ഇരഞ്ഞിമന്ദത്ത് മെറ്റൽ ഇളകിയുണ്ടായ കുഴികൾ.
കൊല്ലങ്കോട്: ടൗൺ ഒന്നു കടന്നുകിട്ടാൻ പെടാപ്പാട്. കുരുവിക്കൂട്ടുമരം ജംഗ്ഷൻ മുതൽ പയിലൂർ മൊക്കുവരെ റോഡ് തകർന്നതിനാൽ ഗതാഗതക്കുരുക്കും രൂക്ഷമാണ്. റോഡിനിരുവശത്തെ അഴുക്കുചാലുകളുകൾ തകർന്നതും റോഡിലെ വലിയ കുഴികളുമെല്ലാം യാത്രയ്ക്ക് ഭീഷണിയായിട്ടുണ്ട്.
തൃശൂർ- പൊള്ളാച്ചി അന്തർസംസ്ഥാന പാതയെന്നതിനാൽ വിനോദയാത്ര, തീർഥാടന സഞ്ചാരികൾ, ചരക്കുകടത്ത് വാഹനങ്ങൾ അടക്കമുള്ളവ നിരന്തരം കടന്നുപോകുന്ന പാതയാണിത്. ടൗണിലെ കടകളിലേക്കെത്തി തിരിച്ചുപോവുന്നതുപോലും ശ്രമകരമാണെന്ന് ഉപഭോക്താക്കളും പറയുന്നു. റോഡിന്റെ വീതികൂട്ടി സഞ്ചാരയോഗ്യമായ രീതിയിൽ നവീകരണം നടത്തണമെന്ന യാത്രക്കാരുടെ നിരന്തര ആവശ്യം പൊതുമരാമത്ത് അധികൃതർ പരിഗണിക്കുന്ന മട്ടില്ല. പ്രതിഷേധം ശക്തമാവുമ്പോൾ ഇടയ്ക്കിടെ മെറ്റൽ നിരത്തി താത്കാലിക പരിഹാരത്തിനു ശ്രമിക്കാറുണ്ടെങ്കിലും ഇതിനു ഒരുമാസത്തെ ആയുസുപോലുമുണ്ടാവാറില്ല.
ടൗണിലൂടെയല്ലാതെ പയിലൂർ മൊക്കിലേക്ക് ബൈപാസ് റോഡ് വേണമെന്ന ആവശ്യവും ഏങ്ങുമെത്തിയില്ല. വരുന്നത് ഉത്സവനാളുകളാണ്. ജനത്തിരക്കിനെയും ഉത്സവചടങ്ങുകളെയും പ്രശ്നരഹിതമായി ഉൾക്കൊള്ളാനുള്ള ശേഷിയൊന്നും നിലവിൽ കൊല്ലങ്കോട് ടൗണിനില്ല. തിരക്കേറിയാൽ ഗതാഗതസ്തംഭനം ഉറപ്പാണ്.
Tags : Travel in Kollangode town Nattuvishesham DistrictNews