വാട്ടര്‍ അഥോറിറ്റിയുടെ പൈപ്പ് പൊട്ടി നിലമ്പൂരില്‍ ശുദ്ധജലം പുറത്തേക്ക് ഒഴുകുന്നു.
നിലമ്പൂര്‍: നഗരത്തിലും പരിസരപ്രദേശങ്ങളിലും വാട്ടര്‍ അഥോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടി ശുദ്ധജലം വന്‍തോതില്‍ പാഴാകുന്നത് പതിവാകുന്നു. നിലമ്പൂര്‍ കെഎന്‍ജി റോഡില്‍നിന്ന് കളത്തിന്കടവിലേക്കുള്ള റോഡില്‍ കഴിഞ്ഞദിവസം വലിയ പൈപ്പ് പൊട്ടി വ്യാപകമായി വെള്ളം പുറത്തേക്കൊഴുകി.
റോഡിന് നടുവില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടാണ് ജലം കുത്തിയൊഴുകിയത്. മിനിറ്റുകള്‍ക്കുള്ളില്‍ കെഎന്‍ജി റോഡിലേക്ക് വെള്ളം പരന്നൊഴുകുകയും നിലമ്പൂര്‍ ജനതപ്പടി വരെയുള്ള ഭാഗം മണിക്കൂറുകളോളം തോടിന് സമാനമായ അവസ്ഥയിലാവുകയും ചെയ്തു. ഇതുമൂലം വാഹനയാത്രക്കാരും കാല്‍നടയാത്രക്കാരും വ്യാപാരികളും ബുദ്ധിമുട്ടിലായി.
സംഭവം അറിയിച്ചിട്ടും വാട്ടര്‍ അഥോറിറ്റി ജീവനക്കാര്‍ സ്ഥലത്തെത്താനോ ജലവിതരണം നിര്‍ത്തിവയ്ക്കാനോ തയാറായില്ലെന്നാണ് ആരോപണം.
ദിവസങ്ങള്‍ക്ക് മുന്‍പ് നിലമ്പൂര്‍ ജില്ലാ ആശുപത്രി റോഡില്‍ പൈപ്പ് പൊട്ടി ദിവസങ്ങളോളം വെള്ളമൊഴുകിയ ശേഷമാണ് അധികൃതര്‍ അറ്റകുറ്റപ്പണി നടത്തിയത്.
നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ കാലപ്പഴക്കം ചെന്ന പൈപ്പുകളാണ് ഇപ്പോഴും കുടിവെള്ള വിതരണത്തിനായി ഉപയോഗിക്കുന്നത്. ഇതാണ് അടിക്കടി പൈപ്പ് പൊട്ടാന്‍ കാരണമാകുന്നതെന്നാണ് പറയപ്പെടുന്നത്.
കാലപ്പഴക്കമുള്ള പൈപ്പുകള്‍ അടിയന്തരമായി മാറ്റണമെന്നും കുടിവെള്ള വിതരണം കാര്യക്ഷമമാക്കണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.