പെരിന്തല്‍മണ്ണ: ഖാദര്‍ ആന്‍ഡ് മുഹമ്മദലി സ്പോര്‍ട്സ് ക്ലബ്ബിന്റെ 53-ാമത് അഖിലേന്ത്യാ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ഡിസംബര്‍ 18 മുതല്‍ പെരിന്തല്‍മണ്ണ നെഹ്റു ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ നടക്കും. സെവന്‍സ് ഫുട്ബോള്‍ രംഗത്തെ മുന്‍നിര ടീമുകളായ അല്‍ മദീന ചെര്‍പ്പുളശേരി, ഫിഫ മഞ്ചേരി, ജിംഖാന തൃശൂര്‍, ഇസ ഗ്രൂപ്പ് ചെര്‍പ്പുളശേരി, കെഎഫ്സി കാളികാവ്, മെഡി ഗാര്‍ഡ് അരീക്കോട്, ഫിറ്റുവെല് കോഴിക്കോട്, കെവിഎസ് കിഴിശേരി, റോയല്‍ ട്രാവല്‍സ് കോഴിക്കോട് എന്നീ അംഗീകൃത ക്ലബ്ബുകള്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റില്‍ പ്രമുഖ വിദേശ താരങ്ങളും അണിനിരക്കും.
ഒരു മാസത്തോളം നീണ്ടുനില്‍ക്കുന്ന ഫുട്ബോള്‍ മാമാങ്കത്തിനായുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയായി വരുന്നതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മത്സരങ്ങള്‍ വിജയകരമായി നടത്തുന്നതിനായി നവംബര്‍ ഒന്നിന് വിപുലമായ സംഘാടകസമിതി രൂപീകരിക്കും.
ടൂര്‍ണമെന്റില്‍നിന്നു ലഭിക്കുന്ന ആദായം മുഴുവനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുന്നത് ഖാദറലി ക്ലബ്ബിനെ മറ്റു ക്ലബുകളില്‍നിന്നു വ്യത്യസ്തമാക്കുന്നു. 15 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ഫുട്ബോള്‍ കോച്ചിംഗ് സംഘടിപ്പിച്ചും കിഡ്നി രോഗികള്‍ക്ക് മാസാന്ത പെന്ഷന് നല്‍കിയും കിടപ്പുരോഗികള്‍ക്ക് ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങള്‍ നല്കിക്കൊണ്ടും പെരിന്തല്‍മണ്ണയുടെ നാനാമുഖമായ വിഷയങ്ങളില്‍ ക്ലബ്ബ് പങ്കാളിയാകുന്നുണ്ട്.
സെവന്‍സ് ഫുട്ബോള്‍ രംഗത്ത് പ്രഗത്ഭരായിരുന്ന പെരിന്തല്‍മണ്ണ സ്വദേശികളായ കാദറിന്റെയും മുഹമ്മദലിയുടെയും സ്മരണ നിലനിര്‍ത്താനാണ് 1962ല്‍ ഖാദറലി ക്ലബ് രൂപീകരിച്ചത്. 1963-ല്‍ ക്ലബ്ബിന്റെ ധനശേഖരണാര്‍ഥം പെരിന്തല്‍മണ്ണ ഹൈസ്കൂള്‍ മൈതാനം കേന്ദ്രീകരിച്ച് തുടങ്ങിയ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് 52 വര്‍ഷം പിന്നിട്ട് ഇപ്പോള്‍ 53-ാമത് മത്സരത്തിലേക്ക് കടക്കുകയാണ്.
വാര്‍ത്താസമ്മേളനത്തില്‍ പച്ചീരി ഫാറൂഖ്, എച്ച്. മുഹമ്മദ് ഖാന്, സി.എച്ച്. മുസ്തഫ, മണ്ണേങ്ങല്‍ അസീസ്, കുറ്റിരി മാനുപ്പ, യൂസഫ് രാമപുരം, പാറയില്‍ കരീം എന്നിവര്‍ പങ്കെടുത്തു.
Tags :