പ്രതീകാത്മക ചിത്രം
ആലപ്പുഴ: ജനറൽ ആശുപത്രിയിൽ വെള്ളംമുടങ്ങിയതിനെതിരേ പ്രതിപക്ഷ കൗൺസിലർമാർ നഗരസഭയിലേക്കു നടത്തിയ മാർച്ചിൽ ഭരണപക്ഷ കൗൺസിലർമാരുമായി വാക്കുതർക്കം. ആശുപത്രിയിലെ ശൗചാലയങ്ങളിൽ പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ പോലുംവെള്ളമില്ലാത്തതിൽ നടപടി സ്വീകരിക്കാത്തതിനെതിരെയായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ഇവരുടെ നേതൃത്വത്തിൽ നഗരസഭാധ്യക്ഷ മോളി ജേക്കബിനെ ചേമ്പറിൽ ഉപരോധിച്ചു. ആശുപത്രി വികസന സമിതി വിളിച്ചുചേർക്കുമെന്ന എൽഡിഎഫ് ആവശ്യം നഗരസഭാധ്യക്ഷ അംഗീകരിച്ചതോടെയാണ് മണിക്കൂറുകൾ നീണ്ട ഉപരോധം അവസാനിച്ചത്.
ഇതിനിടെ ഉപരോധത്തെ ഭരണപക്ഷ കൗൺസിർമാർ ചോദ്യംചെയ്തത് വലിയവാക്കുതർക്കത്തിനും ഉന്തുംതള്ളിനും കൈയങ്കളിക്കും ഇടയാക്കി. എൽഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് വി.ജി.വിഷ്ണു, എൽ. മായ, എ.ഷാനവാസ് എന്നിവരും ഭരണപക്ഷത്തെ യുഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് ആർ.ആർ. ജോഷിരാജ്, കൗൺസിലർമാരായ ആർ. അംജിത്കുമാർ, കെ. നൂറുദ്ദീൻകോയ എന്നിവരുമായായിരുന്നു തർക്കം. ഇതിനിടെ മോഷണം നടത്തിയവരെ തനിക്കറിയാമെന്നും പ്രതിപക്ഷം നാടകം നടത്തുകയാണെന്നുമുള്ള മോളി ജേക്കബിന്റെ പരാമർശവും വലിയ ബഹളമുണ്ടാക്കി.
ആശുപത്രിൽ മോഷണമുണ്ടായത് ഭരണപക്ഷം ആശുപത്രിഭരണത്തിൽ കാര്യമായി ഇടപെടാത്തതിനാലാണെന്ന് എൽഡിഎഫ് കൗൺസിലർമാർ കുറ്റപ്പെുത്തി. ആശുപത്രി പരിസരത്ത് നിരീക്ഷണ കാമറകൾ സ്ഥാപിച്ചു ജനങ്ങളുടെയടക്കം സുരക്ഷ ഉറപ്പാക്കണമെന്നും കൗൺസിലർമാർ ആവശ്യപ്പെട്ടു.
ബുധനാഴ്ച ജനറൽ ആശുപത്രിയിലെ മോട്ടോർ പമ്പിന്റെ ചെമ്പുകമ്പിയും വാൽവും മോഷണംപോയതാണ് കുടിവെള്ളവിതരണം തടസപ്പെട്ടത്. രോഗികളും കൂട്ടിരിപ്പുകാരും പ്രാഥമികാവശ്യങ്ങൾപോലും നിറവേറ്റാതെ വലഞ്ഞതിന് പിന്നാലെ ടാങ്കർലോറിയിൽ വെള്ളമെത്തിച്ചാണ് താത്കാലിക പരിഹാരം കണ്ടത്.
Tags :