പുനലൂർ താലൂക്ക് ആശുപത്രി
പുനലൂർ: 24 മണിക്കൂർ സ്പെഷ്യാലിറ്റി നടപ്പാക്കി പൂർണസമയം സ്പെഷ്യലിസ്റ്റുകളുടെ സേവനം ലഭ്യമായതോടെ പുനലൂർ താലൂക്ക് ആശുപത്രിയിൽ നിന്ന് മറ്റ് ആശുപത്രികളിലേക്കുള്ള റഫറൽ 33 ശതമാനം കുറഞ്ഞു. നേരത്തെ 15 പേരെ വരെ റഫർ ചെയ്തിരുന്നിടത്ത് ഇപ്പോൾ പ്രതിദിനം ശരാശരി പത്തുപേരെ മാത്രമാണ് റഫർ ചെയ്യുന്നത്.
നേരത്തെ ഉച്ചയ്ക്ക് ഒപി അവസാനിക്കുന്നതോടെ വലിയൊരു വിഭാഗം സ്പെഷ്യലിസ്റ്റുകളുടെയും സേവനം അവസാനിക്കുമായിരുന്നു. അതുകൊണ്ട് ഉച്ചയ്ക്ക് ശേഷവും രാത്രിയിലും സങ്കീർണാവസ്ഥയിൽ എത്തുന്ന രോഗികളെ റഫർ ചെയ്ത് തലയൂരുന്ന സ്ഥിതിയായിരുന്നു ആശുപത്രിയിലുണ്ടായിരുന്നത്. ന്യൂറോ സർജൻ, ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ്, ഗ്യാസ്ട്രോ എൻഡ്രോളജിസ്റ്റ് എന്നിവർ പരിശോധിക്കേണ്ട കേസുകളാണ് ഇപ്പോൾ പ്രധാനമായും റഫർ ചെയ്യുന്നത്.
ഗൈനക്കോളജി, പീഡിയാട്രിക്സ്, ഓർത്തോപീഡിക്സ്, ജനറൽ മെഡിസിൻ വിഭാഗങ്ങളിലെ റഫറലാണ് കുറഞ്ഞത്. പരിഷ്കാരം പാവപ്പെട്ടവർക്കും സാധാരണക്കാർക്കും കൂടുതൽ ഗുണകരമായി. കൊല്ലം ജില്ലാ ആശുപത്രിയിലും വിക്ടോറിയയിലും 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം നടപ്പാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.