പ്രതീകാത്മക ചിത്രം
കോഴിക്കോട്: നിയമാനുസൃതമായ അനുമതിയില്ലാതെ പൊതുസ്ഥലങ്ങളും നടപ്പാതകളും കൈയേറി പ്രവര്‍ത്തിക്കുന്ന തെരുവുകച്ചവടങ്ങള്‍ അടച്ചുപൂട്ടണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് ജുഡീഷ്യല്‍ അംഗം കെ.ബൈജുനാഥ്.
2014 ലെ നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച് വെന്റിംഗ് സോണുകള്‍ പ്രഖ്യാപിച്ച് അര്‍ഹരായ തെരുവ് കച്ചവടക്കാര്‍ക്ക് കച്ചവട സര്‍ട്ടിഫിക്കേറ്റുകള്‍ അനുവദിക്കാന്‍ കോര്പറേഷന് സെക്രട്ടറി അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഉത്തരവില്‍ പറഞ്ഞു. നഗരത്തിലെ വിവിധ ഭാഗങ്ങളിലും ബീച്ചിലും അനധികൃതമായി ഉന്തുവണ്ടികളും കച്ചവട സ്ഥാപനങ്ങളും വര്‍ധിച്ചുവരികയാണെന്ന പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഉത്തരവ്. ഇതില്‍ പലതിനും നിയമാനുസൃതമായ അനുമതികളില്ല.പൊതു സ്ഥലങ്ങള്‍ കൈയേറി പ്രവര്‍ത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍ ജനങ്ങളുടെ സഞ്ചാരാവകാശം ലംഘിക്കുന്നതായി ഉത്തരവില്‍ പറഞ്ഞു.
ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന നിയമാനുസൃതമുള്ള താത്കാലിക കച്ചവട സ്ഥാപനങ്ങളില്‍ ആവശ്യമായ ഭക്ഷ്യസുരക്ഷ ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. നഗരത്തിലെ തെരുവ് കച്ചവടക്കാരുടെ ഉപജീവനമാര്‍ഗം സംരക്ഷിക്കുന്നതിനായി നിയമാനുസൃതമായ മാര്‍ഗത്തില്‍ തെരുവുകച്ചവടം നടത്തുന്നതില്‍ കമ്മിഷന് എതിര്‍പ്പില്ല.
എന്നാല്‍ അത് കാല്‍നടയാത്രക്കാരുടെ അവകാശത്തെ ഹനിക്കരുത്. പൊതുജനാരോഗ്യത്തിന് ഭീഷണിയാവുന്ന വിധത്തില്‍ ഭക്ഷ്യവില്പന അംഗീകരിക്കാനും കഴിയില്ല. തെരുവ് കച്ചവടക്കാരുടെ ഉപജീവന അവകാശവും പൊതുജനങ്ങളുടെ ആരോഗ്യത്തിനുള്ള അവകാശവും സഞ്ചാര അവകാശവും പരസ്പരം സംരക്ഷിക്കുന്ന തരത്തിലുള്ള ക്രമീകരണങ്ങള്‍ കോര്പറേഷന് സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
Tags : Human Rights Commission nattu vishesham local news Illegal street vending