എഡിഎം കെ. ഷെറീനയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാ വികസന സമിതി യോഗം.
കോഴിക്കോട്: സംസ്ഥാന, കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പുരോഗതിയില്‍ കോഴിക്കോട് ജില്ലയ്ക്ക് രണ്ടാം സ്ഥാനം.എഡിഎം.കെ. ഷെറീനയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. 93.30 ശതമാനം പുരോഗതി നേടിക്കൊണ്ടാണ് ജില്ല സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനം കൈവരിച്ചത്.
ജില്ലയുടെ നേട്ടത്തിനായി പ്രവര്‍ത്തിച്ച വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികളെയും നിര്‍വഹണ ഉദ്യോഗസ്ഥരെയും എഡിഎം. അഭിനന്ദിച്ചു.മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് പ്രവൃത്തി പൂര്‍ത്തിയാകാത്തതിനാല്‍ ചിലയിടങ്ങളില്‍ ഗതാഗത തടസം നേരിടുന്നതായി കെ. ജയന്ത് എംഎല്‍എ. യോഗത്തില്‍ ഉന്നയിച്ചു.
വിഷയത്തില്‍ പ്രത്യേക യോഗം ചേര്‍ന്നതായും ഇന്റര്‍ലോക്ക് പ്രവൃത്തി 78 ശതമാനം പൂര്‍ത്തിയായതായും എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു.മാനാഞ്ചിറ-പുതിയങ്ങാടി റോഡില്‍ കല്ലിടല്‍ പൂര്‍ത്തിയായതായും അധികൃതര്‍ അറിയിച്ചു. സ്ഥലത്ത് തഹസില്‍ദാരുടെ നേതൃത്വത്തില്‍ സംയുക്ത പരിശോധന നടത്താന്‍ എംഎല്‍എ. നിര്‍ദേശിച്ചു.
ആവിക്കല്‍തോട് നവീകരണ പുരോഗതിയും യോഗം വിലയിരുത്തി.പേരാമ്പ്ര താലൂക്ക് ആശുപത്രിക്ക് സികെജി കോളജിന്റെ ഭൂമി കൈമാറുന്നതിനുള്ള നടപടികള്‍ സംബന്ധിച്ച് ഫാത്തിമ തഹ്ലിയ എംഎല്‍എ. ഉന്നയിച്ച ചോദ്യത്തിന്, ഭൂമിയിലെ മരങ്ങളുടെ വില നിര്ണയിച്ചിട്ടുണ്ടെന്നും സര്‍വേ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു.
പേരാമ്പ്ര ഐടിഐക്ക് കൈമാറിയ ഭൂമിയിലെ മുറിച്ചിട്ട മരങ്ങള്‍ എത്രയും വേഗം ലേലം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കൊയിലാണ്ടി തഹസില്‍ദാര്‍ക്ക് എംഎല്‍എ. നിര്‍ദേശം നല്കി.
കടന്തറപ്പുഴ ഗതി മാറി ഒഴുകുന്നതുമായി ബന്ധപ്പെട്ട് പുഴയിലെ ജലനിരപ്പ് താഴുന്ന മുറയ്ക്ക് പ്രവൃത്തി പൂര്‍ത്തീകരിക്കുമെന്ന് ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു.
പേരാമ്പ്ര മരക്കൊടി തോടിലെ വെള്ളത്തിന്റെ നിറവ്യത്യാസവുമായി ബന്ധപ്പെട്ട് അനാലിറ്റിക്കല്‍ ലാബിന്റെ പരിശോധനാഫലത്തില്‍ ഇരുമ്പ്/ഈയം അടങ്ങിയ രാസവസ്തുക്കള്‍ ജലത്തില്‍ കലര്‍ന്നതാണ് നിറവ്യത്യാസത്തിന് കാരണമെന്ന് കണ്ടെത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
എന്നാല്‍ പ്രദേശത്ത് നടത്തിയ പരിശോധനയില്‍ ഇത്തരം രാസവസ്തുക്കളുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. പ്രദേശത്തെ കിണറുകളിലെല്ലാം ക്ലോറിനേഷന് നടത്തി അണുവിമുക്തമാക്കിയതായും ഡിഎംഒ. യോഗത്തില്‍ അറിയിച്ചു.നടുത്തുരുത്തി കടവ് പാലം നിര്‍മാണത്തിന്റെ തല്സ്ഥിതിയുമായി ബന്ധപ്പെട്ട് വിദ്യാബാലകൃഷ്ണന് എംഎല്‍എ. ഉന്നയിച്ച ചോദ്യത്തിന്, സ്ഥലപരിശോധന നടത്താന്‍ തീരുമാനിച്ചതായി എന്‍ജിനിയര്‍ അറിയിച്ചു. അംശക്കച്ചേരി-ചെറുകുളം റോഡ് വികസനത്തിന് ആവശ്യമായ മുഴുവന്‍ സ്ഥലവും ഏറ്റെടുത്ത് പൊതുമരാമത്ത് വകുപ്പിന് കൈമാറിയതായി പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു.
Tags : Sponsored Schemes nattu vishesham local news State and Centrally District Secures