ഓൾ കേരള ഫെഡറേഷന് ഓഫ് പെട്രോളിയം ട്രേഡേഴ്സ് ഡീലര്‍ കണ്‍വെന്‍ഷനിലെ ട്രേഡ് സെഷന് ഭക്ഷ്യ- പൊതുവിതരണ മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു.
കൊച്ചി: പെട്രോളിയം ഡീലര്‍മാരുടെ തൊഴില്‍ സുരക്ഷയും സ്ഥാപനങ്ങളുടെ നിലനില്‍പ്പും ഉറപ്പാക്കുന്നതിനൊപ്പം ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗഹൃദപരവും മികച്ചതുമായ സേവനം ലഭ്യമാക്കുന്നതിനും സര്‍ക്കാര്‍ ഇടപെടലുകള്‍ നടത്തുമെന്ന് ഭക്ഷ്യ- പൊതുവിതരണ- ഉപഭോക്തൃകാര്യ മന്ത്രി അനൂപ് ജേക്കബ്. ഓള് കേരള ഫെഡറേഷന് ഓഫ് പെട്രോളിയം ട്രേഡേഴ്സ് ഡീലര്‍ കണ്‍വെന്‍ഷനില്‍ ട്രേഡ് സെഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിലവിലുള്ള ഡീലര്‍ഷിപ്പുകളുടെ വരുമാനത്തെ ബാധിക്കാത്ത വിധത്തിലായിരിക്കണം പുതിയ സ്ഥാപനങ്ങള്‍ വിപണിയില്‍ പ്രവേശിക്കേണ്ടത്. ഇതിനായി ഡീലര്‍മാരുടെ പങ്കാളിത്തത്തോടെ വിശദമായ ചര്‍ച്ച നടത്തി ഉചിതമായ പരിഹാരം കണ്ടെത്തുമെന്ന് മന്ത്രി ഉറപ്പുനല്‍കി. വ്യാപാരികള്‍ക്ക് അധിക സാമ്പത്തിക ബാധ്യതയും സാങ്കേതിക ബുദ്ധിമുട്ടുകളും ഉണ്ടാകുന്ന റീസ്റ്റാമ്പിംഗ് പോലുള്ള കാര്യങ്ങളില്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കും. സംസ്ഥാന സര്‍ക്കാരിന് ഇടപെടാന്‍ കഴിയുന്ന വിഷയങ്ങളില്‍ നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ച് പ്രായോഗിക പരിഹാരങ്ങള്‍ കണ്ടെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഓള് കേരള ഫെഡറേഷന് ഓഫ് പെട്രോളിയം ട്രേഡേഴ്സ് പ്രസിഡന്റ് ടോമി തോമസ് അധ്യക്ഷത വഹിച്ചു. കണ്‍സോർഷ്യം ഓഫ് ഇന്ത്യന്‍ പെട്രോളിയം ഡീലേഴ്സ് ജനറല്‍ സെക്രട്ടറി സുരേഷ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് ലിമിറ്റഡ് സ്റ്റേറ്റ് റീട്ടയില്‍ ഹെഡ് ഗൗരവ് കുന്ദ്ര, ഭാരത് പെട്രോളിയം കോര്പറേഷന് ലിമിറ്റഡ് സ്റ്റേറ്റ് ഹെഡ് വി.ആര്. ഹരികൃഷ്ണന്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പറേഷന് ലിമിറ്റഡ് സിജിഎമ്മും സ്റ്റേറ്റ് ഹെഡുമായ കെ.പി. സതീഷ് കുമാര്‍, ഓള് കേരള ഫെഡറേഷന് ഓഫ് പെട്രോളിയം ട്രേഡേഴ്സ് സംസ്ഥാന സെക്രട്ടറി എ. ശ്രീരാജ്, വൈസ് പ്രസിഡന്റുമാരായ കെ. ശംസുദ്ദീന്‍, വി.എസ്. അബ്ദുല്‍ റഹ്മാന്, സംഘാടക സമിതി കണ്‍വീനര്‍ കെ.എസ്. കോമു എന്നിവര്‍ പ്രസംഗിച്ചു.
Tags :