പിഎം റോഡിലെ മണ്ണാരക്കുളഞ്ഞി-മൈലപ്ര ഭാഗത്ത് സംരക്ഷണ ഭിത്തി ഇല്ലാത്തതിനാല്‍ അപകടം പതിയിരിക്കുന്ന ഭാഗം.
പത്തനംതിട്ട: പമ്പയിലേക്കുള്ള പാതയിലെ പ്രധാന ജംഗ്ഷനായ മണ്ണാറക്കുളഞ്ഞി ആശുപത്രിപ്പടിയില്‍ അപകടം പതിയിരിക്കുന്നു. പിഎം റോഡും പമ്പ പാതയും സംഗമിക്കുന്ന ജംഗ്ഷനില്‍ ഇരുസ്ഥലങ്ങളിലേക്കുമുള്ള വാഹനങ്ങളുടെ വരവ് ഏറിയതോടെ അപകട സാധ്യത വര്‍ധിച്ചിരിക്കുകയാണ്. രണ്ട് റോഡുകളും മെച്ചപ്പെട്ട നിലയിലായതിനാല്‍ വാഹനങ്ങള്‍ വേഗം കുറയ്ക്കാറില്ല. ജംഗ്ഷനിലെത്തുമ്പോള്‍ ഒരേ ദിശയിലും എതിര്‍ദിശയിലും വാഹനങ്ങള്‍ കൂട്ടിമുട്ടാനുള്ള സാധ്യതയേറെയാണ്. വേഗം നിയന്ത്രിക്കാനായി കോണുകള്‍ സ്ഥാപിച്ചിരുന്നെങ്കിലും വാഹനങ്ങള്‍ തട്ടി ഇവയിലേറെയും നശിച്ചു.
ശബരിമല തീര്‍ഥാടനകാലത്ത് പുറമേനിന്നെത്തുന്ന വാഹനങ്ങളാണ് ഏറെയും ഇതുവഴി കടന്നുപോകുന്നത്. പാത മുന്‍പരിചയമില്ലാത്ത ഇവര്‍ വേഗം കുറയ്ക്കാറുമില്ല. മുന്നറിയിപ്പുകള്‍ യാതൊന്നും ജംഗ്ഷനില്‍ നല്‍കിയിട്ടില്ല. രാത്രികാലങ്ങളില്‍ മിക്കപ്പോഴും വെളിച്ചവും ഉണ്ടാകാറില്ല. പമ്പയിലേക്കുള്ള വാഹനങ്ങള്‍ ജംഗ്ഷനില്‍ എത്തുമ്പോള്‍ വഴി അറിയാതെ പെട്ടെന്ന് നിര്‍ത്തുന്നതും പതിവാണ്. ശബരിമലപാത തിരിയുന്ന ഭാഗത്ത് രാത്രിയില്‍ വഴികാട്ടാനായി ബോര്‍ഡും സ്ഥാപിച്ചിട്ടില്ല. പകലും ശബരിമലപാത തിരിയുന്ന ഭാഗത്ത് ഡ്രൈവര്‍മാരുടെ കണ്ണില്പെടത്തക്കവിധം ഒരു ബോര്‍ഡില്ല.
ഇതു കാരണം വാഹനങ്ങള്‍ പലപ്പോഴും റാന്നി റോഡിലേക്ക് തിരിഞ്ഞശേഷം വഴി തെറ്റിയെന്ന ബോധ്യത്തില്‍ പിന്നിലേക്ക് എടുക്കുകയാണ് പതിവ്. ജംഗ്ഷനില്‍ ഒരു ഭാഗത്ത് ബസ്ബേയും വെയ്റ്റിംഗ് ഷെഡും ഉണ്ടെങ്കിലും ഇതും അശാസ്ത്രീയമായിട്ടുള്ളതാണ്. വടശേരിക്കര ഭാഗത്തേക്കുള്ള ബസുകള്‍ വെയ്റ്റിംഗ് ഷെഡിനു മുമ്പില്‍ പലപ്പോഴും നിര്‍ത്താറില്ല. പത്തനംതിട്ട ഭാഗത്തേക്കുള്ള ബസുകള്‍ റോഡില്‍ തന്നെ നിര്‍ത്തി ആളുകളെ കയറ്റുകയും ഇറക്കുകയുമാണ് പതിവ്.
പിഎം റോഡ് നവീകരണത്തിലെ ജംഗ്ഷന് വികസനത്തിന്റെ ഭാഗമായി ഏറെ പ്രാധാന്യം നല്‍കിയിരുന്ന ജംഗ്ഷനാണ് മണ്ണാറക്കുളഞ്ഞി. എന്നാല്‍ വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞെങ്കിലും ഒരു വെയ്റ്റിംഗ്ഷെഡ് സ്ഥാപിച്ചതൊഴിച്ചാല്‍ റോഡ് വികസനത്തിന്റെ ഭാഗമായ ജംഗ്ഷന് നവീകരിച്ചില്ല.
പൂര്‍ത്തീകരിക്കാത്ത റോഡ്
പുനലൂര്‍-മൂവാറ്റുപുഴ പാതയില്‍ നിര്‍മാണം പൂര്‍ത്തീകരിക്കാത്ത ഭാഗങ്ങളാണ് മണ്ണാറക്കുളഞ്ഞി- മൈലപ്ര ഭാഗം. മണ്ണാറക്കുളഞ്ഞി അപകടവളവുകളിലടക്കം പണികള്‍ ബാക്കിയാണ്.
