മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് പശുവിന്റെയും കിടാരിയുടെയും ശില്പം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ സമ്മാനിക്കുന്നു.
ഇടുക്കി: മാട്ടുപ്പെട്ടിയിലെ കന്നുകാലി വികസന കേന്ദ്രത്തെ അന്താരാഷ്ട്ര നിലവാരത്തിലുള്ള മികവിന്റെ കേന്ദ്രമാക്കി ഉയര്‍ത്തുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ. ഇവിടെ ഗവേഷണം, സാങ്കേതികവിദ്യ, പരിശീലനം, നൂതന പ്രജനന പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ മികവിന്റെ കേന്ദ്രമാക്കി മാറ്റാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കെഎല്‍ഡി ബോര്‍ഡ് മാട്ടുപ്പെട്ടിയില്‍ സ്ഥാപിക്കുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള സെന്റര്‍ ഫോര്‍ അഡ്വാന്‍സ്മെന്റ് ഇന്‍-ലൈവ്സ്റ്റോക്ക് പ്രൊഡക്ടിവിറ്റി ആന്‍ഡ് റിസര്‍ച്ചിന്റെ ശിലാസ്ഥാപനവും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ഇതിലൂടെ ഗവേഷക വിദ്യാര്‍ഥികളെ ഇവിടേക്ക് ആകര്‍ഷിക്കാന്‍ കഴിയും. പുതിയ സംരംഭങ്ങള്‍ ആരംഭിച്ച് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനും കഴിയുന്ന വിധത്തില്‍ കേന്ദ്രം വികസിപ്പിക്കും. അടുത്ത മൂന്നു വര്‍ഷത്തിനകം കേരളത്തിലെ പാല് ഉത്പാദനം ഒരു കോടി ലിറ്ററായി ഉയര്‍ത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
വിവിധ സാങ്കേതികവിദ്യകളുടെ വിപുലീകരണം, മികച്ച ക്ഷീരകര്‍ഷകരെ ആദരിക്കല്‍, ഫാം സോഫ്റ്റ്വേര്‍ ലോഞ്ചിംഗ്, മികച്ച കൃത്രിമ ബീജസങ്കലന സാങ്കേതിക വിദഗ്ധരെയും വനിതാ സ്വകാര്യ എഐ സാങ്കേതിക വിദഗ്ധരെയും ആദരിക്കല്‍ എന്നിവയും മന്ത്രി നിര്‍വഹിച്ചു. എഫ്.രാജ എംഎല്‍എ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ഷീലാ സ്റ്റീഫന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ. ശരണ്യ, എസ്. വിജയകുമാര്‍, ജില്ലാ പഞ്ചായത്തംഗം സി. നെല്‍സണ്‍, ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ ശാലിനി ഗോപിനാഥ്, കെഎല്‍ഡി ബോര്‍ഡ് എം.ഡി. ഡോ. ആര്. രാജീവ്, കോഴിക്കോട് എന്‍ഐടി അസോസിയേറ്റ് പ്രഫ. ഡോ. ചിത്ര, ഡോ. വി.പി. കേശവദാസ്, സി.പി. മാത്യു, മലയാലപ്പുഴ ജ്യോതിഷ് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags : Mattupetty Nattuvishesham DistrictNews