നെല്ലുസംഭരണം ജില്ലാതല ഉദ്ഘാടനം തൃത്താല പള്ളങ്ങാട്ടുചിറയിൽ മന്ത്രി എം.ബി. രാജേഷ് നിർവഹിക്കുന്നു.
പാലക്കാട്: ജില്ലയിൽ നെല്ലുസംഭരണത്തിന് തുടക്കമായി. ജില്ലാതല ഉദ്ഘാടനം തൃത്താല മണ്ഡലത്തിൽ കപ്പൂർ ഗ്രാമപഞ്ചായത്തിലെ പള്ളങ്ങാട്ടുചിറയിൽ മന്ത്രി എം.ബി. രാജേഷ് നിർവഹിച്ചു.
പള്ളങ്ങാട്ടുചിറയിൽനിന്ന് അഞ്ചുലോഡ് നെല്ലാണ് സംഭരിച്ചത്. പട്ടിത്തറ ഗ്രാമ പഞ്ചായത്തിലെ വട്ടേനാട് പാടശേഖരം, ചാലിശ്ശേരി പഞ്ചായത്തിലെ മേപ്പാടം പാടശേഖരം എന്നിവിടങ്ങളിൽനിന്ന് ഓരോ ലോഡുവീതവും തൃത്താല പഞ്ചായത്തിലെ തൃത്താല പാടശേഖരത്തിൽനിന്ന് രണ്ടുലോഡും സംഭരിച്ചു.
ജില്ലയിലെ വിവിധയിടങ്ങളിൽ നിന്നായി 30 ലോഡ് നെല്ലുകളാണ് സംഭരിച്ചത്. കഴിഞ്ഞദിവസം മന്ത്രി എം.ബി. രാജേഷിന്റെ നേതൃത്വത്തിൽ ഓൺലൈനായി ചേർന്ന ഉന്നതതല യോഗത്തിന്റെ ഭാഗമായാണ് നെല്ലുസംഭരണം ആരംഭിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തത്.
പിആർഎസ് ഹാജരാക്കുന്ന മുറയ്ക്ക് സഹകരണ സംഘങ്ങൾ കർഷകർക്ക് കാലതാമസമില്ലാതെ പ്രാഥമിക സർവീസ് സഹകരണസംഘങ്ങൾമുഖേന വില ലഭ്യമാക്കും.
പള്ളങ്ങാട്ടുചിറയിൽ നടന്ന ചടങ്ങിൽ കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ നാസർ അധ്യക്ഷയായി. പാലക്കാട് പിഎംഒമാരായ അജി അബൂബക്കർ, ജഗന്നാഥൻ, ഡോണ, അസിസ്റ്റന്റ് ഡയറക്ടർ മാരിയത്ത് കിബിത്തിയ, കപ്പൂർ കൃഷി ഓഫീസർ വി.വി. ഐഷ തുടങ്ങിയവർ പങ്കെടുത്തു.