കാസർഗോഡ്: ഒപ്പത്തിനൊപ്പമുള്ള മത്സരവും നേരിയ ഭൂരിപക്ഷവുമൊക്കെയാകുമ്പോഴാണ് അപരന്മാരെക്കൊണ്ടുള്ള ഗുണവും ദോഷവും അറിയാൻ കഴിയുന്നത്. എന്നാൽ കുത്തൊഴുക്കുപോലെ വോട്ടുകളും ഭൂരിപക്ഷവും വന്നപ്പോൾ ജില്ലയിലെ ഒരു മണ്ഡലത്തിലും അപരന്മാരുടെ സാന്നിധ്യം പ്രകടമായില്ല.
സംസ്ഥാനമാകെ ശ്രദ്ധിക്കപ്പെട്ട പോരാട്ടം നടന്ന മഞ്ചേശ്വരം മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി എ.കെ.എം. അഷ്റഫിന് മുഹമ്മദ് അഷ്റഫ് എന്ന പേരിൽ രണ്ട് അപരന്മാരുണ്ടായിരുന്നു. ഒരാൾ 78 വോട്ടും മറ്റേയാൾ 64 വോട്ടും മാത്രമാണ് നേടിയത്. ലീഗ് വിമതനായി വിശേഷിപ്പിക്കപ്പെട്ട കണ്ണൂർ അബ്ദുള്ള 285 വോട്ടുകൾ നേടി. സ്വതന്ത്രയായി മത്സരിച്ച മുൻ പഞ്ചായത്ത് പ്രസിഡന്റ് ജീൻ ലവിന മൊന്തേരോ 523 വോട്ടുകളാണ് നേടിയത്. ബിജെപി സ്ഥാനാർഥി കെ. സുരേന്ദ്രന്റെ അപരനാകാൻ തിരുവനന്തപുരത്തുനിന്ന് വണ്ടിപിടിച്ചെത്തിയ ഡി. സുരേന്ദ്രൻ നായർക്ക് 203 വോട്ടുകൾ ലഭിച്ചു.
കാസർഗോഡ് മണ്ഡലത്തിൽ എൽഡിഎഫ് സ്വതന്ത്രൻ ഷാനവാസ് പാദൂരിന്റെ അപരനായ എ.എ. ഷാനവാസ് 893 വോട്ടുകൾ നേടി. ഉദുമയിൽ എൽഡിഎഫ് സ്ഥാനാർഥി സി.എച്ച്. കുഞ്ഞമ്പുവിന്റെ അപരനായെത്തിയ പി.പി. കുഞ്ഞമ്പു നേടിയത് 191 വോട്ടുകളാണ്. കാഞ്ഞങ്ങാട് മണ്ഡലത്തിൽ അപരന്മാരൊന്നും ഉണ്ടായിരുന്നില്ല.
തൃക്കരിപ്പൂരിൽ യുഡിഎഫ് സ്ഥാനാർഥി സന്ദീപ് വാര്യരുടെ അപരൻ സന്ദീപ് എളാട്ട് 258 വോട്ടുകൾ നേടിയപ്പോൾ എൽഡിഎഫ് സ്ഥാനാർഥി വി.പി.പി. മുസ്തഫയുടെ അപരന്മാരായ പി.പി. മുസ്തഫ 169 വോട്ടുകളും വി.പി. മുസ്തഫ 143 വോട്ടുകളും നേടി.
Tags : Others unable nattuvishesham local news