവുന്ന വിധത്തിൽ സമിതി രൂപീകരിക്കുന്നത്. പ്രശ്നങ്ങൾ പ്രാദേശിക തലത്തിൽ തന്നെ തീർപ്പാക്കാനാകുന്നത് പരിഹരിക്കുക എന്നതാണ് സമിതി രൂപീകരിക്കുന്നതുകൊണ്ട് ലക്ഷ്യമാക്കുന്നതെന്നും മന്ത്രി മോൻസ് ജോസഫ് പറഞ്ഞു.
സംസ്ഥാനത്ത് ഒരു ജലനയം രൂപീകരിക്കും. വാട്ടർ കോൺക്ലേവ് സംഘടിപ്പിക്കും. ജലസ്രോതസുകൾ പരമാവധി ഉപയോഗപ്പെടുത്തും.
നദികളും ജലാശയങ്ങളും ശുദ്ധീകരിക്കും
നദികളും ജലാശയങ്ങളും ശുദ്ധീകരിക്കുന്നതിനുള്ള പൈലറ്റ് പ്രോജക്ടിൽ പത്തനംതിട്ടയെയും ഉൾപ്പെടുത്തുമെന്ന് മന്ത്രി മോൻസ് ജോസഫ് പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട ജലസേചന വകുപ്പിന്റെ സഹകരണത്തോടെ തയാറാക്കിയിട്ടുള്ള പദ്ധതി റവന്യുമന്ത്രിയുമായി ആലോചിച്ച് നടപ്പാക്കും. പത്തനംതിട്ട ജില്ലയിലെ എല്ലാനദികളിലെയും നീരൊഴുക്ക് വർധിപ്പിക്കുകയാണ് ലക്ഷ്യം. ഇതിനായി മാലിന്യങ്ങളും മണ്ണും നീക്കം ചെയ്യും. ഉൾനാടൻ ജലാശയങ്ങളിലെ മാലിന്യങ്ങളും നീക്കി ശുചീകരിക്കേണ്ടതുണ്ട്. ഇതിനൊപ്പം കനാലുകളും മെച്ചപ്പെടുത്തും. കനാലുകളിലെ മണ്ണ് നീക്കി ജലമൊഴുക്ക് ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.
കല്ലട ഇറിഗേഷൻ പദ്ധതി അടക്കമുള്ള കനാലുകൾ ശുചിയാക്കാനുള്ള പദ്ധതിയും രൂപീകരിക്കുന്നുണ്ട്. കനാലുകളും ഡാമുകളും നവീകരിച്ച് ടൂറിസവുമായി ബന്ധിപ്പിക്കാനാണ് പദ്ധതി. നദീതടങ്ങളിലെയും ജലാശയങ്ങളിലെയും മാലിന്യങ്ങളും മണലും നീക്കം ചെയ്ത് ആഴം കൂട്ടാനുള്ള പ്രവർത്തനങ്ങളും സംസ്ഥാന ദുരന്ത നിവാരണ വകുപ്പുമായി ചേർന്ന് പുരോഗമിക്കുകയാണെന്നും മന്ത്രി മോൻസ് ജോസഫ് വിശദമാക്കി.
നാരങ്ങാനം പദ്ധതി: അന്ത്യാളൻ കാവ് ഭൂമി കൈമാറ്റത്തിൽ തിരിമറി ഉണ്ടോയെന്ന് അന്വേഷിക്കുമെന്ന് മന്ത്രി
കഴിഞ്ഞ സർക്കാരിന്റെ കാലയളവിൽ ജലവിഭവ മന്ത്രിയായിരുന്ന റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്ത നാരങ്ങാനം പഞ്ചായത്തിലെ അന്ത്യാളൻ കാവിലെ ഭൂമി കൈമാറ്റം വലിയ തട്ടിപ്പെന്ന് സംശയിക്കുന്നതായി ജലവിഭവ മന്ത്രി മോൻസ് ജോസഫ്. കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത പദ്ധതിക്കു ടാങ്കും ഇല്ല, ഭൂമിയുമില്ലാത്ത അവസ്ഥയാണ്. മൂന്ന് ലക്ഷം രൂപ ജനങ്ങൾ പിരിച്ചാണ് ഒരു വ്യക്തിയിൽ നിന്ന് ഭൂമി വാങ്ങിയത്. വിഷയത്തിൽ സൂപ്രണ്ടിംഗ് എൻജിനിയറോട് അടിയന്തര അന്വേഷണത്തിന് ജലവിഭവ മന്ത്രി ഉത്തരവിട്ടു.
ആറന്മുളയിൽ ജൽ ജീവൻ പദ്ധതിയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ഭൂമിതരംമാറ്റ പ്രശ്നം അടിയന്തരമായി പരിഹരിക്കാനും മന്ത്രി നിർദേശിച്ചു. മണ്ഡലത്തിലെ കുടിവെള്ള പ്രശ്നങ്ങൾ അബിൻ വർക്കി എംഎൽഎ യോഗത്തിൽ അവതരിപ്പിച്ചു.
പത്തനംതിട്ട നഗരസഭാ പരിധിയിൽ ഉദ്യോഗസ്ഥരുടെ അപര്യാപ്തത പരിഹരിക്കും. കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിക്കുന്നതിനെപ്പറ്റി പരിശോധിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി.
ചെന്നീർക്കര - മെഴുവേലി പഞ്ചായത്തിലെ ജൽജീവൻ പദ്ധതിക്കാവശ്യമായ പമ്പ് വാങ്ങുന്നതിന് 35 ലക്ഷം രൂപയായിരുന്നു എസ്റ്റിമേറ്റ് തുക.അതിൽ 18.5 ലക്ഷം രൂപ അബിൻ വർക്കി എംഎൽഎയുടെ ഫണ്ടിൽ നിന്ന് അനുവദിച്ചു ബാക്കി തുക ജലവിഭവ വകുപ്പിന്റെ ഫണ്ടിൽ നിന്ന് വകയിരുത്തും.ഇതോടെ ചെന്നീർക്കര, മെഴുവേലി, കുളനട പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകും.
ഇലന്തൂർ - മല്ലപ്പുഴശേരി പഞ്ചായത്തുകളിൽ ഒരു ബൂസ്റ്റർ പമ്പുകൂടി പദ്ധതിക്കായി അനുവദിക്കണം എന്ന ആവശ്യം യോഗത്തിൽ ഉയർന്നു.
മാരാമൺ, ചെറുകോൽപ്പുഴ കൺവെൻഷനുകൾക്ക് മുന്നോടിയായി കോഴഞ്ചേരി പഞ്ചായത്തിൽ നിലനിൽക്കുന മോട്ടോർ സംബന്ധിച്ച പ്രശ്നത്തിന് പരിഹാരം കാണും.
കോയിപ്രം പഞ്ചായത്തിൽ ജലവിതരണ പദ്ധതിയുടെ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഉടമയ്ക്ക് അന്ത്യശാസനം നൽകാനും അല്ലാത്ത പക്ഷം മറ്റൊരു സ്ഥലം കണ്ടെത്താനുമാണ് നിർദേശം നൽകീയിരിക്കുന്നത്.