ചീരാല്‍-കല്ലുമുക്ക്-കൊഴുവണ റോഡ് തകര്‍ന്ന നിലയില്‍.
സുല്‍ത്താന്‍ ബത്തേരി: വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുന്ന ചീരാല്‍-കല്ലുമുക്ക്-കൊഴുവണ റോഡ് നന്നാക്കാന്‍ നടപടിയില്ലാത്തതില്‍ നാട്ടുകാര്‍ക്ക് പ്രതിഷേധം.ഫണ്ട് അനുവദിച്ചതായി പലതവണ പ്രഖ്യാപനങ്ങളുണ്ടായെങ്കിലും റോഡ് ഗതാഗതയോഗ്യമാക്കാന്‍ ഇതുവരെ നടപടിയുണ്ടായില്ലെന്നാണ് നാട്ടുകാരുടെ പരാതി. നെന്മേനി പഞ്ചായത്തിലൂടെ കടന്നുപോകുന്ന റോഡില്‍ ചീരാല്‍ മുതല്‍ ഒരു കിലോമീറ്ററോളം ഭാഗം ജില്ലാ പഞ്ചായത്തിന്റെ അധീനതയിലാണ്.
ശേഷിക്കുന്ന ഭാഗം പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് നവീകരിക്കണമെന്ന നാട്ടുകാരുടെ ആവശ്യവും ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല. ചീരാല്‍, ചുള്ളിയോട്, അമ്പലവയല്‍, സുല്‍ത്താന്‍ ബത്തേരി മേഖലകളിലേക്കും തമിഴ്നാട്ടിലെ ഗൂഡല്ലൂരിലേക്കുമടക്കം നിരവധി വാഹനങ്ങള്‍ ആശ്രയിക്കുന്ന പ്രധാന റോഡാണിത്. റോഡ് തകര്‍ന്നതോടെ യാത്രക്കാര്‍ക്കും പ്രദേശവാസികള്‍ക്കും ഏറെ ദുരിതമാണ് അനുഭവിക്കേണ്ടിവരുന്നത്.
നിരന്തരമായ ആവശ്യങ്ങള്‍ക്കു നേരേ അധികൃതരുടെ അവഗണന തുടര്‍ന്നതോടെയാണ് കഴിഞ്ഞവര്‍ഷം നാട്ടുകാര്‍ ജനകീയ കര്‍മസമിതിക്ക് രൂപം നല്‍കിയത്. ഇതേത്തുടര്‍ന്ന് എംഎല്‍എ പത്തുലക്ഷം രൂപയും ജില്ലാ പഞ്ചായത്തംഗം പത്തുലക്ഷം രൂപയും അനുവദിച്ചതായി അറിയിച്ചെങ്കിലും പ്രവൃത്തി ആരംഭിച്ചില്ല.
പിന്നീട് വീണ്ടും ഫണ്ട് അനുവദിച്ചതായി പറയുന്നുണ്ടെങ്കിലും ടെന്‍ഡര്‍ നടപടികള്‍ പോലും പൂര്‍ത്തിയായിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. റോഡ് നവീകരണത്തെച്ചൊല്ലി രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള വാദപ്രതിവാദങ്ങള്‍ മുറുകുമ്പോഴും അടിസ്ഥാന പ്രശ്നത്തിന് പരിഹാരമാകുന്നില്ല. അനുവദിച്ച ഫണ്ട് ഉപയോഗിച്ച് എത്രയും വേഗം നിര്‍മാണപ്രവൃത്തി ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags :