സുൽത്താൻ ബത്തേരി: ദേശീയപാത 766ലെ ഒന്നര പതിറ്റാണ്ട് പിന്നിട്ട രാത്രികാല ഗതാഗത നിരോധനത്തിനെതിരെ പ്രതിഷേധം കനക്കുന്നു. ഇരുപതോളം സംഘടനകളാണ് രാത്രികാല ഗതാഗതനിരോധനത്തിനെതിരെയും വയനാട്ടിലെ ഗതാഗത ദുരിതത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ടും പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കുന്നത്.
അതിനിടെ ഐ.സി. ബാലകൃഷ്ണൻ എംഎൽഎ കഴിഞ്ഞ ദിവസം നിയമസഭയിൽ രാത്രികാലഗതാഗത നിരോധനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സബ്മിഷൻ ഉന്നയിച്ചു. പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാമെന്നും ഇതിനുവേണ്ടി കർണാടകയുമായി ചർച്ച ചെയ്ത് ബദൽ മാർഗം സുപ്രീം കോടതിയിൽ സമർപ്പിക്കുമെന്നും മുഖ്യമന്ത്രി മറുപടി നൽകിയത് പ്രത്യാശയ്ക്ക് വക നൽകുന്നു.
2009ലാണ് കർണാടകയിലെ ബന്ദിപ്പുരിലൂടെ കടന്ന് പോകുന്ന ദേശീയപാത 766ലെ മൂലഹള മുതൽ മഥൂർവരെയുള്ള 19.7 കിലോമീറ്റർ പാതയിൽ രാത്രി ഒന്പത് മുതൽ രാവിലെ ആറു വരെ ഗതാഗതം നിരോധിച്ചത്. രാത്രികാല ഗതാഗതം പുനഃസ്ഥാപിക്കുന്നതിനായി കേരളം നൽകിയ കേസ് സുപ്രീംകോടതിയിലാണ്. സർക്കാരുകൾ ഇടപെട്ട് പ്രശ്നം രമ്യമായി പരിഹരിക്കാനും കോടതി നിർദേശിക്കുകയുണ്ടായി. കേരളത്തിലും കർണാടകത്തിലും കോണ്ഗ്രസ് സർക്കാരുകളാണ് ഭരണം നടത്തുന്നത്. അതിനാൽ പ്രശ്നം പരിഹരിക്കാൻ അനുകൂല സാഹചര്യമാണ്. ഇരു സംസ്ഥാനത്തെയും രാഷ്ട്രീയ നേതൃത്വം മുൻകൈയെടുത്താൽ പ്രശ്നം രമ്യമായി പരിഹരിക്കാൻ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
രാത്രിയാത്ര നിരോധനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വയനാട്ടിലെ വ്യാപാരികൾ മുഖ്യമന്ത്രിയെകണ്ട് നിരോധനം പിൻവലിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പടുകയുണ്ടായി. കേരളത്തെയും കർണാടകയേയും തമ്മിൽ പരസ്പരം ബന്ധിപ്പിക്കുന്ന ബൈരകുപ്പ പാലത്തിന്റെ നിർമാണത്തിന് പച്ചക്കൊടി ലഭിച്ച സാഹചര്യത്തിലാണ് രാത്രകാല ഗതാഗത നിരോധനം നീക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ വീണ്ടും ചൂട് പിടിച്ചിരിക്കുന്നത്.
വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ ഇരുപതോളം സംഘടനകളെ ചേർത്ത് പിടിച്ചാണ് ഇന്നലെ ലക്കിടിയിൽ ഉപവാസം നടത്തിയത്. റോഡ് തുറക്കണമെന്നാവശ്യപ്പെട്ട് 2019ൽ ദേശീയപാത 766 പ്രെട്ടക്ഷൻ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ വിവിധ പാർട്ടികളുടെയും സംഘനകളുടെയും നേതൃത്വത്തിൽ ബത്തേരിയിൽ അനിശ്ചിതകാലനിരാഹാര സമരവും ഹർത്താലും അതിർത്തിയിലേയ്ക്ക് ലോംഗ് മാർച്ചും നടത്തുകയുണ്ടായി.
രാത്രി യാത്രനിരോധനം പരിഹരിക്കാൻ സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന ആവശ്യവുമായാണ് ഇപ്പോൾ വിവിധ സംഘടനകൾ രംഗത്തിറങ്ങിയിരിക്കുന്നത്. വയനാട്ടിലെ ജനങ്ങളുടെ യാത്രപ്രശ്നം ഇനിയും നീണ്ടുപോകാൻ അനുവദിക്കാനാവില്ലെന്നാണ് കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ബത്തേരിയിലെ എംഎൽഎയായിരുന്ന ഐ.സി. ബാലകൃഷ്ണൻ നിയമസഭയിൽ സബ് മിഷൻ ഉന്നയിച്ചപ്പോൾ വ്യക്തമാക്കിയത്.
Tags :