ഫാത്തിമ മാതാ നാഷണൽ കോളജിലെ സൈക്കോളജി വിഭാഗം സംഘടിപ്പിച്ച "പ്ലേസ് കേപ്പ്' ൽ പങ്കെടുത്ത കുട്ടികൾ.
കൊല്ലം: കുട്ടികൾക്കിടയിൽ സ്ക്രീൻ ടൈം അമിതമായി വർധിക്കുന്ന സാഹചര്യത്തിൽ, ശിശുദിനാഘോഷത്തിന്റെ ഭാഗമായി ഫാത്തിമ മാതാ നാഷണൽ കോളജിലെ സൈക്കോളജി വിഭാഗം സംഘടിപ്പിച്ച "പ്ലേസ്കേപ്പ്' ശ്രദ്ധേയമായി. ഇന്നലെ നടന്ന പരിപാടി, നാല്, അഞ്ച്, ആറ് ക്ലാസുകളിലെ വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കുമായി ഒരുക്കിയതായിരുന്നു.
കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, ഫോണും സ്ക്രീനുമില്ലാതെ ഒരു ദിവസം പൂർണമായി കളികളിലും പ്രവർത്തനങ്ങളിലും മുഴുകാൻ അവസരം നൽകുന്ന രീതിയിലാണ് പരിപാടി രൂപകൽപന ചെയ്തത്.
കളികളിലൂടെ പഠിക്കുന്ന ഗെയിമിഫൈഡ് ലേണിംഗ് രീതിയിൽ, കുട്ടികളുടെ വൈകാരിക വളർച്ച, ശ്രദ്ധ, ആശയവിനിമയശേഷി, ടീം വർക്ക്, ശാരീരിക ക്ഷമത എന്നിവ വികസിപ്പിക്കുന്ന വിവിധ ഗെയിമുകളും പ്രവർത്തനങ്ങളും ഉൾപ്പെടുത്തി.
ഫോണില്ലാതെയും കുട്ടികൾക്ക് സന്തോഷത്തോടെ ഇടപഴകാനും ചിരിക്കാനും കൂട്ടുകൂടാനും കഴിയുമെന്ന് പരിപാടി തെളിയിച്ചു. കൂട്ടുകാരോടൊപ്പം കളിക്കുമ്പോൾ ലഭിക്കുന്ന അനുഭവങ്ങൾ കുട്ടികളുടെ സാമൂഹിക കഴിവുകൾ വളർത്തുമെന്ന് ഡോ. ഫ്രസ്നൽ ദാസ് (അധ്യാപകൻ) ചൂണ്ടിക്കാട്ടി. കുട്ടികളോടൊപ്പം രക്ഷിതാക്കൾക്കായുള്ള ബോധവത്കരണ സെഷനും നടന്നു.
കുട്ടികളുടെ സ്ക്രീൻ ഉപയോഗം നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകത, മാനസികാരോഗ്യം, അവരോടുള്ള ആശയവിനിമയം, വീട്ടിലെ പിന്തുണയുടെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങളിൽ രക്ഷിതാക്കൾക്ക് അവബോധം നൽകി.സൈക്കോളജി വിഭാഗം മേധാവി ഡോ. അനിൽ ജോസിന്റെ നേതൃത്വത്തിൽ വിഭാഗത്തിലെ വിദ്യാർഥികളും അധ്യാപകരും ചേർന്നാണ് പരിപാടി ആസൂത്രണം ചെയ്ത് നടപ്പാക്കിയത്.
Tags : Playscape nattu vishesham local news et Up for Children atima Mata National College