മിനി മാസ്റ്റ് ലൈറ്റിനു താഴെ മെഴുകുതിരി കത്തിച്ച് പ്രതിഷേധിക്കുന്ന നാട്ടുകാർ.
എഴുകോൺ: മിനി മാസ്റ്റ് ലൈറ്റ് കണ്ണടച്ചിട്ട് ഒരുവർഷം. മെഴുകുതിരി കത്തിച്ചു പ്രതിഷേധവുമായി നാട്ടുകാർ. എഴുകോൺ പഞ്ചായത്തിലെ 12-ാം വാർഡ് മജിസ്ട്രേറ്റ് മുക്കിലെ മിനി മാസ്റ്റ് ലൈറ്റാണ് തെളിയാത്തത്. പലതവണ പഞ്ചായത്ത് അധികൃതരെ അറിയിച്ചിട്ടും അനങ്ങാപ്പാറ നയമാണെന്നു പ്രദേശവാസികൾ കുറ്റപ്പെടുത്തുന്നു. ഈ പഞ്ചായത്തിലെ മിക്കവാർഡുകളിലെയും വഴിവിളക്കുകളും കേടായ അവസ്ഥയിലാണ്. 11, 12 വാർഡുകളിൽ ഭൂരിഭാഗം വഴിവിളക്കുകളും കത്തുന്നില്ല.
എൽഇഡി ഫ്ലാറ്റ് ലൈറ്റുകളാണ് ആദ്യം സ്ഥാപിച്ചിരുന്നത്. എന്നാൽ ഇവ കേടാവുന്ന സ്ഥലങ്ങളിലെല്ലാം വഴിയോരക്കച്ചവടക്കാർ വിൽക്കുന്ന വിലകുറഞ്ഞ എൽഇഡി ബൾബുകളാണ് ഇപ്പോൾ മിക്ക പോസ്റ്റുകളിലും തൂക്കിയിട്ടിരിക്കുന്നത്. എന്നാൽ ഇവയിൽ പല ലൈറ്റുകളും ഒരാഴ്ച കഴിയുമ്പോൾ കേടാവുകയോ പകുതിയിൽ താഴെ വെട്ടം മാത്രം ലഭിക്കുന്ന അവസ്ഥയിലാവുകയോ ചെയ്യുന്നതായും നാട്ടുകാർ ആരോപിച്ചു.
വഴിവിളക്കുകൾ പ്രവർത്തിക്കാത്തതു മൂലം ജോലി കഴിഞ്ഞു വരുന്ന സ്ത്രീകളും കുട്ടികൾ അടങ്ങുന്ന കുടുംബവും ഇരുട്ടത്തു നടക്കേണ്ടിവരുന്നതായും നാട്ടുകാർ ചൂണ്ടിക്കാട്ടി. സാമൂഹ്യ വിരുദ്ധരും തെരുവുനായ്ക്കളും വഴിയാത്രക്കാർക്ക് ഭീഷണി ഉയർത്തുന്നുണ്ട്. മിനിമാസ്റ്റ് ലൈറ്റ് ഉൾപ്പടെ പ്രദേശങ്ങളിലെ വഴിവിളക്കുകൾ പ്രവർത്തിപ്പിക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ പഞ്ചായത്തിലേക്ക് പ്രതിഷേധ മാർച്ചടക്കമുള്ള സമരപരിപാടികളിലേക്ക് നീങ്ങുമെന്ന് പ്രദേശ വാസികൾ പറഞ്ഞു.
Tags :