കേളകം: കേളകം മുതൽ മഞ്ഞളാംപുറം വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും രൂപപ്പെട്ട വലിയ കുഴികളും അപകടകരമായ കട്ടിംഗുകളും കാരണം കാൽനടയാത്രക്കാരും വാഹനയാത്രക്കാരും ഒരുപോലെ ദുരിതം അനുഭവിക്കുന്നു. റോഡിന്റെ പല ഭാഗങ്ങളിലും വശങ്ങൾ ഇടിഞ്ഞുതാഴ്ന്ന നിലയിലായതിനാൽ യാത്ര അതീവ അപകടകരമായിരിക്കുകയാണ്.
ജലനിധിയുടെ പൈപ്പ് ഇടുന്നതിനായി കുഴിച്ച കുഴികൾ ശരിയായ രീതിയിൽ മൂടാത്തതും ഇതുവഴി മഴവെള്ളം കുത്തിയൊലിച്ച് ഒഴുകിയതുമാണ് ഇത്തരത്തിൽ കുഴികൾ രൂപപ്പെടാൻ കാരണം. റോഡിലൂടെ ദിവസേന സ്കൂൾ വിദ്യാർഥികളും തൊഴിലാളികളും ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് സഞ്ചരിക്കുന്നത്. എന്നാൽ, റോഡിന്റെ അരികുകളിലെ ആഴത്തിലുള്ള കുഴികൾ മൂലം വാഹനങ്ങൾക്ക് സുരക്ഷിതമായി സൈഡ് നൽകാൻപോലും കഴിയാത്ത സ്ഥിതിയാണ്.
എതിർദിശയിൽ വരുന്ന വാഹനങ്ങൾക്ക് വഴിമാറുന്നതിനിടെ അപകടസാധ്യതയും വർധിച്ചിട്ടുണ്ട്. രാത്രികാലങ്ങളിൽ പ്രശ്നം കൂടുതൽ രൂക്ഷമാകുകയാണ്. ഇരുചക്ര വാഹനയാത്രക്കാർ ഭീതിയോടെയാണ് ഇതുവഴി യാത്ര ചെയ്യുന്നത്. മഴക്കാലത്ത് കുഴികളിൽ വെള്ളം നിറയുന്നതോടെ അപകട സാധ്യത വീണ്ടും ഉയരുകയാണ്.
നിരവധി തവണ പരാതി നൽകിയിട്ടും പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ ബന്ധപ്പെട്ട അധികൃതർ തയാറായിട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. റോഡിന്റെ ഇരുവശങ്ങളും സംരക്ഷണഭിത്തിയോ അനുയോജ്യമായ ഫില്ലിംഗോ നടത്തി സുരക്ഷിതമാക്കണമെന്നും കുഴികൾ അടച്ച് ഗതാഗതയോഗ്യമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ സാഹചര്യത്തിന് അടിയന്തര പരിഹാരം കാണാൻ പൊതുമരാമത്ത് വകുപ്പ് ഇടപെടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Tags : road Nattuvishesham District News