കൊട്ടാരക്കര ഗവ. ആയുർവേദ ആശുപത്രിയുടെ നിർമാണം നടക്കുന്ന കെട്ടിടം.
കൊട്ടാരക്കര: കൊട്ടാരക്കരയിൽ ഇന്റഗ്രേറ്റഡ് ആയുഷ് ആശുപത്രിക്കുവേണ്ടിയുള്ള കാത്തിരിപ്പ് നീളുന്നു. രണ്ട് വർഷമെത്തുമ്പോഴും കെട്ടിട നിർമാണം പാതിവഴിയിലാണ്. കൊട്ടാരക്കര ഗവ.ആയുർവേദ ആശുപത്രിയാണ് ഇന്റഗ്രേറ്റഡ് ആയുഷ് ആശുപത്രിയാക്കി മാറ്റുന്നത്. 10.5 കോടി രൂപയുടെ പദ്ധതിയാണ് തയാറാക്കിയിട്ടുള്ളത്. 2025 ജനുവരി 10ന് നിർമാണ ഉദ്ഘാടനം നടത്തിയതാണ്. ഇപ്പോഴും ഇഴഞ്ഞിഴഞ്ഞാണ് നിർമാണ ജോലികൾ നടക്കുന്നത്.
കൊല്ലം- തിരുമംഗലം ദേശീയ പാതയ്ക്ക് സമീപത്തായി കൊട്ടാരക്കര റെയിൽവേ സ്റ്റേഷൻ കവലയ്ക്കും നെടുവത്തൂർ താമരശേരി ജംഗ്ഷനുമിടയിലാണ് ഗവ.ആയുർവേദ ആശുപത്രി പ്രവർത്തിച്ചുവരുന്നത്. 1.47 ഏക്കർ ഭൂമിയാണ് ആശുപത്രിക്കുള്ളത്. ഇവിടെ മെച്ചപ്പെട്ട സൗകര്യങ്ങളോടെ ഇന്റഗ്രേറ്റഡ് ആയുഷ് ആശുപത്രിയെത്തുന്നുവെന്ന പ്രഖ്യാപനം ഉണ്ടായതുമുതൽ നാട് വലിയ പ്രതീക്ഷയിലാണ്. എന്നാൽ നിർമാണ ജോലികൾ വേഗത്തിലാക്കാൻ നടപടിയില്ല.
നാഷണൽ ആയുഷ് മിഷൻ കേരള തയാറാക്കിയ പദ്ധതിരേഖ പ്രകാരമാണ് തുക അനുവദിച്ചത്. നാലു നിലകളിലായി 2012 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള പുതിയ കെട്ടിട സമുച്ചയമാണ് നിർമിക്കുന്നത്. 30 പേർക്കുള്ള കിടത്തി ചികിത്സാ സംവിധാനമാണ് പ്രധാനമായും സജ്ജമാക്കാൻ ലക്ഷ്യമിട്ടിട്ടുള്ളത്.
പുരുഷ-വനിതാ വാർഡുകൾ, പേ വാർഡ്, ചീഫ് മെഡിക്കൽ ഓഫിസർക്കുള്ള ഓഫീസ് മുറി, അഞ്ച് കൺസൾട്ടൻസി മുറികൾ, ഫാർമസി, രജിസ്ട്രേഷൻ വിഭാഗം, അഡ്മിനിസ്ട്രേഷൻ വിഭാഗം ഓഫിസ്, നഴ്സസ് ഡ്യൂട്ടി റൂം, മെഡിക്കൽ റെക്കാർഡ്സ് റൂം, കാത്തിരിപ്പ് കേന്ദ്രങ്ങൾ, മരുന്ന് സംഭരണ മുറി, ലബോറട്ടറികൾ, ഫിസിയോ തെറാപ്പി ആൻഡ് റീഹാബിലിറ്റേഷൻ റൂം, പുരുഷ- വനിതാ തെറാപ്പി മുറികൾ, പേ വാർഡുകൾക്കുള്ള തെറാപ്പി മുറികൾ, സ്റ്റീം ബാത്ത് റൂം, നഴ്സസ് സ്റ്റേഷൻ, ഡോക്ടേഴ്സ് ഡ്യൂട്ടി റൂം, യോഗ ഹാൾ, ഫീഡിംഗ് റൂം, അടുക്കള, ഡൈനിംഗ് ഏരിയ, സ്റ്റോർ റൂം, ബാൽക്കണി സൗകര്യങ്ങൾ എന്നിവ പുതിയ കെട്ടിടത്തിൽ സജ്ജമാക്കും. ടൊയ്ലറ്റ് സൗകര്യങ്ങളുമുണ്ടാകും.
ആയുർവേദത്തിന് പുറമെ സിദ്ധ, യോഗ, യുനാനി, നാച്ചുറോപ്പതി ചികിത്സകളും ഇവിടെ ഉണ്ടാകും.കൊട്ടാരക്കര നഗരസഭയുടെയും നെടുവത്തൂർ പഞ്ചായത്തിന്റെയും അതിർത്തി പ്രദേശത്താണ് പുതിയ ആയുഷ് ആശുപത്രി വരുന്നത്. ഇവിടുത്തുകാർക്കും ദേശീയപാതയോരത്തായതിനാൽ പുറമെയുള്ളവർക്കും വലിയതോതിൽ പ്രയോജനപ്പെടും.
Tags : Kottarakkara AYUSH hospital nattu vishesham local news work on Kottarakkara AYUSH hospital