സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റിയോഗം പൂർത്തിയായ ശേഷം പിബി അംഗം പിണറായി വിജയൻ സമ്മേളന ഹാളിൽ നിന്ന് പുറത്തേക്ക് വരുന്നു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ,
കണ്ണൂർ: ജില്ലയിൽ സ്ഥാനാർഥി നിർണയത്തിലെ അപകാതകൾ ചൂണ്ടിക്കാട്ടിയപ്പോൾ കീഴ്ഘടക കമ്മിറ്റികളെ നോക്കുകുത്തിയാക്കിയെന്നും പ്രവർത്തകരുടെ അഭിപ്രായത്തെ നേതാക്കൾ മൗനം കൊണ്ടു നേരിട്ടതും പയ്യന്നൂർ, തളിപ്പറന്പ് പാർട്ടി കോട്ടകളെ തകർത്തുവെന്ന് സിപിഎം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിയോഗത്തിൽ വിമർശനം. വിമർശനവും ആത്മവിമർശനവും പ്രായോഗികമാക്കണമെന്നും വിമർശനമുയർന്നു. പയ്യന്നൂരിൽ പാർട്ടിയിലെ വിഭാഗീയത അവസാനിപ്പിക്കാൻ ഫലപ്രദമായ ഇടപെടലുകൾ ഉണ്ടായില്ലെന്നു മാത്രമല്ല പ്രവർത്തകരുടെ വികാരം വേണ്ടരീതിയിൽ ഉൾക്കൊള്ളാൻ നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും പൊതുചർച്ചയിൽ കുറ്റപ്പെടുത്തലുകൾ ഉയർന്നു.
തളിപ്പറന്പിൽ പി.കെ. ശ്യാമളയെ സ്ഥാനാർഥിയാക്കി നിശ്ചയിച്ചപ്പോൾ പാർട്ടി കുടുംബാധിപത്യത്തിലേക്ക് പോകുന്നവെന്ന എതിരാളികളുടെ പ്രചാരണം പാർട്ടി ബന്ധുക്കളും വിശ്വസിച്ചു. ഈ സാഹചര്യത്തിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പാലിച്ച മൗനവും വലിയ തിരിച്ചടിയായി. പി.കെ.ശ്യാമളയക്കു പകരം മറ്റൊരാളായിരുന്നു സ്ഥാനാർഥിയെങ്കിൽ ഒരു പക്ഷേ തളിപ്പറന്പ് നഷ്ടപ്പെടില്ലായിരുന്നു. ജില്ലാ സെക്രട്ടേറിയറ്റ് മുതൽ മണ്ഡലം കമ്മിറ്റി വരെ തളിപ്പറമ്പിലെ സ്ഥാനാർഥി നിർണയത്തിൽ എതിർപ്പ് തുറന്ന് പറഞ്ഞിട്ടും ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയും ഇതു മുഖവിലക്കെടുത്തില്ലെന്നും കുറ്റപ്പെടുത്തലുണ്ടായി. സംസ്ഥാന നേതൃത്വം പൂർണമായും ജില്ലാ നേതൃത്വം പറയുന്നത് മാത്രം വിശ്വസിച്ചു പോയി. താഴെത്തട്ടിലെ പ്രവർത്തകരുടെ വികാരം ഉൾക്കൊള്ളാൻ പാർട്ടിക്ക് കഴിഞ്ഞില്ല. അടിത്തട്ടിലുള്ളവരുമായുള്ള ബന്ധം പാർട്ടിക്ക് നഷ്ടപ്പെട്ടെന്ന യാഥാർഥ്യം ഉൾക്കൊണ്ട് തിരുത്തണമെന്നും നിർദേശം ഉയർന്നു. തെരഞ്ഞെടുപ്പ് പരാജയം ഉൾപ്പെടയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി കെ.കെ. രാഗേഷിനെതിരെയും വിമർശനം ഉയർന്നെങ്കിലും ഇക്കാര്യത്തിൽ വ്യക്തിയല്ല പാർട്ടിക്കാണ് ഉത്തരവാദിത്തമെന്ന മറുപടിയാണ് ഉണ്ടായത്.
യുവനേതൃനിരയെ വാർത്തെടുക്കണമെന്ന സംസ്ഥാനതല തീരുമാനം നല്ലരീതിയിൽ നടപ്പാക്കണമെന്ന് ആവശ്യം ഉയർന്നു. ഇതിന്റെ പശ്ചാത്തലത്തിൽ എഡിഎം നവീൻ ബാബുവിന്റെ മരണത്തെ തുടർന്ന് ജില്ലാ കമ്മിറ്റിയിൽനിന്ന് കീഴ്ഘടകത്തിലേക്ക് തരംതാഴ്ത്തിയ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ തിരിച്ചെത്തിക്കണമെന്ന നിർദേശവും ഉണ്ടായി. എന്നാൽ നിലവിലെ കേസുകൾ തീർപ്പാകുന്ന മുറയ്ക്ക് പരിഗണിക്കാമെന്ന് നിലയിൽ ഈ ആവശ്യം മാറ്റിവച്ചു. രണ്ടു ദിവസങ്ങളായി നടന്ന യോഗത്തിൽ നിന്നുള്ള നിർദേശങ്ങൾ ഉൾക്കൊണ്ടാണ് പാർട്ടിയെ ശക്തിപ്പെടുത്തുന്ന 36 ഇന ഭാവി പരിപാടികൾ തയാറാക്കിയത്.
ജനകീയ അടിത്തറ ശക്തമാക്കാനുള്ള നടപടികളാണ് ഇതിൽ പ്രധാനമെന്നും ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് പത്രസമ്മേളനത്തിലും വ്യക്തമാക്കിയിരുന്നു.
Tags :