വാഹന പരിശോധന.
പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനമോടിക്കുന്നതും മദ്യപിച്ച് വാഹനമോടിക്കുന്നതും ഉൾപ്പെടെയുള്ള ഗുരുതരമായ നിയമലംഘനങ്ങൾക്കും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്കുമെതിരേ പത്തനംതിട്ട ജില്ലയിൽ പൊലിസിന്റെ വ്യാപക പരിശോധന. ജില്ലാ പൊലിസ് മേധാവി ആർ. ആനന്ദിന്റെ നിർദേശപ്രകാരം ജില്ലയിലെ വിവിധ പൊലിസ് സ്റ്റേഷൻ പരിധികളിൽ നടത്തിയ പ്രത്യേക പരിശോധനയിൽ വിവിധ നിയമലംഘനങ്ങളിലായി 270 കേസുകൾ രജിസ്റ്റർ ചെയ്തു. വിവിധ കേസുകളിലായി 33 പേരെ അറസ്റ്റ് ചെയ്തു.
റോഡപകടങ്ങളും അപകടമരണങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ ഗതാഗത നിയമലംഘനങ്ങൾ തടയുന്നതിനും പൊതുസമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനുമായാണ് പ്രത്യേക പരിശോധന സംഘടിപ്പിച്ചതെന്ന് എസ്പി ആർ. ആനന്ദ് പറഞ്ഞു. വിവിധയിടങ്ങളിൽ ജില്ലാ പൊലിസ് മേധാവിയും അഡിഷണൽ എസ്പി ആർ. ജയരാജും പരിശോധനയ്ക്കു നേതൃത്വം നൽകി. വ്യാഴാഴ്ച വൈകുന്നേരം നാലു മുതൽ ഇന്നലെ രാവിലെ എട്ടുവരെയാണ് തുടർച്ചയായ പരിശോധന നടന്നത്.
മദ്യപിച്ച് വാഹനമോടിച്ചതിന് 160 കേസുകളും പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ചതിന് ഏഴ്കേസുകളും രജിസ്റ്റർ ചെയ്തു. പൊതുസ്ഥലങ്ങളിലും വാഹനങ്ങളിലും മദ്യപാനം നടത്തിയതിന് കേരള അബ്കാരി നിയമപ്രകാരം 35 കേസുകളും നിരോധിത പുകയില ഉത്പന്നങ്ങളുടെ വിപണനം, ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട് 35 കേസുകളും രജിസ്റ്റർ ചെയ്തു. കേരള പൊലിസ് ആക്ട് ഉൾപ്പെടെയുള്ള പ്രാദേശിക നിയമങ്ങൾ അനുസരിച്ച് നടത്തിയ പരിശോധനയിൽ കണ്ടെത്തിയ നിയമലംഘനങ്ങൾക്ക് 32 കേസുകളും പണംവച്ചുള്ള ചീട്ടുകളി നടത്തിയതിന് ഒരു കേസും രജിസ്റ്റർ ചെയ്തു.
ജാമ്യമമില്ലാ വാറന്റ്;18 പേർ അറസ്റ്റിൽ
സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന 41 പേരെ പരിശോധിക്കുകയും വിവിധ കേസുകളിലെ 18 ജാമ്യമില്ലാ വാറന്റ് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട 11 പ്രതികളെയും ദീർഘനാളായി ഒളിവിൽ കഴിഞ്ഞിരുന്ന നാല് വാറന്റ് പ്രതികളെയും അറസ്റ്റ് ചെയ്തു.
കാപ്പ നിയമപ്രകാരം ജില്ലയിൽനിന്ന് പുറത്താക്കിയിട്ടുള്ള വ്യക്തികളുടെ നിലവിലെ പ്രവർത്തനങ്ങൾ, താമസസ്ഥലം, മറ്റ് നീക്കങ്ങൾ എന്നിവയും പൊലിസ് നിരീക്ഷിച്ചു വരികയാണ്.
സ്കൂൾ വാഹനങ്ങൾക്കും പരിശോധന
കുട്ടികളുടെ യാത്രാസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി വ്യാഴാഴ്ച വൈകുന്നേരം പത്തനംതിട്ട ജില്ലയിലൂടെ സർവീസ് നടത്തിയ ഏകദേശം മുഴുവൻ സ്കൂൾ വാഹനങ്ങളിലെയും ഡ്രൈവർമാരെ പൊലിസ് പരിശോധിച്ചു. സ്കൂൾ വാഹനങ്ങളുടെ സുരക്ഷയും ഡ്രൈവർമാരുടെ നിയമാനുസൃതമായ പ്രവർത്തനവും ഉറപ്പാക്കുന്നതിനായിരുന്നു പരിശോധന.
പ്രായപൂർത്തിയാകാത്തവർ വാഹനമോടിക്കുന്നത് തടയുന്നതിന് രക്ഷിതാക്കൾ പ്രത്യേക ജാഗ്രത പുലർത്തണമെന്നും മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് പറഞ്ഞു. ഗതാഗത നിയമങ്ങൾ പാലിക്കാത്തവർക്കും പൊതുസമാധാനത്തിന് ഭീഷണിയാകുന്ന സാമൂഹ്യവിരുദ്ധർക്കുമെതിരെ വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരുമെന്നും അദ്ദേഹം അറിയിച്ചു.
റോഡപകടങ്ങൾ കുറയ്ക്കുക, കുറ്റകൃത്യങ്ങൾ തടയുക, പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുക എന്നിവയാണ് പ്രത്യേക പരിശോധനയുടെ ലക്ഷ്യമെന്നും ജില്ലാ പൊലിസ് മേധാവി വ്യക്തമാക്കി.
Tags :