കളക്ടറേറ്റ് എപിജെ ഹാളിൽ അവലോകന യോഗത്തിൽ മന്ത്രി കെ.എ. തുളസി സംസാരിക്കുന്നു.
കൽപ്പറ്റ: കളക്ടറേറ്റ് എപിജെ ഹാളിൽ പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി കെ.എ. തുളസിയുടെ സാന്നിധ്യത്തിൽ നടന്ന യോഗം പ്രീമെട്രിക് ഹോസ്റ്റലുകൾ, മോഡൽ പ്രീ സ്കൂൾ, സാമൂഹിക പഠന മുറികൾ, സ്മാർട്ട് പഠന മുറികളിലെ അടിസ്ഥാന സൗകര്യ വികസനം, പണിയ പാക്കേജ്, വിദ്യാവാഹിനി, പ്രീ മെട്രിക്, പോസ്റ്റ് മെട്രിക് വിദ്യാഭ്യാസം, അയ്യങ്കാളി സ്കോളർഷിപ്, പഠന-വിനോദയാത്ര, ആരോഗ്യ പദ്ധതികൾ, സമഗ്ര ആരോഗ്യ സുരക്ഷാ പദ്ധതി, പെണ്കുട്ടികൾക്കുള്ള വിവാഹ സഹായം, ജനനി ജൻമരക്ഷാ പദ്ധതി, കൈത്താങ്ങ്, സേഫ് പദ്ധതി, കോർപസ് ഫണ്ട്, ഭക്ഷ്യസഹായ പദ്ധതി, ഭവന പദ്ധതി, ഭൂ വിതരണം തുടങ്ങിയവയുടെ പുരോഗതി അവലോകനം ചെയ്തു.
അംബേദ്കർ സെറ്റിൽമെന്റ് വികസന പദ്ധതികളുടെയും പിന്നാക്ക ക്ഷേമ വകുപ്പിന്റെ വിദ്യാഭ്യാസ ആനുകുല്യ പദ്ധതിളുടെയും നടത്തിപ്പ് മന്ത്രി പരിശോധിച്ചു. എടപ്പെട്ടി, റാട്ടക്കൊല്ലി വിനായക, സൂര്യന്പം ഉൗരുകളുടെ സമഗ്ര വികസനത്തിന് വിവിധ പദ്ധതികൾ തയാറാക്കി റിപ്പോർട്ട് അടിയന്തരമായി സമർപ്പിക്കാൻ പട്ടികവർഗ വികസന ഓഫിസർക്ക് മന്ത്രി നിർദേശം നൽകി. സുഗന്ധഗിരി, പൂക്കോട്, പരൂർക്കുന്ന് പുനരധിവാസ മേഖലകളിൽ അനുവദിച്ച പ്രവൃത്തികൾ വേഗത്തിൽ പൂർത്തിയാക്കാൻ നിർദേശിച്ചു. സുഗന്ധഗിരിയിലെ കുടുംബങ്ങൾക്ക് പട്ടയം നൽകണമെന്ന ആവശ്യം പരിഗണിക്കാമെന്ന് വ്യക്തമാക്കി.
സ്ക്രൈബ് മുഖേന എസ്എസ്എൽസി പാസായ കുട്ടികൾ പ്ലസ് വണ്ണിന് അപേക്ഷിക്കുന്പോൾ അഡ്മിഷൻ ലഭിക്കാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് കളക്ടറേറ്റ് എപിജെ ഹാളിൽ പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി കെ.എ. തുളസിയുടെ സാന്നിധ്യത്തിൽ നടന്ന അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ച ഐ.സി. ബാലകൃഷ്ണൻ എംഎൽഎ പറഞ്ഞു. വനാവകാശ നിയമപ്രകാരവും വിവിധ സ്കീമുകൾ അനുസരിച്ചും അർഹമായ ഭൂമി ലഭിക്കാത്ത നിരവധി കുടുംബങ്ങൾ ജില്ലയിലുണ്ട്. ഇവർക്ക് ഭൂമി ലഭ്യമാക്കുന്നതിന് അടിയന്തര ി നടപടിസ്വീകരിക്കണം. ബിനാമികളുടെ ഇടപെടൽ ഒഴിവാക്കാൻ ഭവന നിർമാണം പട്ടിക വർഗ സൊസൈറ്റികളെ ഏൽപ്പിക്കണം. കോർപസ് ഫണ്ട് വിനിയോഗത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉൾപ്പടുന്ന മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കണമെന്നും എംഎൽഎ നിർദേശിച്ചു.
