പ്രതീകാത്മക ചിത്രം
കോടാലി: മറ്റത്തൂര്‍ പഞ്ചായത്തിലെ മാങ്കുറ്റിപ്പാടത്ത് കഴിഞ്ഞ ദിവസം വളർത്തുനായയെ കൊന്നത് പുലിതന്നെയാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു. പ്രദേശത്ത് സ്ഥാപിച്ച നിരീക്ഷണ കാമറ പരിശോധിച്ചപ്പോൾ പുലിയുടെ ചിത്രം ലഭിച്ചതായി അധികൃതർ പറഞ്ഞു.
കഴിഞ്ഞ 15ന് പുലർച്ചെയാണ് മാങ്കുറ്റിപ്പാടത്ത് വനത്തോടുചേർന്നുള്ള റബർ തോട്ടത്തിനരികെ വളർത്തുനായയെ ചത്തനിലയിൽ കണ്ടത്. സമീപത്തുള്ള സ്ഥലമുടമ കുറ്റിയറ പൗലോസ് തന്റെ കൃഷിയിടത്തിൽ കെട്ടിയിട്ടിരുന്ന നായയെയാണ് കടിച്ചുകൊന്ന് സമീപത്ത റബർ തോട്ടത്തിൽ കൊണ്ടിട്ടത്. നായയുടെ ജഡം കുറേഭാഗം തിന്ന നിലയിലായിരുന്നു സംഭവത്തെ തുടർന്ന് പുലിയുടെ സാന്നിധ്യം സംശയിച്ച വനപാലകർ അന്നുതന്നെ പ്രദേശത്ത് നിരീക്ഷണ കാമറകൾ സ്ഥാപിച്ചു.
തൊട്ടടുത്തദിവസംതന്നെ കാമറയിൽ പുലിയുടെ ദൃശ്യം പതിഞ്ഞതായാണ് വനപാലകർ പറയുന്നത്. എന്നാൽ തുടർന്ന് നാലഞ്ചുദിവസങ്ങളോളം തുടർച്ചയായി കാമറ പരിശോധിച്ചിട്ടും പുലിയുടെ സാന്നിധ്യം വീണ്ടും കാണാനായില്ല.
ഇതിൽനിന്ന് പുലി മറ്റൊരു പ്രദേശത്തേക്ക് പോയിക്കാണുമെന്ന നിഗമനത്തിലാണ് അധികൃതർ. അതിനിടെ നാലുദിവസംമുമ്പ് മൂന്നുമുറിക്കടുത്ത് ചേലക്കാട്ടുകരയിൽ റോഡു മുറിച്ചുകടക്കുന്ന പുലിയെ കണ്ടതായി പ്രദേശവാസി പറഞ്ഞിരുന്നു. മാങ്കുറ്റിപ്പാടത്തുനിന്ന് വളർത്തുനായ്ക്കൾ അപ്രത്യക്ഷമാകുന്നതായും നാട്ടുകാർ പറയുന്നുണ്ട്.
പുലിയുടെ സാന്നിധ്യം ഉറപ്പിച്ചതോടെ പ്രദേശവാസികൾ ഭീതിയിലാണ്. മേഖലയിലെ റബർ തോട്ടങ്ങളിൽ ജോലി ചെയ്യുന്ന ടാപ്പിംഗ് തൊഴിലാളികൾ ഭയപ്പാടോടെയാണ് പുലർച്ചെ ജോലിക്കെത്തുന്നത്.
Tags : NattuVishesham DistrictNews