കോട്ടപ്പടിയിൽ നടന്ന ജനസമ്പർക്ക പരിപാടിയിൽ ഷിബു തെക്കുംപുറം എംഎൽഎ നേരിട്ട് പരാതികൾ കേൾക്കുന്നു.
കോതമംഗലം: സംസ്ഥാനത്തെ നിയമസഭാ മണ്ഡലങ്ങളിൽ ആദ്യമായി ജനസമ്പർക്ക പരിപാടിക്ക് തുടക്കമിട്ട് കോതമംഗലം. ജനങ്ങളുടെ പരാതികൾക്ക് അതിവേഗ പരിഹാരം ഉറപ്പാക്കാൻ ഷിബു തെക്കുംപുറം എംഎൽഎയുടെ നേതൃത്വത്തിൽ കോട്ടപ്പടി പഞ്ചായത്തിൽ നടത്തിയ പരിപാടിയിൽ മുന്നൂറോളം അപേക്ഷകൾ ലഭിച്ചു. ഇതിൽ നൂറിലേറെ അപേക്ഷകൾക്ക് വേദിയിൽ വച്ചുതന്നെ പരിഹാരമായി. ശേഷിക്കുന്ന അപേക്ഷകൾ തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് കൈമാറി.
കോട്ടപ്പടി കൈരളി ഓഡിറ്റോറിയത്തിൽ മന്ത്രി വി.ഇ. അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. ഡീൻ കുര്യാക്കോസ് എംപി മുഖ്യാതിഥിയായി. ഷിബു തെക്കുംപുറം എംഎൽഎ അധ്യക്ഷത വഹിച്ചു. കോട്ടപ്പടി പഞ്ചായത്ത് പ്രസിഡന്റ് ഉമേഷ് ശിവകുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു, നഗരസഭ ചെയർപേഴ്സൺ ഭാനുമതി രാജു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജോയ് ജോസഫ്, നഗരസഭ വൈസ് ചെയർമാൻ പ്രിൻസ് വർക്കി തുടങ്ങിയവരും പങ്കെടുത്തു.
വിവിധ വകുപ്പുകളുടെ ഏകോപനം ആവശ്യമായ വിഷയങ്ങളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മുഖേന തുടർനടപടികൾ ഉറപ്പാക്കും. ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കുന്നതിൽ മാത്രം ഒതുങ്ങാതെ സാധ്യമായവയ്ക്ക് വേദിയിൽത്തന്നെ പരിഹാരം കണ്ടെത്തുകയും മറ്റുള്ളവയിൽ സമയബന്ധിതമായ നടപടികൾ ഉറപ്പാക്കുകയുമാണ് ജനസമ്പർക്ക പരിപാടിയുടെ ലക്ഷ്യമെന്ന് എംഎൽഎ പറഞ്ഞു. വ്യക്തിഗത പരാതികൾ, സർക്കാർ ആനുകൂല്യങ്ങൾ സംബന്ധിച്ച ആവശ്യങ്ങൾ, വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ, പ്രദേശത്തിന്റെ അടിസ്ഥാന സൗകര്യ വികസന നിർദേശങ്ങൾ തുടങ്ങി നിരവധി വിഷയങ്ങളിലാണ് അപേക്ഷകൾ ലഭിച്ചത്. ജനസമ്പർക്ക പരിപാടി തുടർന്നുള്ള ദിവസങ്ങളിൽ നിയോജക മണ്ഡലത്തിലെ മറ്റു പഞ്ചായത്തുകളിലും, മുനിസിപ്പാലിറ്റിയിലും സംഘടിപ്പിക്കും.
Tags : MLA Public Program nattuvishesham local news Around 300 Applications