കോതമംഗലം മണ്ഡലത്തിലെ റോഡ് വികസന പ്രവൃത്തികൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി ഷിബു തെക്കുംപുറം എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന സിഎംടി യോഗം.
കോതമംഗലം: നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി മൂന്നാറിലേക്കുള്ള യാത്ര സുഗമമാക്കാൻ ലക്ഷ്യമിടുന്ന മിനി ബൈപാസ് ഉൾപ്പടെ കോതമംഗലം നിയോജക മണ്ഡലത്തിലെ പ്രധാന റോഡ് വികസന പദ്ധതികൾ സമയ ബന്ധിതമായി പൂർത്തിയാക്കാൻ നടപടി. ഷിബു തെക്കുംപുറം എംഎൽഎയുടെ അധ്യക്ഷതയിൽ എംഎൽഎ ഓഫിസിൽ ചേർന്ന കോ-ഓർഡിനേഷൻ ആൻഡ് മോണിറ്ററിംഗ് ടീം (സിഎംടി) യോഗത്തിലാണ് തീരുമാനം.
തങ്കളം–കോഴിപ്പിള്ളി ന്യൂ ബൈപാസ് ഉൾപ്പടെയുള്ള പത്തോളം റോഡ് നിർമാണ പ്രവൃത്തികൾക്ക് വേഗം കൂട്ടാനും നിർമാണത്തിലിരിക്കുന്ന പദ്ധതികൾ ജനുവരിയോടെ പൂർത്തിയാക്കാനുമാണ് ലക്ഷ്യം. മിനി ബൈപാസ് റോഡിന്റെ നിർമാണോദ്ഘാടനം നവംബറിൽ നടത്താനും തീരുമാനിച്ചിട്ടുണ്ട്.
തങ്കളം–കോഴിപ്പിള്ളി ന്യൂ ബൈപാസ് നിർമാണം അവസാനഘട്ടത്തിലാണ്. ഏകദേശം 400 മീറ്റർ ഭാഗത്തെ ടാറിംഗ് കൂടി പൂർത്തിയാക്കാനുണ്ട്. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെയും കരാറുകാരന്റെയും ഏകോപനത്തിൽ ശേഷിക്കുന്ന പ്രവൃത്തികൾ വേഗത്തിലാക്കാൻ എംഎൽഎ നിർദേശം നൽകി. മൂന്നുമാസത്തിനകം നിർമാണം പൂർത്തിയാക്കി ബൈപാസ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യാനാണ് ലക്ഷ്യമിടുന്നത്.
നെല്ലിക്കുഴി പഞ്ചായത്ത് പടിയിൽനിന്ന് ആരംഭിച്ച് ധർമഗിരി ആശുപത്രിക്കു സമീപം അവസാനിക്കുന്ന ആലുമ്മാവ്–കുരൂർ റോഡാണ് മറ്റൊരു പ്രധാന പദ്ധതി. റോഡ് ബിഎം–ബിസി നിലവാരത്തിൽ നിർമിക്കുന്നതിനും ഐറിഷ് ഡ്രെയിൻ ഉൾപ്പെടെയുള്ള പ്രവൃത്തികൾ പൂർത്തിയാക്കുന്നതിനും യോഗം തീരുമാനിച്ചു. ഡിസംബറോടെ റോഡ് ഗതാഗതയോഗ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.
റോഡ് യാഥാർഥ്യമാകുന്നതോടെ കൊച്ചിയിൽനിന്നും നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നും മൂന്നാറിലേക്ക് പോകുന്ന വിനോദസഞ്ചാരികൾക്ക് കോതമംഗലം, നെല്ലിക്കുഴി ടൗണുകളിലെ തിരക്കിൽപ്പെടാതെ യാത്ര ചെയ്യാനാകും. നെല്ലിക്കുഴി പഞ്ചായത്ത് പടിയിൽനിന്ന് ഗ്രീൻവാലി, മാർ ബസേലിയോസ് ദന്തൽ കോളജ് വഴി തങ്കളം–മലയിൻകീഴ്–കോഴിപ്പിള്ളി ബൈപാസിലെത്തി മൂന്നാറിലേക്കു കടക്കാവുന്ന രീതിയിലുള്ള ഈ പാത നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ സഹായിക്കും.
രാമല്ലൂർ–പിണ്ടിമന, ചാത്തമറ്റം–ഊരംകുഴി, വി.കെ. റോഡ്, കോതമംഗലം ന്യൂ ബൈപ്പാസ്, തൃക്കാരിയൂർ–വടക്കുംഭാഗം, തൃക്കാരിയൂർ–നാടുകാണി, പെരുമണ്ണൂർ–കോണ്ടിമറ്റം, സൊസൈറ്റിപ്പടി കനാൽ പാലം റോഡ് തുടങ്ങിയവയുടെ നിർമാണ പുരോഗതിയും യോഗം വിലയിരുത്തി. തൃക്കാരിയൂർ–നാടുകാണി റോഡിൽ ജലജീവൻ മിഷന്റെ ഭാഗമായി വാട്ടർ അഥോറിറ്റി പൈപ്പ് ലൈൻ സ്ഥാപിക്കൽ പൂർത്തിയായതിനെ തുടർന്ന് ബിഎം ടാറിംഗും പൂർത്തിയാക്കിയിട്ടുണ്ട്. ജിഎസ്ടി വർധനയെ തുടർന്ന് പുതുക്കിയ എസ്റ്റിമേറ്റുകൾക്ക് അനുമതി ലഭിച്ച റോഡുകളിലും നിർമാണം വേഗത്തിലാക്കും.
യോഗത്തിൽ കോമംഗലം നഗരസഭാ ചെയർപേഴ്സൺ ഭാനുമതി രാജു, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരായ പി.വി. ബിജി , കെ.കെ. ഷാമോൻ , എം.എസ്. അരുൺ , ആൻഡ്രൂ ഫെർണാണ്ടസ് ടോം, കരാറുകാരായ ലിജു പോൾ, മനു ജനാർദനൻ എന്നിവർ പങ്കെടുത്തു.
Tags :