പ്രതീകാത്മക ചിത്രം
കൊടുമണ്‍: മുല്ലോട്ട് ഡാം കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കുന്നതിനും പ്രദേശത്തിന്റെ സമഗ്ര വികസനത്തിന് പ്രയോജനപ്പെടുത്തുന്നതിനും ആവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജലവിഭവ മന്ത്രി മോന്‍സ് ജോസഫിന് നിവേദനം നൽകി.
കൊടുമണ്‍, പന്തളം തെക്കേക്കര പഞ്ചായത്തുകളുടെ അതിര്‍ത്തിയില്‍ 60 വര്‍ഷം മുമ്പാണ്
ഡാം നിര്‍മിച്ചത്. മുല്ലോട്ട്മല, കോട്ട്ല മല എന്നിവയ്ക്കു നടുവിലാണ് ഡാം . 992 ല്‍ വിദേശ ഫണ്ട് ഉപയോഗിച്ച് നടത്തിയ അശാസ്ത്രീയമായ നിര്‍മാണ പ്രവര്‍ത്തനം ഷൂട്ടറുകള്ക്ക് ചോര്‍ച്ച സംഭവിച്ചു ഉപയോഗശൂന്യമാകാനിടയാക്കി.
കുടിവെള്ളത്തിന് ഡാമിലെ ജലം ഉപയോഗിക്കാമെന്നിരിക്കേ ജലസംഭരണശേഷി പരമാവധി പ്രയോജനപ്പെടുത്തുന്നതിനും ജലവിതരണ സംവിധാനം കാര്യക്ഷമമാക്കുന്നതിനും ആവശ്യമായ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കണമെന്നാണ് നിവേദനത്തിലെ പ്രധാന ആവശ്യം. കാര്‍ഷിക മേഖലയ്ക്ക് ആവശ്യമായ ജലലഭ്യത ഉറപ്പാക്കുന്നതിനും ജലസ്രോതസുകള്‍ സംരക്ഷിക്കുന്നതിനും ഡാമിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കേണ്ടതുണ്ട്. മുല്ലോട്ട് ഡാമിന് ടൂറിസം വികസനത്തിനും മികച്ച സാധ്യതകളുണ്ടെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
പ്രദേശത്തിന്റെ പ്രകൃതിഭംഗിയും ജലാശയത്തിന്റെ സവിശേഷതകളും പ്രയോജനപ്പെടുത്തി പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര കേന്ദ്രമായി മുല്ലോട്ട് ഡാമിനെ വികസിപ്പിക്കാന്‍ കഴിയും. അനുയോജ്യമായ സ്ഥലങ്ങളില്‍ ബോട്ടിംഗ് സൗകര്യം, നടപ്പാതകള്‍, വിശ്രമകേന്ദ്രങ്ങള്‍, കാഴ്ചാസൗകര്യങ്ങള്, അടിസ്ഥാന വിനോദസഞ്ചാര സൗകര്യങ്ങള്‍ എന്നിവ ഒരുക്കുന്നത് സന്ദര്‍ശകരെ ആകര്‍ഷിക്കും. ഇത് പ്രദേശത്തെ ചെറുകിട വ്യാപാരികള്‍ക്കും സംരംഭകര്‍ക്കും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും പ്രാദേശിക സമ്പദ്വ്യവസ്ഥയ്ക്ക് ഉണര്‍വേകുന്നതിനും സഹായകമാകുമെന്നും നിവേദനത്തല് ചൂണ്ടിക്കാട്ടി.
ജലവിഭവ, ടൂറിസം വകുപ്പുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കണമെന്നും ഡാമിന്റ് നവീകരണത്തിനും ടൂറിസം വികസനത്തിനുമായി സമഗ്രമായ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കണമെന്നും കേരള കോണ്‍ഗ്രസ് ഹൈ പവര്‍ കമ്മിറ്റി അംഗം ഡോ. ജോര്‍ജ് വര്‍ഗീസ് കൊപ്പാറ, സംസ്ഥാന ജനറല്‍ സെക്രട്ടറി ജേക്കബ് ജോര്‍ജ് കുറ്റിയില്‍, ബിജു ജോഷ്വ, കെ. പ്രഭാകരന് എന്നിവര്‍ ചേര്‍ന്നു നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
Tags : Mullottu Dam nattu vishesham local news Tourism projects centered around