കാറിന്റെ മുന്‍ഭാഗം തകര്‍ന്ന നിലയില്‍.
തൊടുപുഴ: നിയന്ത്രണംവിട്ട കാറിടിച്ച് ബൈക്ക് യാത്രക്കാരനു ഗുരുതര പരിക്ക്. കാറോടിച്ച യുവാവ് മദ്യപിച്ചിരുന്നതായും പൊലിസ് പറഞ്ഞു. ഉടുമ്പന്നൂര്‍ ടൗണില്‍ വ്യാപാരഭവന് എതിര്‍വശത്തായി ഇന്നലെ ഉച്ചയ്ക്ക്12.15 ഓടെയായിരുന്നു സംഭവം. അപകടത്തില്‍ മലയിഞ്ചി കാരിവേലില്‍ ആന്റണി വര്‍ഗീസിന് (54) ഗുരുതരമായി പരിക്കേറ്റു. ആന്റണി മുതലക്കോടത്തെ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലാണ്.
അപകടത്തില്‍ റോഡിലുണ്ടായിരുന്നു രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും പരിക്കേറ്റു. സംഭവത്തില്‍ കോട്ടക്കവല സ്വദേശിയായ ഷിറ്റോ ടോമിക്ക് (33 ) എതിരേ കരിമണ്ണൂര്‍ പൊലിസ് കേസെടുത്തു. പാറേക്കവല ഭാഗത്തേക്ക് വരികയായിരുന്ന വാഹനം തെറ്റായ ദിശയിലൂടെ സഞ്ചരിക്കുന്നതിനിടയില്‍ എതിര്‍ദിശയില്‍നിന്നു വന്ന ബൈക്ക് യാത്രക്കാരനെ ഇടിച്ചിടുകയായിരുന്നു. അപകടത്തെത്തുടര്‍ന്ന് സമീപത്തെ ബാര്‍ബര്‍ഷോപ്പിലേക്ക് ഇടിച്ചുകയറിയാണ് വാഹനം നിന്നത്. ഇതിന് മുമ്പിലുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്കാണ് പരിക്കേറ്റത്. അപകടത്തില്‍ ഇവിടെ പാര്‍ക്ക് ചെയ്തിരുന്ന രണ്ട് ഇരുചക്രവാഹനങ്ങളും തകര്‍ന്നു.