നാറ്റ്പാക് സംഘം മാർത്താണ്ഡവർമ പാലം മേഖലയിൽ പഠനം ആരംഭിച്ചപ്പോൾ.
ആലുവ: ദേശീയപാതയിലും ആലുവ നഗരത്തിലും അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കണ്ടെത്താനായി സർക്കാർ സംഘമായ നാറ്റ്പാക് ആദ്യഘട്ടസംഘം പഠനം ആരംഭിച്ചു. അൻവർ സാദത്ത് എംഎൽഎ, മറ്റു ജനപ്രതിനിധികൾ, നാറ്റ്പാക് ഉദ്യോഗസ്ഥർ എന്നിവരുടെയും സാന്നിധ്യത്തിൽ മാർത്താണ്ഡവർമ പാലം മേഖലയിലാണ് പഠനം ആരംഭിച്ചത്.
ആദ്യഘട്ടത്തിൽ നഗരാതിർത്തിയായ പുളിഞ്ചോടു കവല മുതൽ മംഗലപ്പുഴ പാലം വരെയാണ് പഠനം നടത്തുക. ഇതിൽ എൻഎച്ച് മേൽപ്പാലം, മാർത്താണ്ഡവർമ പാലം, പറവൂർ കവല, മംഗലപ്പുഴ പാലം എന്നിവയാണ് ഉൾപ്പെടുക. മൂന്ന് നിർദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് തയാറാക്കിയ ശേഷം ജനപ്രതിനിധികൾ, പൊലിസ്, ഗതാഗതവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുമായി ചർച്ചചെയ്യും. അതിൽ ഏറ്റവും ഉചിതമായ നിർദേശം അംഗീകരിച്ച് അതനുസരിച്ചുള്ള അന്തിമ റിപ്പോർട്ടും ഡിപിആറുമാണ് സർക്കാരിന് ജനുവരിയിൽ സമർപ്പിക്കുക.
നേരത്തെ പൊതുജനങ്ങളിൽനിന്നും സംഘടനകളിൽനിന്നും നൂറുകണക്കിന് നിർദേശങ്ങൾ ലഭിച്ചിട്ടുണ്ട്. ഇവയും പരിഗണിച്ചാണ് അന്തിമ റിപ്പോർട്ട് തയാറാക്കുക. അതിനുശേഷം രണ്ടാംഘട്ട പഠനം ആലുവ നഗരത്തിലെ ഗതാഗതക്കുരുക്കിനെ കുറിച്ചായിരിക്കുമെന്ന് നാറ്റ്പാക് പ്രിൻസിപ്പൽ സയന്റിസ്റ്റ് ആൻഡ് ഹെഡ് ബി. അനീഷ് കിനി പറഞ്ഞു.
മുനിസിപ്പൽ ചെയർപേഴ്സൺ സൈജി ജോളി, വൈസ് ചെയർമാൻ ഫാസിൽ ഹുസൈൻ, നാറ്റ്പാക് സയന്റിസ്റ്റുമാരായ ഡോ. അനില സിറിൽ, ഡോ. എൻ. വാസുദേവൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.