തെങ്ങോലക്കൊട്ട നിർമാണ മത്സരത്തിൽ നിന്ന്.
മുക്കം: പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നിത്യജീവിതം കീഴടക്കുമ്പോൾ പ്രകൃതിയോടിണങ്ങിയ പഴയകാല കൈത്തൊഴിൽ പാരമ്പര്യത്തിന് പുതുതലമുറയെ പരിചയപ്പെടുത്തി കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിലെ തെങ്ങോല കൊട്ട നിർമാണ മത്സരം.
വിദ്യാർഥികളും മുതിർന്നവരും ഒരുമിച്ചെത്തിയതോടെ മത്സരം തലമുറകളുടെ സംഗമവേദിയായി മാറി. പ്രമുഖ പരിസ്ഥിതി പ്രവർത്തകനായിരുന്ന സലാം നടുക്കണ്ടിയുടെ സ്മരണാർഥം "ഇക്കോ കാർണിവൽ' എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലയ്ക്കകത്തും പുറത്തുനിന്നുമായി 15 ഓളം പേർ പങ്കെടുത്തു.
അഞ്ചാം ക്ലാസ് വിദ്യാർഥിനി അജ്വ ഫാത്തിമ മുതൽ 82 വയസുകാരനായ മണാശേരിയിലെ ഗംഗാധരൻ നായർ വരെ കൊട്ടനിർമാണത്തിൽ പങ്കാളികളായി. പഴയ തലമുറയിലെ വിദഗ്ധർക്കൊപ്പം പുതുതലമുറയിലെ കുട്ടികളും ആവേശത്തോടെ ഓല മെടഞ്ഞപ്പോൾ കാണികൾക്കും അത് കൗതുകക്കാഴ്ചയായി. നിശ്ചിത സമയത്തിനുള്ളിൽ പച്ചയോലകൾ കീറിയെടുത്ത് ഭംഗിയുള്ളതും ബലമുള്ളതുമായ കൊട്ടകൾ നിർമിക്കുകയായിരുന്നു മത്സരം.
കൊട്ടയുടെ ഉറപ്പ്, നിർമാണത്തിലെ സൂക്ഷ്മത, വൃത്തി, വേഗം എന്നിവ പരിഗണിച്ചാണ് വിജയികളെ തെരഞ്ഞെടുത്തത്. മത്സരത്തിൽ നിർമിച്ച ഓലക്കൊട്ടകൾ കലോത്സവ നഗരിയിലെ മാലിന്യശേഖരണത്തിന് ഉപയോഗിക്കുമെന്ന് സംഘാടകർ അറിയിച്ചു. പ്രഭാവതി നെല്ലിക്കാപറമ്പ് ഒന്നാം സ്ഥാനവും മോളി മുരളി ചാത്തമംഗലം രണ്ടാം സ്ഥാനവും അഞ്ജന ബിനീഷ് മൂന്നാം സ്ഥാനവും നേടി.
Tags : palm leaves nattu vishesham local news Weaving palm leaves breathes new life into