അപ്രോച്ച് റോഡിന്റെ നിർമാണ പ്രവൃത്തികൾ ആരംഭിച്ചപ്പോൾ.
മാന്നാർ: കാത്തിരിപ്പുകൾക്ക് വിരാമമിട്ട് പരുമല കോട്ടക്കമാലി പാലം യാഥാർഥ്യമാകുന്നു. നിലവിലെ ആംബുലൻസ് പാലം പൊളിച്ചാണ് വലിയ പാലം നിർമിക്കുന്നത്. മാന്നാർ-പരുമല പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതാണ് പാലം. നിലവിലുള്ള പാലം ബലക്ഷയമാണന്നും വാഹനങ്ങൾ കയറരുതെന്ന മുന്നറിയിപ്പ് ബോർഡും പാലത്തിന്റെ ഇരുകരകളിലും സ്ഥാപിച്ചിട്ട് മാസങ്ങളായി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മന്ത്രി സജി ചെറിയാൻ മുൻകൈയെടുത്താണ് പാലം നിർമിക്കുന്നതിന് നടപടികൾ സ്വീകരിച്ചത്.
ചില സാങ്കേതിക തടസങ്ങളാൽ പാലം പണി തുടങ്ങാൻ കഴിഞ്ഞിരുന്നില്ല. മാന്നാർ പഞ്ചായത്ത് മുതൽ പാലം വരെ റോഡ് റീടാർ ചെയ്തു വീതി കൂട്ടി കഴിഞ്ഞു. പരുമല ഭാഗത്ത് പുതിയ അപ്രോച്ച് റോഡ് നിർമിക്കണം. ദേവസ്വം ബോർഡിന്റെ അധീനതയിലുള്ള സ്ഥലത്തു കൂടിയാണ് അപ്രോച്ച് റോഡ് നിർമിക്കുന്നത്. ഇവിടത്തെ അപ്രോച്ച് റോഡിന്റെ നിർമാണ ജോലികൾ ആരംഭിച്ചു.
ജെസിബി ഉപയോഗിച്ച് വൃത്തിയാക്കി ഭൂമി ലെവൽസെടുക്കുന്ന പ്രവൃത്തിയാണ് കഴിഞ്ഞ ദിവസം തുടങ്ങിയത്. വരും ദിവസങ്ങളിൽ ഇവിടം മണ്ണിട്ട് ഉയർത്തുന്ന ജോലികൾ നടക്കും. പരുമല പെരുന്നാളിനുശേഷം നിലവിലെ ആംബുലൻസ് പാലം പൊളിച്ച് മാറ്റുന്ന നടപടികൾ ആരംഭിക്കും. തുടർന്ന് വലിയ പാലത്തിന്റെ നിർമാണ ജോലികൾ തുടങ്ങും.
മണ്ണ് പരിശോധന ഉൾപ്പടെയുള്ള പ്രാഥമിക കാര്യങ്ങൾ പൂർത്തിയായി.
പാലം യാഥാർഥ്യമാകുന്നതോടെ മാന്നാറിന്റെ ഒരു ബൈപാസായി ഇത് മാറും. മാവേലിക്കര ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ഇതുവഴിയെത്തി തിക്കപ്പുഴയിലൂടെ അടുത്തനാളിൽ നിർമിച്ച ഉപദേശിക്കടവ് പാലത്തിലൂടെ തിരുവല്ലയ്ക്കു പോകാം. മാന്നാർ ടൗണിലെ തിരക്കിൽനിന്ന് ഒഴിവായി പെട്ടെന്ന് പാലത്തിലൂടെ പോകാൻ കഴിയും.
Tags : NattuVishesham.DistricteNews