വനാവകാശ നിയമപ്രകാരം പട്ടയം ലഭ്യമാകാത്ത വിഷയങ്ങൾ പരിശോധിക്കണമെന്ന് ഉഷ വിജയൻ എംഎൽഎ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ മേഖലയിലെ കൊഴിഞ്ഞുപോക്ക് തടയാൻ നൂതന പദ്ധതികൾ ആരംഭിക്കണമെന്ന് അവർ നിർദേശിച്ചു. ഗോത്ര മേഖലകളിൽ ഉപയോഗത്തിന് കൂടുതൽ ആംബലുൻസുകൾ ലഭ്യമാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ ആവശ്യപ്പട്ടു. പട്ടികജാതി വികസന വകുപ്പ് അഡീഷണൽ ഡയറക്ടർ വി. സജീവ്, എഡിഎം കെ. അജീഷ്, സബ് കളക്ടർ അതുൽ സാഗർ, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
ജില്ലാ പട്ടികവർഗ വികസന പ്രോജക്ട് ഓഫിസർ ഷുമിൻ എസ്. ബാബു, ജില്ലാ പട്ടികജാതി വികസന ഓഫിസർ എം. മുകേഷ്, ട്രൈബൽ ഡെവലപ്മെന്റ് ഓഫിസർമാരായ ടി.പി. ശ്രീകല, കെ. ബിന്ദു, പിന്നാക്ക ക്ഷേമ മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ബി. പ്രബിൻ തുടങ്ങിയവർ പങ്കെടുത്തു.
ഗോത്ര വിഭാഗക്കാർക്ക്
പ്രത്യേക പരിശീലന കേന്ദ്രം
തുടങ്ങും: മന്ത്രി കെ.എ. തുളസി
കൽപ്പറ്റ: ജില്ലയിലെ ഗോത്ര-പിന്നാക്ക വിഭാഗക്കാർക്ക് ജില്ലയിൽ പ്രത്യേക പരിശീലന കേന്ദ്രം തുടങ്ങുമെന്ന് പട്ടികജാതി-വർഗ-പിന്നാക്ക് ക്ഷേമ മന്ത്രി കെ.എ. തുളസി. കളക്ടറേറ്റ എപിജെ ഹാളിൽ പട്ടികജാതി-വർഗ വികസന വകുപ്പിന്റെ വികസന പദ്ധതികളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടപ്പാക്കുന്ന ഉപ പദ്ധതികളുടെയും പ്രവർത്തന പുരോഗതി അവലോകനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
പിന്നാക്ക വിഭാഗങ്ങളിലെ യുവജനങ്ങൾക്ക് തൊഴിൽ പരിശീലനം നൽകുന്നതിനും പ്രാദേശികമായി ജോലി ചെയ്യാൻ പ്രപ്തരാക്കുന്നതിനുമാണ് കേന്ദ്രം ആരംഭിക്കുന്നത്. മൊബൈൽ ഫോണ് റിപ്പയറിംഗ്, ഇലക്ട്രിക്കൽ വർക്ക്, വെൽഡിംഗ്, ബൈൻഡിംഗ് തുടങ്ങിയ കോഴ്സുകളിൽ റസിഡൻഷ്യൽ പരിശീലനം സെന്ററിൽ നൽകും.
മോഡൽ റസിഡൻഷ്യൽ സ്കൂളുകളിൽ പ്ലസ് വണ്, പ്ലസ് ടു വിദ്യാർഥികൾക്ക് ട്യൂഷൻ ടീച്ചർമാരെ നിയമിക്കുന്നത് അടിയന്തരമായി പരിഗണിക്കും. മെന്റർ ടീച്ചർമാരുടെ നിയമനകാര്യത്തിൽ സർക്കാരിന്റെ ഭാഗത്ത് വീഴ്ചയില്ല. ജാതി സർട്ടിഫിക്കറ്റ് ലഭിക്കുന്നതുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.
പ്രത്യേക മൊഴി രേഖപ്പെടുത്തി പരിഹാരം കാണുന്നതിന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. പട്ടികവർഗ മേഖലയിലെ വികസന പ്രവർത്തനങ്ങൾ, ഭവന നിർമാണ പദ്ധതികൾ എന്നിവ സമയബന്ധിതമായി പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർ ശ്രദ്ധപുലർത്തണം.
സർക്കാർ പ്രഖ്യാപിച്ച ഭവന പദ്ധതിയുടെ ആദ്യ ഗഡു ഡിസംബറിലും രണ്ടാം ഗഡു ഫെബ്രുവരിയിലും നൽകും. അനുവദിച്ച തുക കൃത്യമായി വിനിയോഗിക്കുന്നതിന് വിവിധ വകുപ്പുകളുടെ സംയോജിത ഇടപെടൽ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
Tags : considered. Nttuvishesham Districtnews