പ്രതീകാത്മക ചിത്രം
പത്തനംതിട്ട: നിലയ്ക്കലിൽ നിന്നുള്ള പരുമല പദയാത്ര നാളെ ആരംഭിക്കും. പദയാത്രയുടെ റൂബി ജൂബിലി ഉദ്ഘാടനവർഷം കൂടിയാണിതെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. കാട്ടുവള്ളിക്കുരിശും വഹിച്ച് കാഷായ വസ്ത്ര ധാരികളായാണ് തീർഥാടകർ പദയാത്രയിൽ പങ്കെടുക്കുന്നത്.
നാളെ രാവിലെ ഏഴിന് നിലയക്കൽ സെന്റ് തോമസ് എക്യുമെനിക്കൽ ദേവാലയത്തിൽ മാത്യൂസ് മാർ തേവോദോസിയോസ് മെത്രാപ്പോലീത്ത വിശുദ്ധ കുർബാന അർപ്പിക്കും. തുടർന്ന് മെത്രാപ്പോലീത്തയുടെ ആശിർവാദത്തോടെയാണ് പദയാത്ര ആരംഭിക്കുന്നത്. നിലയ്ക്കൽ എക്യുമെനിക്കൽ സെന്റർ അഡ്മിനിസ്ട്രേറ്റർ ഫാ.ഷൈജു മാത്യു അനുഗ്രഹ പ്രഭാഷണം നടത്തും.
കിഴക്കൻ മേഖലയിലെ ആങ്ങമൂഴി സെന്റ് ജോർജ്, നിലയ്ക്കൽ സെന്റ് തോമസ്, സീതത്തോട് സെന്റ് ഗ്രിഗോറിയോസ്, വയ്യാറ്റുപുഴ സെന്റ് തോമസ്, ചിറ്റാർ സെന്റ് ജോർജ് വലിയപള്ളി, കുടപ്പന സെന്റ് മേരീസ്, വടശേരിക്കര വിശുദ്ധ മർത്തമറിയം തീർഥാടനപ്പള്ളി എന്നീ ദേവാലയങ്ങളുടെ സംയുക്താഭിമുഖ്യത്തിലാണ് പദയാത്ര.
10.30 ന് സീതത്തോട് സെന്റ് ഗ്രിഗോറിയോസ് പള്ളിയിൽ സ്വീകരണത്തെത്തുടർന്ന് പദയാത്രയുടെ റൂബി ജൂബിലി ഉദ്ഘാടനം കെ.യു .ജനീഷ്കുമാർ എംഎൽഎ നിർവഹിക്കും. പദയാത്രാസംഘം പ്രസിഡന്റ് ഫാ. ഐവാൻ ജോസഫ് ഗീവർഗീസ് മഠത്തിലേത്ത് അധ്യക്ഷത വഹിക്കും. ബസലേൽ റമ്പാൻ റൂബി ജൂബിലിയുടെ ലോഗോ പ്രകാശനം നടത്തും.
വൈകുന്നേരം വടശേരിക്കര പള്ളിയിൽ തീർഥാടകർ എത്തും. നവംബർ ഒന്നിനു രാവിലെ വടശേരിക്കരയിൽ നിന്നും പുനരാരംഭിക്കുന്ന പദയാത്ര, കീക്കൊഴൂർ, മാരാമൺ, നെല്ലിക്കൽ, ആറാട്ടുപുഴ, പുത്തൻകാവ്, പാണ്ടനാട് വഴി വൈകുന്നേരം ആറിന് പരുമല കബറിങ്കലെത്തും.
11.30ന് ചിറ്റാർ 86 മിസ് ബാഹുൽ ഉലും ജമാ അത്ത് മുസ്ലീം പള്ളിയിൽ മൗലവി ഷമ്മാസ് ബാഖവി സ്വീകരിക്കും. രണ്ടിനു രാവിലെ പരുമല ദേവാലയത്തിൽ കുർബാനയിൽ പങ്കെടുത്തശേഷമാണ് തീർഥാടകർ മടങ്ങുന്നത്.
പ്രസിഡന്റ് ഫാ. ഐവാൻ ജോസഫ് ഗീവർഗീസ് മഠത്തിലേത്ത്, ജനറൽ കൺവീനർ അനു വടശേരിക്കര, പബ്ലിസിറ്റി കൺവീനേഴ്സ് മനോജ് കുളത്തുങ്കൽ ട്രഷറാർ ജസ്റ്റിൻ വർഗീസ് പീടികയിൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Tags :