പ്രതീകാത്മക ചിത്രം
കോട്ടയം: ജില്ലയിലെ സ്വകാര്യ ബസുകള് ഇന്നു സര്വീസ് നിര്ത്തിവച്ചു പ്രതിഷേധിക്കും. പ്രിയദര്ശിനി പദ്ധതിയില്പ്പെടുത്തി കെഎസ്ആര്ടിസി ഓര്ഡിനറി ബസുകളില് സ്ത്രീകള്ക്കു സൗജന്യ യാത്ര അനുവദിച്ചതോടെ സ്വകാര്യ ബസ് വ്യവസായം കടുത്ത പ്രതിസന്ധിയിലായതോടെയാണ് ബസുടമകള് പ്രതിഷേധിക്കുന്നത്.
പദ്ധതി നടപ്പാക്കിയതോടെ കേരളത്തിലെ 12,000 സ്വകാര്യ ബസുകളില് 8000ത്തിലധികം ബസുകൾ വലിയ നഷ്ടം സഹിച്ചാണു കഴിഞ്ഞ 15 മുതല് സര്വീസ് നടത്തുന്നത്. പ്രതിദിനം 1000 രൂപമുതല് 4000 രൂപവരെയാണ് മിക്ക ബസുകളുടെയും വരുമാന നഷ്ടം. പലയിടത്തും നിവൃത്തിയില്ലാതെ ബസുകള് സര്വീസ് നിര്ത്തുകയാണ്.
നിരവധി തൊഴിലാളികളുടെ ജോലി നഷ്ടപ്പെടുകയും മറ്റു പലര്ക്കും വേതനം കുറയുകയും ചെയ്യുന്ന അവസ്ഥയാണിപ്പോള്. ലക്ഷക്കണക്കിനു മുതല്മുടക്കുള്ള ബസുകളുടെ വായ്പാത്തവണകള് അടയ്ക്കാനോ ദൈനംദിന ജോലികള് തീര്ക്കുന്നതിനോ ഉടമകള്ക്കു കഴിയുന്നില്ല.
റോഡ് നികുതി പകുതിയാക്കിയത് സ്വാഗതാര്ഹമാണെങ്കിലും നേരിടുന്ന തകര്ച്ചയ്ക്ക് ഇതു പരിഹാരമാകുന്നില്ല. സൗജന്യയാത്ര പദ്ധതി ആരംഭിക്കുന്നതിനു മുന്പ് സംസ്ഥാനത്തെ പൊതുഗതാഗതമേഖലയിലെ 70 ശതമാനത്തിലധികം വരുന്ന സ്വകാര്യമേഖലയുമായി ഒരു ചര്ച്ചയ്ക്കോ വിശദമായ പഠനത്തിനോ സര്ക്കാര് തയാറായില്ല.
സൗജന്യയാത്രാ പദ്ധതി ആരംഭിച്ച് മൂന്നാഴ്ച പിന്നിടുമ്പോഴും പ്രതിസന്ധിക്ക് അയവു വരുത്താനുള്ള യാതൊരു നടപടിയും സര്ക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടാകുന്നില്ലെന്നാണ് ബസുടമകള് പറയുന്നത്.
ഈ അവസ്ഥയില് പ്രിയദര്ശിനി പദ്ധതി കൂടുതല് ബാധിക്കുന്ന കോട്ടയം, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിലെ ബസുകള് ഇന്നു സര്വീസ് നിര്ത്തിവച്ചു ബസുടമകളും ജീവനക്കാരും കളക്ടറേറ്റുകളിലേക്കു മാര്ച്ചും ധര്ണയും നടത്തും.
രാവിലെ 10.30 ന് നാഗമ്പടം മുനിസിപ്പല് ബസ് സ്റ്റാൻഡില്നിന്നും ആരംഭിക്കുന്ന മാര്ച്ച് കളക്ടറേറ്റ് പടിക്കല് എത്തി ധര്ണ ആരംഭിക്കും. ധര്ണ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് കെ.കെ. തോമസ് ഉദ്ഘാടനം ചെയ്യും. ട്രേഡ് യൂണിയന് നേതാക്കളായ പി.ജെ. വര്ഗീസ് (സിഐടിയു), കെ.എന്. മോഹനന് (ബിഎംഎസ്), സാബു കാരയ്ക്കല് (കെടിയുസി-എം) തുടങ്ങിയവര് പ്രസംഗിക്കും.
Tags : bus strike Nattuvishesham District news