ലോകനഗരാസൂത്രണ ദിനാഘോഷം ദീനാമ്മ റോയി ഉദ്ഘാടനം ചെയ്യുന്നു.
പത്തനംതിട്ട: പത്തനംതിട്ടയുടെ സവിശേഷമായ ഭൂപ്രകൃതിക്ക് അനുയോജ്യമായ നഗരാസൂത്രണം ജില്ലയില്‍ അനിവാര്യമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി. ലോക നഗരാസൂത്രണ ദിനത്തിന്റെ ഭാഗമായി പത്തനംതിട്ട നഗരാസൂത്രണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ കളക്ടറേറ്റിലെ പമ്പാ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു പ്രസിഡന്റ്.
ജില്ല രൂപീകൃതമായി 44 വര്‍ഷം പിന്നിട്ടിട്ടും അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ ഇനിയും മുന്നേറാനുണ്ട്. വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കി വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയാല്‍ ജില്ലയിലെ നഗരങ്ങളില്‍ മികച്ചമാറ്റങ്ങള് കൊണ്ടുവരാന്‍ സാധിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
നാഗരാസൂത്രണത്തിലും കെട്ടിട നിർമാണത്തിലും സ്ഥലപരാസൂത്രണത്തിന് വളരെ പ്രാധാന്യമുണ്ടെന്ന് അധ്യക്ഷത വഹിച്ച ജില്ലാ കളക്ടര്‍ എ. നിസാമുദ്ദീന്‍ പറഞ്ഞു. പ്ലാനിംഗ് വിദഗ്ധന്‍ ജോര്‍ജ് കോശി നഗരാസൂത്രണദിന സന്ദേശം നല്കി. ജില്ലാ ടൗണ്‍ പ്ലാനര്‍ ജി. അരുണ്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ജെ. ഷംല ബീഗം, അസിസ്റ്റന്റ് എന്‍ജിനിയര്‍ ജോര്‍ജ് എം. വര്‍ഗീസ്, ഡെപ്യൂട്ടി ടൗണ്‍ പ്ലാനര്‍ നിമ്മി കുര്യന് എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ദീപാ ചന്ദ്രന്, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ടി.കെ. സയൂജ, സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ വി.എസ്. പ്രീത്, തദ്ദേശ സ്വയംഭരണ വകുപ്പ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ബിന്ദു വേലായുധന് തുടങ്ങിയവര്‍ പങ്കെടുത്തു. ലോക നഗരാസൂത്രണ ദിനത്തോടനുബന്ധിച്ച് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച പോസ്റ്റര്‍ രചനാ മത്സരത്തിലെ വിജയികള്‍ക്കുള്ള പുരസ്കാരങ്ങളും ചടങ്ങില്‍ സമ്മാനിച്ചു.