തര്‍ക്കങ്ങള്‍ കോടതി കയറിയതോടെ തടസപ്പെട്ട പണികളാണിവ. രണ്ടാം കലങ്കിനു സമീപം റോഡിന്റെ സംരക്ഷണഭിത്തി ഇല്ലാത്തത് ഏറെ അപകട സാധ്യത വര്‍ധിപ്പിക്കുന്നു. റോഡില്‍ മുന്നറിയിപ്പായി സ്ഥാപിച്ചിട്ടുള്ളത് പ്ലാസ്റ്റിക് കോണുകളാണ്. ചരട് വലിച്ചു കെട്ടിയാണ് രാത്രിയിലും മുന്നറിയിപ്പുള്ളത്. തിട്ടയോടു ചേർന്നാണ് പാത കടന്നുപോകുന്നത്. റോഡ് വികസനത്തിനു ഭൂമി ഏറ്റെടുക്കുന്ന വിഷയത്തില്‍ തടസപ്പെട്ട നിര്‍മാണമാണ് ഈ ഭാഗത്തേത്.
മൂന്നാം വളവില്‍ റോഡ് പുനര്‍നിര്‍മാണം തടസപ്പെട്ടിരിക്കുകയാണ്. റോഡ് ഇപ്പോഴും പഴയ നിലയിലാണ്. വീതി കൂട്ടാന്‍ കഴിയാത്തതിനാല്‍ ഒറ്റവരി ഗതാഗതമാണ് വര്‍ഷങ്ങളായുള്ളത്. തീര്‍ഥാടനകാലത്ത് ഏറെ അപകട സാധ്യതയുള്ള ഭാഗത്ത് ബ്ലിങ്കിംഗ് ലൈറ്റ് സ്ഥാപിച്ചാണ് കെഎസ്ടിപി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
മൈലപ്ര പള്ളിപ്പടിക്കും ജംഗ്ഷനും മധ്യേയുള്ള കലുങ്ക് നിര്‍മാണം തടസപ്പെട്ടതും മറ്റൊരു അപകട കെണിയാണ്. നിരവധി വാഹനങ്ങള്‍ ഈ ഭാഗത്ത് അപകടത്തില്‍ പെട്ടിരുന്നു. അപകടങ്ങളില്‍ മരണവും സംഭവിച്ചിട്ടുണ്ട്. റോഡ് മെച്ചപ്പെടുത്തിയെങ്കിലും പണികള്‍ അവശേഷിക്കുന്നതാണ് അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നത്.
ശബരിമല സുരക്ഷായാത്ര നാളെ
പത്തനംതിട്ട: ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി അപകട സാധ്യതയുള്ള സ്ഥലങ്ങള്‍, കടവുകള്‍, റോഡുകളിലെ തടസങ്ങള്‍ എന്നിവ പരിശോധിച്ച് അടിയന്തരമായി പരിഹരിക്കുന്നതിന് നാളെ രാവിലെ ഏഴിന് സുരക്ഷാ യാത്ര സംഘടിപ്പിക്കും. മണ്ണാറക്കുളഞ്ഞി മുതല്‍ പമ്പ വരെയും പമ്പ മുതല്‍ സന്നിധാനം വരെയുമാണ് സുരക്ഷാ യാത്ര.
ശബരിമല കാനനപാത തെളിക്കൽ തുടങ്ങി
എരുമേലി: വനം വകുപ്പിന്റെ നേതൃത്വത്തിൽ ശബരിമല പരമ്പരാഗത കാനനപാത തെളിക്കൽ ആരംഭിച്ചു. ശബരിമല സീസണിൽ മാത്രം തുറക്കുന്ന പാത മാസങ്ങളായി ജനസഞ്ചാരമില്ലാത്തതിനാൽ കാട് നിറഞ്ഞ അവസ്ഥയിലാണ്. പാതയിലെ കാടുകൾ വെട്ടി മാറ്റി വഴിയൊരുക്കുന്ന ജോലികൾ പൂർത്തിയായാലും തീർഥാടനം ആരംഭിക്കുന്നതിന് മുമ്പ് വീണ്ടും കാട് വെട്ടി വഴി യാത്രായോഗ്യമാണെന്ന് ഉറപ്പാക്കുമെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു. വന സംരക്ഷണസമിതി അംഗങ്ങളും വനപാലകരും ചേർന്നാണ് പാതയിലെ കാട് തെളിക്കുന്നത്.
എരുമേലിയിൽ കോയിക്കക്കാവ് മുതലാണ് കാനനപാതയുടെ തുടക്കം. എരുമേലിയിൽനിന്ന് പേരൂർത്തോട് എത്തി ഇരുമ്പൂന്നിക്കര വഴി കോയിക്കക്കാവ് വരെ വാഹന ഗതാഗതമുണ്ട്. കോയിക്കക്കാവ് ഫോറസ്റ്റ് ചെക്ക് പോസ്റ്റ് മുതൽ കാൽനടയായാണ് സഞ്ചാരം അനുവദിച്ചിട്ടുള്ളത്. തുടർന്ന് മമ്പാടി വഴി വനത്തിലൂടെ കാളകെട്ടി ക്ഷേത്രത്തിൽ എത്തുമ്പോഴാണ് ഇടത്താവള വിശ്രമകേന്ദ്രമാകുന്നത്.
Tags : No Signboards Towards Pamba Nattuvishesham DistrictNews DeepikaNews