കൊല്ലം: പാരിപ്പള്ളി ഐഒസി പ്ലാന്റിലേക്ക് കാര്‍ ഇടിച്ചുകയറിയ സംഭവം സുരക്ഷാ വീഴ്ചയാണെന്നും അതിനാല്‍ പ്ലാന്റിന്റെ സുരക്ഷ ശക്തമാക്കണമെന്നും ആവശ്യമുയരുന്നു.
പെട്രോളിയം ഉത്പന്നങ്ങള്‍ സംഭരിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ഇത്തരം കേന്ദ്രങ്ങളില്‍ ചെറിയൊരു അശ്രദ്ധ പോലും വലിയ അപകടസാധ്യതയുണ്ടാക്കും.
പ്ലാന്റിന്റെ സുരക്ഷയ്ക്കായി വിമുക്ത ഭടന്മാരാണ് ഏജന്‍സി മുഖേന ജോലി ചെയ്യുന്നത്. പകരം സംവിധാനം ഒരുക്കണമെന്ന ആവശ്യം ഉയരുകയാണ്. ഉയര്‍ന്ന സുരക്ഷാമതിലും പ്ലാന്റിനു ചുറ്റും ശക്തമായ സംരക്ഷണ മതിലും ഉണ്ടെങ്കിലും നിയന്ത്രിതമായ പ്രവേശന കവാടം എഴിപ്പുറം റോഡില്‍ നിന്നു കയറുന്ന പ്രധാന ഭാഗത്ത് ഇല്ല.
അതിനാലാണ് പ്ലാന്റിന്റെ സുരക്ഷിത മേഖലയിലേക്ക് കാര്‍ ഇടിച്ചു കയറാനുള്ള സാഹചര്യമുണ്ടാക്കിയതെന്ന് അന്വേഷണം നടത്തുന്ന പൊലിസ് ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നു. വാഹന പ്രതിരോധ സംവിധാനം പ്ലാന്റിന്റെ അതിര്‍ത്തിയിലും പ്രധാന കെട്ടിടങ്ങള്‍ക്കും ടാങ്കുകള്‍ക്കും സമീപം ആവശ്യമാണ്.
24 മണിക്കൂര്‍ നിരീക്ഷണമുള്ള അതീവ സുരക്ഷാ മേഖലയില്‍ സിസിടിവി കാമറകളും സുരക്ഷാ ജീവനക്കാരുടെ നിരീക്ഷണവും ഉണ്ട്. എന്നാല്‍ അതൊന്നും ഫലം ചെയ്യുന്നില്ലെന്നാണ് പരാതി ഉയരുന്നത്.
എഴിപ്പുറം- പാരിപ്പള്ളി റോഡിലെ പ്രവേശന ഭാഗത്തു തന്നെ നിയന്ത്രണ അനിവാര്യമാണ്.
അനുമതിയില്ലാത്ത വാഹനങ്ങളുടെയും വ്യക്തികളുടെയും പ്രവേശനം തടയണമെന്ന ആവശ്യം ഉയരുകയാണ്. വാഹനങ്ങളുടെ വേഗനിയന്ത്രണം പ്ലാന്റിനുള്ളിലും പരിസരത്തും വേണം. അപകടസാധ്യതയുള്ള ഭാഗങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ നിലവിലില്ല.