പ്രതീകാത്മക ചിത്രം
പൂവാർ: പൊട്ടക്കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റെ ഫോൺ പത്ത് ദിവസങ്ങൾക്കുശേഷം അതേ കിണറ്റിൽ നിന്ന് കണ്ടെത്തി. ഇന്നലെ ഉച്ചക്ക് നടത്തിയ വിശദ പരിശോധനയിലാണ് ചെളിയിൽ പുതഞ്ഞ നിലയിൽ ഫോൺ കണ്ടെത്തിയത്.
കഴിഞ്ഞ 26-ാം തീയതിയാണ് കരിംകുളം കല്ലുമുക്ക് അൽഫോൻസാ നഗർ പാലോട്ട് വിളയിൽ സനോജിന്റെ മൃതദേഹം പൊട്ടക്കിണറ്റിൽ കണ്ടെത്തിയത്. അന്ന് മൃതദേഹം പുറത്തെടുത്തെങ്കിലും ഫോൺ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് 29ന് പൊലിസിന്റെ നേതൃത്വത്തിൽ ഫയർഫോഴ്സ് കിണറ്റിൽ ഇറങ്ങി പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലും ഫോൺ കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഫോൺ കൂടി ലഭിച്ചതോടെ സംഭവത്തിൽ കൂടുതൽ വ്യക്തത വരുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
മകന്റെ മരണത്തിലെ ദുരൂഹത നീക്കാനും ഉത്തരവാദികളെ കണ്ടെത്താനും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും അമ്മ ശോഭ പരാതി നൽകി.
ഒക്ടോബർ 23ന് രാത്രി 10 മണിക്ക് ശേഷം സനോജിനെ കാണാതാവുകയായിരുന്നു. ഒക്ടോബർ 26-ന് രാവിലെ പൊട്ടക്കിണറ്റിൽ സനോജിനെ മരിച്ച നിലയിൽ കണ്ടെത്തി. സ്ഥലത്തെത്തിയ ഫോറൻസിക് വിഭാഗം നടത്തിയ പ്രാഥമിക പരിശോധനയിൽ സനോജിന്റെ ശരീരമാസകലം മുറിവുകളുള്ളതായി പറഞ്ഞിരുന്നുവെന്ന് വീട്ടുകാർ പറയുന്നു.
സംഭവത്തിന് ശേഷം പൊലിസിന്റെ ഭാഗത്തുനിന്ന് കാര്യമായ അന്വേഷണം ഉണ്ടാകാത്തതിനെത്തുടർന്ന് ഒക്ടോബർ 28-ന് മാതാവ് കാഞ്ഞിരംകുളം സ്റ്റേഷനിലെത്തി. എന്നാൽ, സനോജിന്റെ ശരീരത്തിൽ യാതൊരുവിധ മുറിവുകളുമില്ലെന്നാണ് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ തങ്ങളോട് പറഞ്ഞതെന്ന് എസ്ഐ മറുപടി നൽകിയതായി ശോഭ പറയുന്നു.
Tags : Mysterious death Nattuvishesham DistrictNews DeepikaNews