പള്ളിനടയിൽ അടിപ്പാതയും ഫുട് ഓവർ ബ്രിഡ്ജും നിർമിക്കുന്നതിനുള്ള സാധ്യതകൾ ഉദ്യോഗസ്ഥ സംയുക്തസമിതി പരിശോധിക്കുന്നു.
കയ്പമംഗലം: ദേശീയപാത 66ൽ ശ്രീനാരായണപുരം പള്ളിനടയിൽ അടിപ്പാതയും ഫുട് ഓവർ ബ്രിഡ്ജും നിർമിക്കുന്നതിനുള്ള സാധ്യതകൾ പഠിക്കുന്നതിനായി ഉദ്യോഗസ്ഥ സംയുക്തസമിതി പള്ളിനടയിലെത്തി സ്ഥലം പരിശോധിച്ചു.
കെ.കെ. വത്സരാജ് എംഎൽഎയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ദേശീയപാതയുടെ നിലവിലെ രൂപകൽപ്പന, വാഹനങ്ങളുടെ ഗതാഗതം, കാൽനടയാത്രക്കാരുടെ സുരക്ഷ, സമീപപ്രദേശങ്ങളിലെ ജനങ്ങളുടെ യാത്രാസൗകര്യം, പള്ളിനടയിലെ ഗതാഗതത്തിരക്ക് തുടങ്ങിയ കാര്യങ്ങൾ ഉദ്യോഗസ്ഥസംഘം പരിശോധിച്ചു. അടിപ്പാതയും ഫുട് ഓവർ ബ്രിഡ്ജും നിർമിക്കുന്നതിനുള്ള സാങ്കേതികവും പ്രായോഗികവുമായ സാധ്യതകൾ സംബന്ധിച്ചും പരിശോധനനടത്തി. സ്ഥലം സന്ദർശിച്ചശേഷം എംഎൽഎയുടെ അധ്യക്ഷതയിൽ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സമരസമിതി ഭാരവാഹികളുടെയും യോഗം ചേർന്നു. പള്ളിനടയിൽ സുരക്ഷിതമായ ഗതാഗതസംവിധാനമൊരുക്കേണ്ടതിന്റെ ആവശ്യകത യോഗത്തിൽ ചർച്ചചെയ്തു. അടിപ്പാതയുടെയും ഫുട് ഓവർ ബ്രിഡ്ജിന്റെയും നിർമാണസാധ്യതകൾ പരിശോധിക്കുന്നതിനൊപ്പം മറ്റ് മാർഗങ്ങളും പഠനവിധേയമാക്കും. വിശദമായ റിപ്പോർട്ട് പ്രൊജക്ട് ഡയറക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ എൻഎച്ച്എഐക്ക് സമർപ്പിക്കും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുന്നതിനുള്ള സാധ്യതകളും പരിശോധിക്കും.
പള്ളിനടയിൽ അടിപ്പാത അനുവദിക്കണമെന്നാവശ്യപ്പെട്ട് സമരസമിതി നടത്തുന്ന സമരം 68 ദിവസം പിന്നിട്ടു. ദേശീയപാത 66 യാഥാർഥ്യമായതോടെ പ്രദേശവാസികളും കാൽനടയാത്രക്കാരും നേരിടുന്ന യാത്രാപ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം വേണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തിലാണ് സംയുക്ത പരിശോധന നടന്നത്. എൻഎച്ച്എഐ പ്രൊജക്ട് ഡയറക്ടർ പ്രവീൺകുമാർ, ശിവാലയ കോൺട്രാക്ടിംഗ് കമ്പനി വൈസ് പ്രസിഡന്റ് ഈശ്വർ സിംഗ്, എൻഎച്ച്എഐ റെസിഡൻഷ്യൽ എൻജിനീയർമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രമേഷ് ബാബു, ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഷാജി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എൻ. സതീഷ്കുമാർ, പള്ളിനട അടിപ്പാത സമരസമിതി ഭാരവാഹികൾ എന്നിവവരും സംയുക്ത പരിശോധന പരിശോധനയിൽ പങ്കെടുത്തു.
Tags : NattuVishesham DistrictNews