ദിശ എക്സ്പോ മന്ത്രി എ.പി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.
മലപ്പുറം: വിദ്യാഭ്യാസ രംഗത്ത് ഗുണകരമായ മാറ്റങ്ങള്‍ നടപ്പാക്കാന്‍ സര്ക്കാരിനായിട്ടുണ്ടെന്ന് മന്ത്രി എ.പി അനില്‍കുമാര്‍. മലപ്പുറം എംഎസ്പി പരേഡ് ഗ്രൗണ്ടില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസന്റ് കൗണ്‍സലിംഗ് സെല്ലും നടത്തുന്ന ദിശ എക്സ്പോ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ മന്ത്രി മലപ്പുറത്തിന് തന്ന സമ്മാനം കൂടിയാണ് ഈ പ്രദര്‍ശനം.
സംസ്ഥാന കായികമേള കോഴിക്കോട് ഏറ്റവും നല്ല രീതിയില്‍ സംഘടിപ്പിച്ച ശേഷമാണ് ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന്റെ ഈ ഒരു പ്രോഗ്രാം ഇവിടെ സംഘടിപ്പിക്കുന്നത്. ഹയര്‍ സെക്കന്‍ഡറി വിഭാഗം കുട്ടികള്‍ക്ക് പഠനത്തിന്റെ ഒരു പ്രത്യേക ഘട്ടത്തില്‍ പിന്നീട് ഏത് വഴി വേണം, എങ്ങോട്ട് പോകണം എന്ന് തെരഞ്ഞെടുക്കേണ്ടി വരും. അത്തരത്തിലുള്ള ഒരു സാഹചര്യത്തില്‍ ഓരോ കുട്ടിയുടെയും താത്പര്യങ്ങള്‍ക്കും അഭിരുചിക്കുമനുസരിച്ച് അവര്‍ക്ക് അവരുടേതായ രീതിയിലൂടെ കടന്നുപോകാനുള്ള മാര്‍ഗ നിര്‍ദേശം ഈ പ്രോഗ്രാമിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
മന്ത്രി എം. ഷംസുദ്ദീന് അധ്യക്ഷത വഹിച്ചു. മന്ത്രി കെ.എം. ഷാജി ദിശ സ്റ്റാള്‍ ഉദ്ഘാടനം ചെയ്തു. കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസന്റ്് കൗണ്‍സലിംഗ് സെല്‍ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. സി.എം.അസീം പദ്ധതി വിശദീകരിച്ചു. ടി.വി ഇബ്രാഹിം എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാര്‍ ഹാജി, ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍, എംഎസ്പി കമാന്‍ഡന്റ കെ. സലീം, മലപ്പുറം നഗരസഭാ ചെയര്‍പേഴ്സണ്‍ വി. റിന്‍ഷ, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍. പി.കെ. അസ്ലു, മുനിസിപ്പല്‍ വൈസ് ചെയര്മാന് ജിതേഷ് ജി അനില്‍, സീമാറ്റ് ഡയറക്ടര്‍ അരുണ്‍ കുമാര്‍, എച്ച്എസ്ഇ പരീക്ഷ വിഭാഗം ജോയിന്റ് ഡയറക്ടര്‍ ഡോ. കെ. മാണിക്യരാജ്, മലപ്പുറം റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. ജൂഡ് ലൂയിസ്, വിഎച്ച്എസ്സി ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. കെ.വി. മനോജ്, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. അരുണ്‍ കെ. വിജയന്, ഹയര്‍ സെക്കന്‍ഡറി അക്കാദമിക് ജോയിന്റ് ഡയറക്ടര്‍ ഡോ. കെ.കെ. അഷ്റഫ് എന്നിവര്‍ പ്രസംഗിച്ചു.
ദിശ എക്സ്പോ കാലോചിതമായി
പരിഷ്കരിക്കും: മന്ത്രി എന്‍. ഷംസുദ്ദീന്
മലപ്പുറം: ദിശ എക്സ്പോ കാലോചിതമായി പരിഷ്കരിക്കുമെന്ന് മന്ത്രി എന്‍. ഷംസുദ്ദീന്. മലപ്പുറം എംഎസ്പി പരേഡ് ഗ്രൗണ്ടില്‍ ദിശ കരിയര്‍ എക്സ്പോ ഉദ്ഘാടന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സെക്കന്‍ഡറി വിദ്യാഭ്യാസത്തിനും ഉന്നത വിദ്യാഭ്യാസത്തിനുമിടയിലെ സുപ്രധാനമായ ഒരു പാലമാണ് ഹയര്‍ സെക്കന്‍ഡറി.
പത്താം ക്ലാസ് വരെയുള്ള എല്ലാ പഠനങ്ങളും പൂര്‍ത്തിയാക്കി, തങ്ങള്‍ക്ക് ഇഷ്ടപ്പെട്ടതും താത്പര്യമുള്ളതുമായ വിവിധ വിഷയങ്ങള്‍ തിരഞ്ഞെടുക്കുന്ന സുപ്രധാന ഘട്ടമാണിത്. ഇന്നത്തെ കാലഘട്ടത്തില്‍ ഒരുപാട് ഉപരിപഠന സാധ്യതകളും തൊഴില്‍ സാധ്യതകളും ലഭ്യമാണ്. കുട്ടികളുടെ താത്പര്യങ്ങള്‍ക്ക് അനുസൃതമായി തൊഴില്‍ തിരഞ്ഞെടുക്കാനുള്ള മികച്ച അവസരമാണ് ദിശ കരിയര്‍ എക്സ്പോയിലൂടെ ഉണ്ടാകുന്നതെന്നും മന്ത്രി പറഞ്ഞു.
അറിവിന്റെ വാതില്‍ തുറന്ന് ദിശ പ്രദര്‍ശനം
മലപ്പുറം: എംഎസ്പി പരേഡ് ഗ്രൗണ്ടില്‍ തുടങ്ങിയ ദിശ കരിയര്‍ എക്സ്പോ അറിവിന്റെ ലോകം. പഠനകാലത്ത് മാര്‍ക്കിനെയും പഠനം കഴിഞ്ഞാല്‍ ജോലി കിട്ടാവുന്ന കോഴ്സുകളെക്കുറിച്ചും സ്കൂൾ പ്രവേശന കാലം തൊട്ടേ ആശങ്കപ്പെടുന്ന മാതാപിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും പുത്തന്‍ അറിവുകള്‍ പകരുന്നതാണ് എക്സ്പോ.
ഉപരിപഠനം കഠിനമല്ലെന്നും അഭിരുചിക്കും താത്പര്യത്തിന് അനുസരിച്ച് പഠിച്ചാല്‍ കഴിവിനൊത്ത തൊഴില്‍ നേടാമെന്ന് വ്യക്തമാക്കുന്നതാണ് എക്സ്പോ. ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസത്തിനു ശേഷമുള്ള ഉപരിപഠനം, തൊഴില്‍ സാധ്യതയുള്ള കോഴ്സുകള്‍, സ്കോളര്‍ഷിപ്പുകള്‍ തുടങ്ങി അറിവിന്റെ അനന്തസാധ്യതകളിലേക്കുള്ള മാര്ഗദര്ശിയാകുകയാണ് ദിശ ഉന്നത വിദ്യാഭ്യാസ പ്രദര്‍ശനം.
പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസന്റ് കൗണ്‍സലിംഗ് സെല്ലിന്റെ നേതൃത്വത്തില്‍ നടത്തുന്ന പ്രദര്‍ശനം അഞ്ച് ദിവസം നീണ്ടുനില്‍ക്കും.
ഇന്ത്യയിലെ 90 ഓളം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് എക്സ്പോയില്‍ പങ്കെടുക്കുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പ് ഹയര്‍ സെക്കന്‍ഡറി വിഭാഗം വികസിപ്പിച്ച കെഡാറ്റ് അഭിരുചി നിര്‍ണയ പരീക്ഷ എന്തെന്നറിയാനും റജിസ്റ്റര്‍ ചെയ്തവര്‍ക്കു പരീക്ഷയില്‍ പങ്കെടുക്കാനും സൗകര്യമുണ്ട്.
തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട് ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളുടെ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുന്നതിനു കരിയര്‍ സെമിനാറില്അവരമുണ്ട്. വിവിധ മേഖലകളിലെ വിദഗ്ധര്‍ നയിക്കുന്ന സെമിനാറുകളും രാവിലെ 9.30 മുതല്‍ വൈകീട്ട് ആറ് വരെ ഉണ്ടാകും.