നെയ്യാറ്റിന്കര: സ്വദേശാഭിമാനി സ്മാരക ഗവ. ടൗണ് എല്പി സ്കൂളിലെ വിദ്യാര്ഥികള് കന്നിപ്പുറം പാലം എത്രയും വേഗം യാഥാര്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുന്പ് മുഖ്യമന്ത്രിക്ക് പോസ്റ്റു കാര്ഡുകള് അയച്ചിരുന്നു... നെയ്യാറിലെ കടത്തു കടന്ന് സ്കൂളിലേയ്ക്ക് വരാനുള്ള ബുദ്ധിമുട്ടും മഴക്കാലത്തും നെയ്യാറില് ജലനിരപ്പ് ഉയരുന്ന നേരത്തും കടത്തില്ലാത്തതിനാല് സ്കൂളില് എത്താനാവാത്തതിന്റെ സങ്കടവുമൊക്കെ നിറഞ്ഞതായിരുന്നു കുരുന്നു വിദ്യാര്ഥികള് സ്വന്തം കൈപ്പടയില് എഴുതിയയച്ച കത്തുകള്....
അന്നത്തെ സര്ക്കാരിനോട് കുരുന്നുകള് ആവശ്യപ്പെട്ട പദ്ധതിക്ക് തുക അനുവദിച്ചത് 2016ലായിരുന്നു. ഇരുന്പില് പ്രദേശത്തുള്ളവര്ക്ക് നെയ്യാറ്റിന്കര നഗരത്തില് എത്തിച്ചേരാന് ഉചിതമായ മാര്ഗമെന്ന നിലയില് നെയ്യാറിനു കുറുകെ കന്നിപ്പുറം പാലം എന്നത് നേരത്തെ തദ്ദേശീയരും ആവശ്യപ്പെട്ടിട്ടുണ്ട്. 2016-ല് കന്നിപ്പുറം പാലത്തിനായി പത്തു കോടി രൂപ അനുവദിച്ചു. എന്നാല് 2024-ല് അടങ്കല്ത്തുകയില് വര്ധനവ് വരുത്തി. 15.17 കോടി രൂപയാണ് കിഫ്ബി അനുവദിച്ചത്. സ്ഥലം ഏറ്റെടുക്കലായിരുന്നു പാലം നിര്മാണവുമായി ബന്ധപ്പെട്ട് നേരിട്ട പ്രധാന കടന്പ. ഒടുവില് എല്ഡിഎഫ് സര്ക്കാരിന്റെ കാലാവധി പൂര്ത്തിയാകുന്നതിനു മുന്പ് പാലം നിര്മാണത്തിന് തുടക്കംകുറിച്ചു. കെആര്എഫ്ബിക്കായിരുന്നു നിര്മാണ ചുമതല. പക്ഷേ, നിര്മാണവുമായി ബന്ധപ്പെട്ട് ഇനിയും സ്ഥലം ഏറ്റെടുക്കലും കെട്ടിടം പൊളിക്കലുമാക്കെ ബാക്കിയുണ്ട്. പാലം നിര്മാണം തുടങ്ങിയപ്പോള് ഈ പ്രദേശത്തെ കടത്ത് നിലച്ചു. മൂന്നു കിലോമീറ്ററിലധികം ദൂരം യാത്ര ചെയ്താണ് ടൗണ് എല്പിഎസിലെയും മറ്റു വിദ്യാലയങ്ങളിലെയും വിദ്യാര്ഥികളും നാട്ടുകാരും നെയ്യാറ്റിന്കര നഗരത്തിലെത്തുന്നത്. ആവശ്യം പരമാവധി വേഗത്തില് പൂര്ത്തിയായെങ്കില് എന്നതാണ് വിദ്യാര്ഥികളുടെയും നാട്ടുകാരുടെയും പ്രതീക്ഷ.