അഭിഭാഷക വേഷത്തിൽ പി.എസ്. ശ്രീധരൻപിള്ള ഇന്നലെ ആലപ്പുഴ കോടതിയിൽ എത്തിയപ്പോൾ.
ആലപ്പുഴ: എസ്ഡിപിഐ മുൻ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാൻ വധക്കേസിന്റെ സാക്ഷിവിസ്താരം ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതിയിൽ ആരംഭിച്ചു. ആകെ 143 സാക്ഷികളുള്ള കേസിൽ ആദ്യ മൂന്ന് സാക്ഷികളുടെ വിസ്താരമാണ് ഇന്നലെ നിശ്ചയിച്ചിരുന്നത്.
ഒന്നാം സാക്ഷിയും രൺജിത്ത് ശ്രീനിവാസൻ കൊലപാതക കേസിൽ പതിനാലാം പ്രതിയായി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാളുമായ ഷാജി എന്ന പൂവത്തിൽ ഷാജിയുടെ വിസ്താരം പൂർത്തിയാക്കി. ഇദ്ദേഹത്തെ മാവേലിക്കര സബ് ജയിലിൽനിന്നാണ് കോടതി നടപടികൾക്കായി ഹാജരാക്കിയത്.
കൊലപാതകം നേരിൽ കാണുകയും പരിക്കു പറ്റിക്കിടന്ന ഷാനിനെ ആശുപത്രിയിലെത്തിക്കുകയും ചെയ്ത രണ്ടാം സാക്ഷി മണ്ണഞ്ചേരി സ്വദേശി പി.എ. നാസർ വിസ്താരത്തിൽ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത അഞ്ചു പ്രതികളെയും കൊലപതാകത്തിനുപയോഗിച്ച വാളുകളും ഷാൻ ധരിച്ചിരുന്ന വാച്ചും ഷാനിനെ ആശുപത്രിലേക്ക് മാറ്റുന്നതിനിടെ ചോരപുരണ്ട നാസറിന്റെ വസ്ത്രങ്ങളും തിരിച്ചറിഞ്ഞു. രണ്ടാം സാക്ഷിയുടെയും മൂന്നാം സാക്ഷി അബ്ദുൾ ജബ്ബാറിന്റെയും വിസ്താരം ഇന്ന് തുടരും.
അഭിഭാഷക വേഷത്തിൽ പി.എസ്. ശ്രീധരൻപിള്ള
ആലപ്പുഴ: വീണ്ടും അഭിഭാഷക വേഷത്തിൽ പി . എസ്. ശ്രീധരൻപിള്ള ഷാൻ വധക്കേസ് പ്രതികൾക്കായി കോടതിയിൽ ഹാജരായി. ഗവർണർ പദവി ഒഴിഞ്ഞതിനു പിന്നാലെ സജീവ അഭിഭാഷക വൃത്തിയിലേക്ക് മടങ്ങിയെത്തി മുതിർന്ന ബിജെ പി നേതാവും മുൻ ഗോവ ഗവർണറുമായ പി.എസ്. ശ്രീധരൻപിള്ള. ആലപ്പുഴ സെഷൻസ് കോടതിയിൽ ഷാൻ വധക്കേസിലെ പ്രതികൾക്കുവേണ്ടിയാണ് ശ്രീധരൻപിള്ള ഹാജരായത്.
ഗവർണർ പദവി ഒഴിഞ്ഞശേഷം അഭിഭാഷക വൃത്തിയിലേക്ക് തിരിച്ചെത്തുന്ന രാജ്യത്തെ ആദ്യ വ്യക്തിയാണ് താനെന്ന് ശ്രീധരൻപിള്ള അവകാശപ്പെട്ടു. അഭിഭാഷകവൃത്തിയോടുള്ള താത്പര്യവും സ്നേഹവുമാണ് വീണ്ടും നിയമരംഗത്ത് സജീവമാകാൻ പ്രേരിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
നാല് പതിറ്റാണ്ടിലേറെ നിയമരംഗത്ത് പ്രവർത്തന പരിചയമുള്ള ശ്രീധരൻപിള്ള കീഴ്ക്കോടതികൾ മുതൽ സുപ്രീംകോടതി വരെ നിരവധി സുപ്രധാന കേസുകളിൽ ഹാജരായിട്ടുണ്ട്. കേരളത്തിൽ മാറിമാറി അധികാരത്തിലെത്തിയ സർക്കാരുകൾ പന്ത്രണ്ട് കേസുകളിൽ അദ്ദേഹത്തെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചിട്ടുണ്ട്.
കേന്ദ്ര സർക്കാരിന്റെ കേരള ഹൈക്കോടതിയിലെ സീനിയർ സ്റ്റാൻഡിംഗ് കൗൺസൽ, സിബിഐയുടെ ഹൈക്കോടതിയിലെ സ്റ്റാൻഡിംഗ് കൗൺസൽ, കാലിക്കറ്റ് ബാർ അസോസിയേഷൻ പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
മിസോറാമലും ഗോവയിലും ഗവർണറായിരുന്ന ശ്രീധരൻപിള്ള ബിജെപി സംസ്ഥാന അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്. നവംബർ 11 മുതൽ പ്രാബല്യത്തിൽ വരുന്ന വിധത്തിൽ കേരള ഹൈക്കോടതി അദ്ദേഹത്തിന് സീനിയർ അഭിഭാഷക പദവി നൽകുകയും ചെയ്തിരുന്നു.
രാഷ്ട്രീയത്തിലും ഭരണഘടനാപരമായ ഉന്നത പദവികളിലും പ്രവർത്തിച്ചശേഷം വീണ്ടും കോടതിമുറിയിലേക്ക് മടങ്ങിയെത്തിയ ശ്രീധരൻപിള്ളയുടെ തീരുമാനം ശ്രദ്ധേയമായിരിക്കുകയാണ്.