പ്രതീകാത്മക ചിത്രം
കോട്ടയം: സിപിഎം സമ്മേളനങ്ങളിലെ പ്രധാനഭക്ഷണമായ കട്ടന്‍ചായയും പരിപ്പുവടയും പരിഷ്കരിച്ച് പുതിയ മെനുവിലേക്ക്. സിഐടിയു സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കുന്ന നേതാക്കളും പ്രതിനിധികളും എരിവും പുളിയും മധുരവും നുണഞ്ഞാണ് ചായ കുടിക്കുന്നത്. സമ്മേളന നഗറായ മാമ്മന്‍ മാപ്പിള ഹാളിലെ ഗ്രൗണ്ട് ഫ്ലോറിലാണ് പ്രതിനിധികള്‍ക്കായി നാടന്‍ ചായക്കട ഒരുക്കിയിരിക്കുന്നത്.
‘എരിവും പുളിയും മധുരവും ചായയും’ എന്നു പേരിട്ടിരിക്കുന്ന തട്ടുകടയില്‍ നെല്ലിക്കയും മാങ്ങയും ഉപ്പിലിട്ടത്, കടലമിഠായി, നാരങ്ങാ മിഠായി, എള്ളുണ്ട, പരിപ്പുവട, ഉള്ളിവട, കോളിഫ്ലവര്‍ ബജി എന്നിവയാണ് ചായയ്ക്കൊപ്പം ലഭിക്കുന്നത്. സിപിഎമ്മിന്റെ വിപുലീകൃത സംസ്ഥാന കമ്മിറ്റി കോഴിക്കോട് ചേര്‍ന്നപ്പോഴും ഇതായിരുന്നു സ്നാക്സ് റിഫ്രഷ്മെന്റ് കഫേയിലെ മെനു. സമ്മേളനത്തില്‍ പങ്കെടുക്കുന്ന പ്രതിനിധികളും നേതാക്കളും സമ്മേളന ഇടവേളകളില്‍ മധുരവും എരിവും പുളിയും നുകര്‍ന്ന് ചായകുടിക്കാനെത്തി.
പുട്ടും കടലയും, അപ്പവും സ്റ്റൂവും, ഇഡ്ലി സാമ്പാര്‍ എന്നിങ്ങനെയാണ് പ്രഭാത മെനു. ഉച്ചയ്ക്ക് കരിമീന്‍, ബീഫ്, മീന്‍കറി എന്നിവ കൂട്ടിയുള്ള ഊണാണ്. വൈകുന്നേരം ചപ്പാത്തി, കഞ്ഞി, തിരുവാതിരപുഴുക്ക്, ചമ്മന്തി എന്നിവയാണ്. രാവിലെയും വൈകുന്നേരവും സ്നാക്സായി പരിപ്പുവട, കോട്ടയത്തിന്റെ സ്വന്തം ചുരുട്ട്, മുറുക്ക് എന്നിവയാണുള്ളത്. ഇതിനൊപ്പം കട്ടന്‍ ചായയും പാല് ഒഴിച്ചുള്ള പൊടിക്കാപ്പിയുമാണ് നല്‍കുന്നത്. ഹരിത പെരുമാറ്റ ചട്ടം പാലിക്കുന്നതിനായി സ്റ്റീല്‍ ഗ്ലാസിലാണ് കാപ്പി നല്‍കുന്നത്.
സമ്മേളനനഗറില്‍ പുസ്തകോത്സവം, ചരിത്ര പ്രദര്‍ശനം, അഭയം ഹെല്പ് ഡെസ്ക് തുടങ്ങിയവുമുണ്ട്. സാംസ്കാരിക പരിപാടികളുടെ ഭാഗമായി ഇന്നലെ കഥകളിയും അരങ്ങിലെത്തി. കഴിഞ്ഞ ദിവസം അലോഷിയുടെ ഗാനസന്ധ്യയുണ്ടായിരുന്നു. ഇന്നും നാളെയുമായി നാടകം, നാടന്‍പാട്ട് എന്നിവയുണ്ട്.
Tags : CITU conference nattuvishesham district news deepika news Parippuvada and black coffee make way