പ്രതീകാത്മക ചിത്രം
പത്തനംതിട്ട: അടൂർ പഴകുളത്തും കൊടുമണ്ണിലും കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നതായുള്ള പരാതി വ്യാജമെന്ന് പൊലിസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ഇരു സ്ഥലങ്ങളിലും കാറിലെത്തിയവർ കുട്ടികൾക്ക് ലിഫ്റ്റ് വാഗ്ദാനം ചെയ്തത് സദുദ്ദേശ്യത്തോടെയാണെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി ജില്ലാ പൊലിസ് മേധാവി ആർ. ആനന്ദ് പറഞ്ഞു. ഇരു സംഭവങ്ങളിലും ഉൾപ്പെട്ടവരുടെ മൊഴികൾ പരിശോധിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ 26ന് ആദ്യം അടൂർ പഴകുളത്തും പിന്നീട് കൊടുമണ്ണിലും കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചുവെന്ന പരാതി ഭീതി പരത്തിയിരുന്നു. സംഭവത്തിൽ അടൂർ ഡിവൈഎസ്പിയുടെ മേൽനോട്ടത്തിൽ, അടൂർ, പന്തളം സിഐമാരുടെ ഉൾപ്പെട്ട പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.
കൊടുമണ്ണിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചുവെന്ന പരാതിയിലെ കാറുടമയെ പൊലിസ് കണ്ടെത്തിയിരുന്നു. കൂടൽ സ്വദേശിയായ ഇയാൾ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. മകളെ യാത്രയാക്കാൻ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ എത്തി മടങ്ങിയപ്പോഴാണ് ഇയാൾ കുട്ടിക്ക് ലിഫ്റ്റ് വാഗ്ദാനം ചെയ്തത്. ഇയാളുടെ മാതാവും ഒപ്പമുണ്ടായിരുന്നു. ഇയാളുടെ മൊഴിയും കുടുംബ പശ്ചാത്തലവും പരിശോധിച്ച് വരികയാണ്.
പഴകുളത്ത് ഭാര്യയുടെ വീട്ടിലെത്തിയ ബിലാൽ എന്നയാൾക്കെതിരേയാണ് ആരോപണം. പ്രദേശത്ത് നടന്ന ഒരു വിരുന്നിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ കാറിലുണ്ടായിരുന്ന സ്ത്രീക്ക് പരിചയമുള്ള കുട്ടികളെ, ചെളിനിറഞ്ഞ വഴിയിൽ കണ്ടപ്പോൾ, അവരെ വീട്ടിലാക്കാമെന്ന സദുദേശ്യത്തോടെ വാഹനത്തിൽ കയറാൻ ക്ഷണിച്ചതാണെന്നാണ് മനസിലായത്. കുട്ടികൾ കയറുന്നില്ല എന്ന് പറഞ്ഞപ്പോൾ, ഇവർ യാത്ര തുടരുകയും ചെയ്തു. കുട്ടികളുടെ പിതാവ് ഇവരെ തിരിച്ചറിഞ്ഞതോടെയാണ് പൊലിസിന് നിരപരാധിത്വം ബോധ്യപ്പെട്ടത്.
Tags :