കേരള കലാമണ്ഡലം വാർഷിക സമ്മേളനം മന്ത്രി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയുന്നു.
തൃശൂർ: ഗുരുകുല വിദ്യാഭ്യാസത്തിന്റെ മാതൃകയും ആധുനിക പാരമ്പര്യവും സമന്വയിപ്പിക്കുന്ന ഒരു കലാവിദ്യാഭ്യാസ സ്ഥാപനമെന്ന നിലയിലാണ് മഹാകവി കലാമണ്ഡലം വിഭാവനം ചെയ്തതെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ് പറഞ്ഞു.
കലാമണ്ഡലത്തിന്റെ തുടർപ്രവർത്തനങ്ങൾക്ക് സർക്കാരിന്റെ എല്ലാവിധ പിന്തുണയും ഉണ്ടാകും. ടൂറിസം വകുപ്പുമായി സഹകരിച്ച് നടപ്പിലാക്കിവരുന്ന ഡേ വിത്ത് ദ മാസ്റ്റേഴ്സ് പോലുള്ള പദ്ധതികൾക്ക് പ്രത്യേക പരിഗണന നൽകും. പഠന ഗവേഷണ പ്രവർത്തനങ്ങൾ കൂടുതൽ മികവുറ്റതാക്കണമെന്നും, അതുവഴി അക്കാദമിക രംഗത്ത് അന്താരാഷ്ട്രതലത്തിൽത്തന്നെ ശ്രദ്ധനേടുവാൻ സാധിക്കുമെന്നും കലാമണ്ഡലം കല്പിത സർവകലാശാലയുടെ 96-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് ചെറുതുരുത്തി കൂത്തമ്പലത്തിൽ നടന്ന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു.
കലാമണ്ഡലം വൈസ് ചാൻസലർ പ്രഫ. ബി. അനന്തകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ. രാധാകൃഷ്ണൻ എംപി വിശിഷ്ടാതിഥിയായി. റിട്ടയേഡ് ജസ്റ്റിസ് കെ. സുകുമാരൻ മുഖ്യപ്രഭാഷണം നടത്തി. മെറ്റയുടെ അവാർഡിന് അർഹരായ മാരിയോ ബർസാഗി, കെ.ആർ. അഭിജിത് എന്നിവരെ അനുമോദിച്ചു. സമാപന സമ്മേളനത്തിനുശേഷം പദ്മശ്രീ നർത്തകി നടരാജനും സംഘവും അവതരിപ്പിച്ച ഭരതനാട്യവും അമൃത വെങ്കടേഷിന്റെ സംഗീതക്കച്ചേരിയും ഉത്തരാസ്വയംവരം കഥകളിയും അരങ്ങേറി. വള്ളത്തോൾ സമാധിയിൽ പുഷ്പാർച്ചന, ഡോ. മ്യൂസ് മേരി ജോർജ് നയിച്ച വള്ളത്തോൾ സത്യപ്രഭാഷണം, കവിസമ്മേളനം, പഞ്ചവാദ്യം എന്നിവയും ഉണ്ടായിരുന്നു.
Tags : governments full support: Minister Vishnunath Nattuvishesham DistrictNews