പ്രതീകാത്മക ചിത്രം
മാന്നാനം: സെന്റ് ജോസഫ് ആശ്രമം പള്ളിയിൽ കടലുണ്ടി ഏൽ റൂഹ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. റാഫേൽ കോക്കാടൻ സിഎംഐ നയിക്കുന്ന ബൈബിൾ കൺവൻഷൻ 18ന് തുടങ്ങും. 22ന് കൺവൻഷൻ സമാപിക്കും. 18 ന് വൈകുന്നേരം 5.45ന് ചങ്ങനാശേരി ആര്ച്ച്ബിഷപ് മാർ തോമസ് തറയിൽ കൺവൻഷൻ ഉദ്ഘാടനം ചെയ്യും.
വൈകുന്നേരം നാലിന് ജപമാല. തുടർന്ന് സിഎംഐ തിരുവനന്തപുരം പ്രൊവിൻഷ്യൽ ഫാ. ടോമി കാട്ടാമ്പള്ളിയുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാന. ഉദ്ഘാടനത്തെ തുടർന്ന് ആറിന് വചന പ്രഘോഷണം, ആരാധന എന്നിവ നടക്കും.
തുടർന്നുള്ള ദിവസങ്ങളിൽ വൈകുന്നേരം നാലിന് ജപമാല, 4.30ന് വിശുദ്ധ കുർബാന, 5.45ന് വചന പ്രഘോഷണം, ആരാധന എന്നിവ നടക്കും. രാത്രി ഒമ്പതിന് സമാപിക്കും. സിഎംഐ സഭയുടെ വികാരി ജനറാൾ ഫാ. ബെന്നി നൽക്കര, വില്ലൂന്നി സെന്റ് സേവ്യേഴ്സ് പള്ളി വികാരി ഫാ. ഫിലിപ്പ് തയ്യിൽ, അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളി വികാരി ഫാ. മാത്യു പടിഞ്ഞാറേക്കുറ്റ്, ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റി ചീഫ് ഫിനാൻസ് ഓഫീസർ ഫാ. വർഗീസ് കേളംപറമ്പിൽ സിഎംഐ എന്നിവർ ഈ ദിവസങ്ങളിൽ വിശുദ്ധ കുർബാനയിൽ മുഖ്യ കാർമികത്വം വഹിക്കും.
കൺവൻഷൻ ദിവസങ്ങളിൽ രാവിലെ ഒമ്പതുമുതൽ ഉച്ചകഴിഞ്ഞ് മൂന്നുവരെ സ്പിരിച്വൽ ഷെയറിംഗിനും പത്തുമുതൽ മൂന്നുവരെ കുമ്പസാരത്തിനും സൗകര്യമുണ്ടാകുമെന്ന് പ്രിയോർ ഫാ. ജോസഫ് വട്ടപ്പറമ്പിൽ സിഎംഐ അറിയിച്ചു. രോഗികൾക്കും പ്രായമായവർക്കും പന്തലിൽ പ്രത്യേക ഇരിപ്പിടങ്ങൾ ഒരുക്കിയിട്ടുണ്ട്.
മാന്നാനത്തുനിന്നും അതിരമ്പുഴ വഴി ഏറ്റുമാനൂർ, അമ്മഞ്ചേരി വഴി കാരിത്താസ്, മെഡിക്കൽ കോളജ് വഴി കോട്ടയം, കുടമാളൂർ വഴി കോട്ടയം, വില്ലൂന്നി വഴി കരിപ്പൂത്തട്ട് എന്നിവിടങ്ങളിലേക്ക് വാഹന സൗകര്യമുണ്ടാകും.