പ്രതീകാത്മക ചിത്രം
കല്‍പ്പറ്റ: കാരാപ്പുഴ-കാക്കവയല്‍ റോഡ് പ്രവൃത്തി അട്ടിമറിക്കാന്‍ കൃഷി മന്ത്രി ടി. സിദ്ദിഖിന്റെ നേതൃത്വത്തില്‍ നീക്കം നടക്കുന്നതായി സിപിഎംമുട്ടില് സൗത്ത് ലോക്കല്‍ സെക്രട്ടറി എം. ഫിറോസ്ഖാന്, കല്‍പ്പറ്റ ഏരിയാ കമ്മിറ്റി അംഗം വി. വേണുഗേപാല്‍, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ യു.എസ്. മുഹമ്മദ് ഷജീദ്, പി.ജി. സജീവ്, കെ.എസ്. ശ്രിധരന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നവ കേരള സദസില്‍ നിരവധി പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്ന് കാരാപ്പുഴ-കാക്കവയല്‍ റോഡ് നിര്‍മാണത്തിന് ഏഴ് കോടി രൂപ അനുവദിച്ചിരുന്നു. വൈകാതെ ടെന്‍ഡര്‍ നടത്തി. പ്രവൃത്തിക്കാവശ്യമായ സമാഗ്രികളും യന്ത്രങ്ങളും കാരാര്‍ സ്ഥാപനം കാരാപ്പുഴയില്‍ എത്തിച്ചു. പ്രവൃത്തി ആരംഭിക്കുന്നതിന് തീയതിയും തീരുമാനിച്ചു. ഇതിനിടെയാണ് മന്ത്രിയുടെ ഇടപെടല്‍ ഉണ്ടായത്. കാരാപ്പുഴയില്‍ ആരംഭിക്കേണ്ട പ്രവൃത്തി കാക്കവയലില്‍ തുടങ്ങണമെന്ന് അദ്ദേഹം ബന്ധപ്പെട്ട ഉദ്യോഗസ്ഥന് നിര്‍ദേശം നല്‍കിയതായാണ് വിവരം. ഇത് റോഡ് പദ്ധതി അട്ടിമറിക്കുന്നതിനാണെന്ന് സംശയിക്കണം. എസ്റ്റിമേറ്റ് പ്രകാരമുള്ള പ്രവൃത്തിയില്‍ മാറ്റം വരുത്തുന്നത് വീണ്ടും ടെന്‍ഡര്‍ വിളിക്കേണ്ട സാഹചര്യം സൃഷ്ടിക്കും.
ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമാണ് കാരാപ്പുഴ. ദിവസേന നൂറുകണക്കിന് സഞ്ചാരികളാണ് ഇവിടെ എത്തുന്നത്. കാരാപ്പുഴയ്ക്കു സമീപം രൂപപ്പെട്ട വലിയ ഗര്‍ത്തത്തില്‍ ചാടി വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവാണ്. മഴവെള്ളം ഗര്‍ത്തത്തില്‍ കെട്ടിക്കിടക്കുന്നതും അപകടസാധ്യത വര്‍ധിപ്പിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കാരാപ്പുഴ അക്വഡക്ട് ഭാഗത്ത് ആരംഭിക്കുന്ന വിധത്തില്‍ പ്രവൃത്തി ക്രമീകരിച്ചത്. നേരത്തേ നിശ്ചയിച്ചതനുസരിച്ച് കാരാപ്പുഴയില്ത്തന്നെ പ്രവൃത്തി തുടങ്ങണം. ഇതിന് തയാറാകാത്തപക്ഷം കാരാപ്പുഴ ജലസേചന പദ്ധതി എക്സിക്യുട്ടീവ് എന്‍ജിനിയറുടെ കാര്യാലയം ഉപരോധിക്കുന്നതടക്കം സമരത്തിന് പാര്‍ട്ടി നേതൃത്വം നല്‍കും.
റോഡില്‍ കാക്കവയല്‍ മുതല്‍ വാഴവറ്റ ടൗണ്‍ വരെ ഭാഗം നേരത്തേ 2.40 കോടി രൂപ ചെലവില്‍ നവീകരിച്ചിരുന്നു. പ്രവൃത്തി നടത്തി ഒമ്പത് മാസങ്ങള്‍ക്കുള്ളില്‍ റോഡ് പലേടങ്ങളിലും തകര്‍ന്നു. വാറന്റി കാലാവധി കഴിയുംമുമ്പായതിനാല് അറ്റകുറ്റപ്പണി കരാറുകാനെക്കൊണ്ട് ചെയ്യിക്കേണ്ടതാണ്. എന്നാല്‍ ഉത്തരവാദപ്പെട്ടവര്‍ അതിന് തയാറായില്ലെന്നും സിപിഎം ഭാരവാഹികള്‍ ആരോപിച്ചു.
Tags : CPM NattuVishesham DistrictNews