കോഴിക്കോട്: പാലാഴി ദേശീയപാതയോട് ചേർന്ന് സർവീസ് റോഡിൽ നടപ്പാത നിർമിക്കുന്നതിനുള്ള അധികഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി.
അധികഭൂമി ലഭ്യമായാലുടൻ നിശ്ചിത മാനദണ്ഡപ്രകാരമുള്ള സർവീസ് റോഡും നടപ്പാതയും നിർമ്മിക്കണമെന്ന് കമ്മീഷൻ ജുഡിഷ്യൽ അംഗം കെ. ബൈജുനാഥ് എൻഎച്ച്എഐ (കോഴിക്കോട് പിഐയു) പ്രോജക്ട് ഡയറക്ടർക്ക് നിർദ്ദേശം നൽകി.
ഭൂമി ഏറ്റെടുക്കലും നിർമാണ പ്രവൃത്തികളും പൂർത്തിയാകുന്നതുവരെ കാൽനടയാത്രക്കാർക്കായി ഇടക്കാല സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നും കമ്മിഷൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി.
പത്രവിതരണ തൊഴിലാളിയായ നെല്ലിക്കോട് സ്വദേശി പി. കൃഷ്ണദാസ് (65) സമർപ്പിച്ച പരാതിയിലാണ് നടപടി. പാലാഴിയിൽ ദേശീയ പാതയോട് ചേർന്ന സർവീസ് റോഡിൽ കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി സഞ്ചരിക്കുന്നതിനുള്ള സൗകര്യമില്ലെന്നാണ് പരാതി. ആറടി മാത്രം വീതിയുള്ള സർവീസ് റോഡിൽ ഇരുവശങ്ങളിലും വാഹനങ്ങൾ സഞ്ചരിക്കുകയാണെന്നും പരാതിയിൽ പറഞ്ഞു.
സർവീസ് റോഡും നടപ്പാതയും ഒരുമിച്ച് നിർമിക്കുന്നതിന് മതിയായ സ്ഥലം ലഭ്യമാകാത്തതിനാൽ അധികഭൂമി ഏറ്റെടുക്കാൻ തീരുമാനിച്ചിട്ടുള്ളതായി എൻഎച്ച്എഐ പ്രോജക്ട് ഡയറക്ടർ കമ്മിഷനെ അറിയിച്ചു.
പൊതു നിരത്തുകളിൽ കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി സഞ്ചരിക്കുന്നിതിനുള്ള സാഹചര്യം ഉറപ്പാക്കേണ്ടത് ബന്ധപ്പെട്ട അധികാരികളുടെ ഉത്തരവാദിത്തമാണെന്നും ഉത്തരവിൽ പറഞ്ഞു.
Tags :