നിർമാണംപൂർത്തിയായിട്ടും അടഞ്ഞുകിടക്കുന്ന ചിറങ്ങര ജനകീയാരോഗ്യകേന്ദ്രം.
കൊരട്ടി: പഴയ കെട്ടിടം ജീർണാവസ്ഥയിലായതിനെ തുടർന്ന് ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിർമിച്ചിട്ടും ചിറങ്ങര ജനകീയാരോഗ്യ കേന്ദ്രം പ്രവർത്തിപ്പിക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. നിർമാണം പൂർത്തിയാക്കി ഒൻപതുമാസം പിന്നിട്ടിട്ടും ആരോഗ്യകേന്ദ്രം പ്രവർത്തനസജ്ജമാക്കാൻ അധികൃതർ നടപടി സ്വീകരിക്കാത്തതാണ് ജനരോഷത്തിന് ഇടയാക്കുന്നത്.
68 വർഷം പഴക്കമുള്ള ആരോഗ്യകേന്ദ്രത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന ആവശ്യം ശക്തമായതോടെയാണ് കേന്ദ്ര സർക്കാരിന്റെ ഹെൽത്ത് ഗ്രാന്റിൽനിന്ന് 55.50 ലക്ഷം രൂപ വിനിയോഗിച്ച് പുതിയ കെട്ടിടം നിർമിക്കാൻ തീരുമാനിച്ചത്. 2025 ജനുവരിയിൽ ശിലാസ്ഥാപനം നടത്തിയ കെട്ടിടത്തിന്റെ നിർമാണം മാസങ്ങൾക്കുമുമ്പേ പൂർത്തിയായെങ്കിലും ഉദ്ഘാടനവും പ്രവർത്തനാരംഭവും ഇനിയും യാഥാർഥ്യമായിട്ടില്ല.പ്രദേശവാസിയായ ദിലീപ് 30 സെന്റ് സ്ഥലം പഞ്ചായത്തിന് സൗജന്യമായി വിട്ടുനൽകിയതിലാണ് പുതിയ കെട്ടിടം യാഥാർഥ്യമായത്.ഡോക്ടറുടെ മുറി, ഫാർമസി, ലാബ്, രണ്ട് ശുചിമുറികൾ, ഹാൾ തുടങ്ങിയ സൗകര്യങ്ങൾ താഴത്തെ നിലയിലും ഹാൾ, മുറി, അടുക്കള, ശുചിമുറി തുടങ്ങിയ സൗകര്യങ്ങൾ ഒന്നാം നിലയിലുമുണ്ട്. കിണറും ഒരുക്കിയിട്ടുണ്ട്. മുൻ ഗ്രാമപഞ്ചായത്ത് അംഗം വർഗീസ് പയ്യപ്പിള്ളി നടത്തിയ ഇടപെടലുകളാണ് പുതിയ കെട്ടിടം യാഥാർഥ്യമാകാൻ വഴിയൊരുക്കിയത്.
ചിറങ്ങര, പൊങ്ങം, മംഗലശേരി, ചെറ്റാരിക്കൽ, വഴിച്ചാൽ വാർഡുകളിലെ സാധാരണക്കാർക്ക് ഏറെ ആശ്രയമാകുന്ന ആരോഗ്യകേന്ദ്രമാണിത്. കെട്ടിടം അടിയന്തരമായി പ്രവർത്തനസജ്ജമാക്കി സാധാരണക്കാർക്ക് ചികിത്സാസൗകര്യം ലഭ്യമാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
Tags : NattuVishesham DistrictNews